ADVERTISEMENT

കോവിഡ് വൈറസ് വ്യാപനത്തിന്റെ പ്രതിസന്ധിയും ആശയക്കുഴപ്പവും ഏറ്റവുമധികം നേരിടേണ്ടി വരുന്നത് വിദ്യാര്‍ഥികളാണ്. കോഴ്‌സിനെ കുറിച്ചും പ്രോജക്ട്, ഇന്റേണ്‍ഷിപ്പ് തുടങ്ങിയവയെ കുറിച്ചെല്ലാം ആശങ്കയിലാണ് അവര്‍. സ്ഥാപനങ്ങള്‍ എന്നു തുറക്കുമെന്നോ പരീക്ഷകള്‍ എങ്ങനെ നടക്കുമെന്നോ പോലും നിശ്ചയമില്ലാത്ത അവസ്ഥ. ഇതിനിടയിലാണ് സാമ്പത്തിക പ്രതിസന്ധിയും. കോഴ്‌സു കഴിഞ്ഞാല്‍ തന്നെ ജോലി ലഭിക്കാനുളള സാധ്യത വിരളമാണ്. ഈ സാഹചര്യത്തില്‍ വലിയ തുക ബാങ്ക് വായ്പയെടുത്ത് പഠിക്കുന്ന കുട്ടികള്‍ എന്തു ചെയ്യും? ഭാരിച്ച ബാങ്ക് വായ്പയുടെ ബാധ്യത ഒരു വശത്ത്. അനിശ്ചിതത്വത്തിലായ പഠനം മറുവശത്ത്. ഇനി തൊഴില്‍ സാഹചര്യങ്ങളിലെ പ്രതികൂലമായ മാറ്റം അതിജീവിച്ച് വായ്പകള്‍ എങ്ങനെ തിരിച്ചടയ്ക്കും. അവസന വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. ബാങ്കുകളാകട്ടെ പ്രതിസന്ധിയാണെങ്കിലും ഇക്കാലത്ത്് പലിശ ഈടാക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ എടുത്ത വിദ്യാഭ്യാസ വായ്പകളെ എങ്ങനെ ബാധ്യത കുറഞ്ഞ രീതിയില്‍ കൈകാര്യം ചെയ്യാമെന്നറിയുക.

തിരിച്ചടയ്ക്കാനാവുന്നില്ലേ, ബാങ്കുകളെ സമീപിക്കാം

ഉടനെങ്ങും വായ്പ തിരിച്ചടവിനുള്ള സാഹചര്യം കാണുന്നില്ലെങ്കില്‍ ബാങ്കുകളെ സമീപിച്ച്് വായ്പ ക്രമീകരിക്കുന്നതിനെ കുറിച്ച് സംസാരിക്കാവുന്നതാണ്. പല ബാങ്കുകളും ഇത് അനുവദിക്കാറുണ്ട്. പക്ഷെ വായ്പ എടുത്തിട്ടുള്ളവരുടെ (മാതാപിതാക്കള്‍) ക്രെഡിറ്റ് സ്‌കോര്‍ തിരിച്ചടവ് ശേഷി അടക്കമുള്ള കാര്യങ്ങള്‍ ബാങ്കുകള്‍ ഇവിടെ പരിഗണിക്കാറുണ്ട്. അങ്ങനെയാണെങ്കില്‍ തിരിച്ചടവ് കാലാവധി കൂട്ടുക, തുടക്കത്തില്‍ കുറഞ്ഞ ഇ എം ഐ അടയ്ക്കാവുന്ന വിധം തിരിച്ചടവ് പുനഃക്രമീകരിക്കുക എന്നിവ ചെയ്യാവുന്നതാണ്.

പലിശ കുറഞ്ഞാലോ

പലിശ നിരക്ക് കുറഞ്ഞ മറ്റൊരു ബാങ്കിലേക്ക് വായ്പ മാറ്റാവുന്ന സംവിധാനമുണ്ട്. ഇത് ഇ എം ഐ യില്‍ കുറവ് വരുത്തും. പക്ഷെ തിരിച്ചടവ് മുടങ്ങുമെന്ന ആശങ്ക നിഴലിക്കുമ്പോള്‍ വായ്പകള്‍ ഏറ്റെടുക്കാന്‍ ബാങ്കുകള്‍ വിസമ്മതിക്കും. എന്നാല്‍ പ്രീ ക്ലോഷര്‍ ചാര്‍ജടക്കം ചില തുക നിലവില്‍ വായ്പയുള്ള ബാങ്കുകള്‍ ഈടാക്കും. ഇങ്ങനെ ആലോചിക്കുന്നുവെങ്കില്‍ ബാങ്ക് ഈടാക്കുന്ന ചാര്‍ജും പലിശയിലെ വ്യത്യാസവും കണക്കാക്കി ആദായകരമാണെന്നുറപ്പു വരുത്തിയിട്ട് വേണം ഇത് ചെയ്യാന്‍.

ഗ്യാരണ്ടി നല്‍കുക

അറ്റകൈ പ്രയോഗമെന്ന നിലയില്‍ സ്വീകരിക്കാവുന്ന നടപടിയാണിത്. സഹായിക്കുമെന്ന് ഉറപ്പുള്ള കുടുംബാംഗങ്ങളോട് സംസാരിക്കുക. സാധാരണ നിലയില്‍ നാല് ലക്ഷം രൂപയില്‍ അധിമുള്ള വായ്പയാണെങ്കില്‍ ഗ്യാരണ്ടര്‍ വേണം ബാങ്കുകള്‍ക്ക്. വായ്പ എടുത്ത ആള്‍ അടവില്‍ വീഴ്ച വരുത്തിയാല്‍ ബാധ്യത ഗ്യാരണ്ടര്‍ക്കായിരിക്കും. കുടുംബവുമായി ഏറെ അടുത്ത ബന്ധം പുലര്‍ത്തുന്ന ആര്‍ക്കെങ്കിലും ഭവന വായ്പ ഉണ്ടോ എന്ന്് തിരക്കുക. എന്നിട്ട് ആ വായ്പ ടോപ് അപ് ചെയ്യിച്ച് വിദ്യാഭ്യാസ വായ്പയിലെ കുടിശിക തീര്‍ക്കുക. ഇവിടെ രണ്ട് വിധത്തിലാണ് നേട്ടം. ഒന്ന് ഭവന വായ്പയുടെ പലിശ നിരക്ക് കുറവാണ്. നിലവില്‍ പരമാവധി 7.5 ശതമാനത്തിന് ഇത് ലഭിക്കും. മറ്റൊന്ന് തിരിച്ചടവ് കാലാവധി കൂടുതല്‍ കിട്ടും. പക്ഷെ ഇതിന് കൂടുംബാംഗങ്ങള്‍ സഹകരിക്കേണ്ടതുണ്ട്. ഇതിന് മുതിരുന്ന വിദ്യാര്‍ഥി എന്തു ത്യാഗം സഹിച്ചും ഇത് തിരിച്ചടയ്ക്കാന്‍ സന്നദ്ധനുമായിരിക്കണം. അല്ലെങ്കില്‍ വലിയ പുലിവാലാകും.

മോറട്ടോറിയം

വിദ്യാഭ്യാസ വായ്പകള്‍ക്ക് പലിശ നിരക്ക് താരതമ്യേന കൂടുതലാണ്. പല കോഴ്‌സുകളും അവസാനിച്ച് ആറ് മാസം കഴിഞ്ഞ് തിരിച്ചടവ് തുടങ്ങിയാല്‍ മതിയാകും. പക്ഷെ ഇക്കാലയളവില്‍ പലിശ മുതലിലേക്ക് കൂടിക്കൊണ്ടിരിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആര്‍ ബി ഐ വായ്പകള്‍ക്ക് ആറ് മാസത്തെ മൊറട്ടോറിയം അനുവദിച്ചിട്ടുണ്ട്. പക്ഷെ ഈ കാലത്തെ പലിശ ബാങ്കുകള്‍ ഈടാക്കുമെന്നോർക്കുക.

English Summery: Try These Things to Repay Education Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com