ADVERTISEMENT

പല സ്ഥാപനങ്ങളും ക്രെഡിറ്റ് കാര്‍ഡിലൂടെയുള്ള സാമ്പത്തിക ഇടപാടുകളാണ് ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ അപേക്ഷിക്കുന്നവര്‍ക്കെല്ലാം ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കണമെന്നില്ല. വേണ്ടത്ര ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാത്തവര്‍ക്കും മതിയായ വരുമാനമില്ലത്തവര്‍ക്കും കാര്‍ഡുകള്‍ അനുവദിക്കാറില്ല. ഇതിന് കാരണമുണ്ട്. ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ചിലവിന് പണം മുന്‍കൂറായി ഇടപാടുകാരന് നല്‍കുകയാണ്. ഒരു ഗ്യാരണ്ടിയുമില്ലാതെ. റിസ്‌ക് കൂടുതലായതുകൊണ്ടാണ് വരുമാനവും ക്രെഡിറ്റ് സ്‌കോറുമെല്ലാം കാര്‍ഡ് നല്‍കുന്നതിന് മുമ്പ് ബാങ്കുകള്‍ ഉറപ്പാക്കുന്നത്. അതായത് കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുള്ള ആള്‍ക്കോ മതിയായ വരുമാനമില്ലാത്തവര്‍ക്കോ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കില്ല. ഇത്തരക്കാര്‍ക്കുള്ള മറ്റൊരു സാധ്യതയാണ് സ്ഥിര നിക്ഷേപം. ഇങ്ങനെ ക്രെഡിറ്റ് കാര്‍ഡ് അപേക്ഷകള്‍ നിരസിക്കപ്പെടാന്‍ സാധ്യതയുളളവര്‍ക്ക് സ്വന്തം പേലിലുള്ള സ്ഥിര നിക്ഷേപം പരിഗണിച്ച് ക്രെഡിറ്റ് കാര്‍ഡ് നല്‍കും.

സ്ഥിരനിക്ഷേപവും ക്രെഡിറ്റ് കാര്‍ഡും

എസ് ബി ഐ, ബി ഒ ബി, ആക്‌സിസ് ബാങ്ക് എന്നിവയടക്കമുള്ള ഏതാണ്ടെല്ലാ ബാങ്കുകളും സ്ഥിര നിക്ഷേപത്തെ ആധാരമാക്കി ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നുണ്ട്. ഈ നിക്ഷേപം ഗ്യാരണ്ടിയാക്കി മാറ്റിയാണ് ഇത്തരക്കാര്‍ക്ക് കാര്‍ഡ് നല്‍കുന്നത്. പല ബാങ്കുകളും 15,000 രൂപ മുതലുള്ള നിക്ഷേപങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കുന്നുണ്ട്.

വായ്പ പരിധി

ഇത്തരം കാര്‍ഡുകളിലെ വായ്പ പരിധി ഒരോ ബാങ്കുകള്‍ക്കും വ്യത്യസ്തമാണ്. സാധാരണ നിലയില്‍ ഇത് നിക്ഷേപത്തുകയുടെ 80 മുതല്‍ 90 ശതമാനം വരെ വരും. ഉദാഹരണത്തിന് 20,000 രൂപയാണ് നിക്ഷേപമെങ്കില്‍ 16,000 വരെ ചെലവാക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. ഏതു ബാങ്കിലാണോ നിക്ഷേപമുള്ളത് അവിടെ നിന്ന് മാത്രമേ കാര്‍ഡ് ലഭിക്കൂ. ഒന്നിലധികം നിക്ഷേപങ്ങളുണ്ടെങ്കില്‍ ഇവ കൂട്ടിചേര്‍ത്ത തുകയാകും ക്രെഡിറ്റ് ലിമിറ്റായി പരിഗണിക്കുക.

സ്ഥിര നിക്ഷേപം പിന്‍വലിക്കാമോ?

ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ ഇവിടെ നിക്ഷേപം എന്ത് അടിയന്തര സാഹചര്യത്തിലും പിന്‍വലിക്കാനാവില്ല. കാരണം അടവ് മുടങ്ങിയാല്‍ സ്വാഭാവികമായും ബാങ്ക് പണമെടുക്കുന്നത് നിക്ഷേപത്തില്‍ നിന്നായിരിക്കും. ക്രെഡിറ്റ് കാര്‍ഡിലെ വായ്പയ്ക്ക് മുതലും പലിശയും എടുക്കേണ്ടതിനാല്‍ ബാങ്ക് സ്ഥിരനിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കില്ല.

പലിശ

സാധാരണ ക്രെഡിറ്റ് കാര്‍ഡുകളേക്കാളും ചുരുങ്ങിയ പലിശയാണ് ഇതിന് ഈടാക്കുക. പല ബാങ്കുകളും സാധാരണ ക്രെഡിറ്റ് കാര്‍ഡ് വായ്പയ്ക്ക് 36 ശതമാനം മുതല്‍ വാര്‍ഷിക  പലിശ ഈടാക്കുമ്പോള്‍ ഇവിടെ 24 ശതമാനം മുതലാണ് പലിശ. മറ്റ് കാര്‍ഡുകള്‍ക്ക് ഈടാക്കുന്ന ഫീസുകളും ഇത്തരം കാര്‍ഡുകളില്‍ ഉണ്ടാകില്ല. സാധാരണ കാര്‍ഡുകള്‍ക്ക് 500 രുപ മുതല്‍ മുകളിലേക്ക് ചാര്‍ജ് ഈടാക്കാറുണ്ട്.

സ്ഥിരവരുമാനമില്ലാത്തവര്‍, വരുമാനത്തില്‍ അസ്ഥിരതയുള്ളവര്‍, വരുമാനത്തിന് കൃത്യമായ രേഖകളില്ലാത്തവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഇടയ്ക്കിടെ ജോലി മാറുന്നവര്‍ ഇങ്ങനെ അസംഘടിത മേഖലകളില്‍ പെട്ടവര്‍ക്ക് അത്യാവശ്യത്തിന് ഉപയോഗിക്കാന്‍ ഇത് നല്ലതാണ്.

English Summary : You Can Use This Card instead of Credit Card

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com