ADVERTISEMENT

സേവിങ്സ് അക്കൗണ്ടില്‍ ബാക്കി കിടക്കുന്ന തുക അടിയന്തരഘട്ടങ്ങളിൽ ഒരു താങ്ങാണ്. അതിനൊപ്പം വരുമാനം കൂടുതൽ കിട്ടിയാൽ എത്ര നല്ലത് എന്ന് ചിന്തിച്ചിട്ടില്ലേ? ശമ്പളമായും മറ്റ് വരുമാനങ്ങളായും സേവിംഗ്‌സ് അക്കൗണ്ടുകളിലേക്കെത്തുന്ന പണം മുഴുവന്‍ പലപ്പോഴും നമ്മള്‍ ഉപയോഗപ്പെടുത്താറില്ല. മിനിമം ബാലന്‍സ് എന്ന നിബന്ധനയുള്ളത് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപം അനിവാര്യമാക്കുന്നുണ്ട്. കൂടാതെ മാസാമാസം ഉപയോഗമില്ലാത്ത പണവും അപ്രതീക്ഷിത വരുമാനമായ ബോണസ്, കാലാവധിയെത്തിയ എല്‍ ഐ സി തുക, മ്യൂച്ച്വല്‍ ഫണ്ട് ഡിവിഡന്റ് ഇവയെല്ലാം ഈ അക്കൗണ്ടിലേക്കാണ് എത്തുക.

എപ്പോൾ വേണമെങ്കിലും പണം ലഭ്യമാകുമെന്നതാണ് എസ് ബി അക്കൗണ്ടിന്റെ ആകർഷണീയതയെങ്കിലും ഈ പണത്തിന് ലഭിക്കുന്ന പലിശ ഇപ്പോള്‍ ആനുപാതികമായി കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ ബാങ്കുകളുടെ സേവിങ്സ് ബാങ്ക് അക്കൗണ്ട് നിരക്കുകളെ കുറിച്ച് ധാരണയുണ്ടാവുന്നത് നല്ലതാണ്. പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് സ്വകാര്യ ബാങ്കുകള്‍ നല്‍കുന്നത് താരതമ്യേന കൂടിയ പലിശ നിരക്കാണ്.

ബാങ്കുകളുടെ വെബ്‌സൈറ്റ് പ്രകാരം സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ക്ക് കൂടിയ പലിശ നിരക്ക് നല്‍കുന്നവ ഇവയാണ്.

മൂന്ന് ശതമാനത്തിന് മുകളില്‍

പൊതുമേഖലാ ബാങ്കായ ഐ ഡി ബി ഐ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലെ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ നിരക്ക് 3.1 മുതല്‍ 3.6 ശതമാനം വരെയാണ്. മിനിമം ബാലന്‍സ് ഇവിടെ 500 മുതല്‍ (ഗ്രാമത്തില്‍) 5000 (നഗരം) രൂപ വരെയാണ്.

പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് നല്‍കുന്ന പലിശ 3.1 മുതല്‍ 3.5 ശതമാനം വരെയാണ്. ഇവിടെ മിനിമം ബാലന്‍സ് 500-1,000 ആണ്.

മറ്റൊരു പൊതമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ 3 ശതമാനത്തില്‍ പലിശ നിജപ്പെടുത്തിയിരിക്കുന്നു. മിനിമം ബാലന്‍സ് 500-1000 രൂപ. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് നല്‍കുന്ന പലിശ 3.10 ശതമാനമാണ്. യുണിയന്‍ ബാങ്കിന്റെ മിനിമം ബാലന്‍സ് മാനദണ്ഡം 250-1000 രൂപയാണ്. പലിശ 3 ശതമാനം.

നാല് ശതമാനത്തിന് മുകളില്‍

പൊതുവേ സ്വകാര്യ ബാങ്കുകള്‍ കൂടിയ നിരക്ക് നല്‍കാറുണ്ട്. താരതമ്യേന പുതിയ ബാങ്കായ ബന്ധന്‍ ബാങ്ക് സേവിങ്സ് അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന ചുരുങ്ങിയ പലിശ 4 ശതമാനമാണ്. ഇവിടെ മിനിമം ആവറേജ് ബാലന്‍സ് 5,000 രൂപയാണ്. ആര്‍ ബി എല്‍ ബാങ്കിന്റെ ചുരുങ്ങിയ നിരക്ക് 4.75 ശതമാനവും ഇന്‍ഡസിന്‍ഡ് ബാങ്കിന്റേത് 4-6 ശതമാനവുമാണ്. യെസ് ബാങ്കിന്റെ വാഗ്ദാനം 4-6 ശതമാനമാണ്.

ഉയര്‍ന്ന മിനിമം ബാലന്‍സ്

അതേസമയം എച്ച് ഡി എഫ് സി പോലുള്ള ബാങ്കുകളുടെ പലിശ നിരക്ക് ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബാങ്കുകളുടെ നിരക്ക് 3-3.5 ശതമാനമാണ്. ഇവയുടെ മിനിമം ബാലന്‍സ് പക്ഷെ കൂടുതലാണ്. പിഴയില്ലാതെ എച്ച് ഡി എഫ് സി, ആക്‌സിസ്  ബാങ്കുകളില്‍ അക്കൗണ്ട് നിലനിര്‍ത്താന്‍  2500-10000 രൂപ വേണം.

എസ് ബി ഐ 2.75 ശതമാനം

എസ് ബി ഐ പോലുള്ള വലിയ പൊതുമേഖലാ ബാങ്കുകള്‍ കുറഞ്ഞ  നിരക്കാണ് സേവിംഗ്‌സ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. 2.7 ശതമാനമാണ് ഇവിടെ പലിശ. ബാങ്ക് ഓഫ് ബറോഡയുടേത് 2.75 ശതമാനവും.

സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ചെറിയ തുക പോലും വലുതാണ്. അതുകൊണ്ട് ഒന്നിലധികം ബാങ്കുകളില്‍ സേവിങ്സ് അക്കൗണ്ടുള്ളവര്‍ കൂടിയ പലിശ നിരക്കുള്ള ബാങ്കിലേക്ക് മിനിമം ബാലന്‍സിന് ശേഷമുളള തുക മാറ്റി നിക്ഷേപിച്ചാല്‍ അതൊരു വരുമാനമാകും. ഇങ്ങനെ ചെയ്യുമ്പോള്‍ നിക്ഷേപിക്കുന്ന സ്ഥാപനത്തിന്റൈ പ്രൊഫൈല്‍ നോക്കുന്നത് റിസ്‌ക് ഒഴിവാക്കാന്‍ സഹായിക്കും.

English Summary : Know about SB Interest Rate in Different Banks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com