ADVERTISEMENT

കോവിഡ് കാലത്ത് ഓണ്‍ലൈനിൽ പെരുകുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്ക് തടയിടാന്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ക്കശമാക്കുകയാണ് വിവിധ ബാങ്കുകള്‍. അക്കൗണ്ടുടമകള്‍ അധികവും വീടുകളിലിരുന്ന് സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ തട്ടിപ്പിന് സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ മുന്‍നിര ബാങ്കായ എസ് ബി ഐ ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതല്‍ എടിഎം വഴി പണം പിന്‍വലിക്കുന്നതിന് അധിക സുരക്ഷ ഏര്‍പ്പെടുത്തി. ഇതനുസരിച്ച് 10,000 രൂപയില്‍ കൂടുതല്‍ തുക എ ടി എം വഴി പിന്‍വലിക്കണമെങ്കില്‍ റജിസ്‌ട്രേഡ് മൊബൈലില്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ എടിഎം മെഷീനില്‍ എന്റര്‍ ചെയ്ത് നല്‍കണം.

നേരത്തെ ഈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ഇത് രാത്രിയുള്ള എടിഎം ഇടപാടിന് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അനധികൃത ഇടപാടുകള്‍ കൂടുതലും ആളനക്കമില്ലാത്ത സമയത്താണ് എന്നതിനാലാണ് ഇങ്ങനെ ചെയ്തിരുന്നത്. എന്നാല്‍ പുതിയ അറിയിപ്പോടെ ഇത് രാജ്യത്താകെ 24 മണിക്കൂറും ബാധകമാക്കി. അതായത് ഇനി എസ് ബി ഐ എടിഎം സന്ദര്‍ശിക്കുന്നുവെങ്കില്‍ ഇക്കാര്യങ്ങള്‍ ഉറപ്പ് വരുത്തണം.

ഫോണില്‍ ബാറ്ററി ചാര്‍ജ് ഉറപ്പാക്കണം

അടുത്ത തവണ എടിഎം സന്ദര്‍ശിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ കയ്യില്‍ തന്നെയുണ്ടെന്ന് ഉറപ്പ് വരുത്തണം. കാറിലാണെങ്കില്‍ പോലും എടിഎമ്മിലേക്ക് കയറുമ്പോള്‍ ഫോണും കൈയ്യിലുണ്ടായിരിക്കണം. സ്മാര്‍ട്ട് ഫോണുകളില്‍ ബാറ്ററി ചാര്‍ജ് ഇടയ്ക്കിടെ തീരുന്നത് വലിയ പ്രശ്‌നമാണ്. അത്യാവശ്യത്തിന് പണമെടുക്കാന്‍ ക്യൂ നിന്ന് എടിഎമ്മിലെത്തുമ്പോള്‍ ഫോണില്‍ ബാറ്ററി ചാര്‍ജ് തീര്‍ന്നെങ്കില്‍ കാര്യം നടക്കില്ല. അതുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഫോണുമായിട്ട് വേണം എടിഎം സന്ദര്‍ശിക്കാന്‍.

എല്ലാ എടിഎമ്മുകളിലും ബാധകമാണോ?

നിലവില്‍ എസ് ബി ഐ എടിഎമ്മുകളില്‍ മാത്രമാണ് 24 മണിക്കൂര്‍ ഒടിപി സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എസ് ബി ഐ കാര്‍ഡുമായി മറ്റ് ബാങ്കുകളുടെ എടിഎം മെഷീനുകളില്‍ നിന്ന് പണമെടുക്കണമെങ്കില്‍ ഒടിപി ബാധകമല്ല.

നിങ്ങള്‍ ചെയ്യേണ്ടത്

മെഷിനില്‍ ആവശ്യത്തിനുള്ള തുക ടൈപ്പ് ചെയ്ത് നല്‍കുന്നതോടെ പുതിയ ഒടിപി സ്‌ക്രീന്‍ തെളിയും. ഇവിടെ ഫോണില്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ എന്റര്‍ ചെയ്യുക. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറിലാകും ഒടിപി വരിക. ഒടിപി എന്റര്‍ ചെയ്യുന്നതോടെ പണം ലഭ്യമാകും. 

English Summary : Need OTP For ATM Transaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com