ADVERTISEMENT

ഡിജിറ്റല്‍ പണമിടപാടിലെ തട്ടിപ്പ് തടയുന്നതിന് നടപടികള്‍ ശക്തമാക്കിയ ആര്‍ ബി ഐ ചെക്ക് ഉപയോഗിച്ചുള്ള സാമ്പത്തിക ക്രമക്കേട് തടയുന്നതിന് മാര്‍ഗ രേഖ പുറത്തിറക്കി. 2021 ജനുവരിയില്‍ ബാങ്കിംഗ് സംവിധാനം നടപ്പാക്കേണ്ട ഈ പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത് 'പോസിറ്റിവ് പേ' എന്നാണ്.

ചെക്കുകള്‍ വ്യാജമായി സമര്‍പ്പിച്ചും കള്ള ഒപ്പിട്ട് നല്‍കിയും മറ്റും വലിയ തുകകള്‍ തട്ടിച്ചെടുക്കാറുണ്ട്. ഇത് തടയാന്‍ പല നടപടികള്‍ സ്വീകരിച്ചിരുന്നു എങ്കിലും നൂറ് ശതമാനം വിജയമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെക്കുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്താനുള്ള നടപടിയുമായി കേന്ദ്ര ബാങ്ക് രംഗത്ത് വരുന്നത്.

ചെക്ക് പേയ്‌മെന്റ് സുരക്ഷിതമാക്കാം

ആര്‍ ബി ഐ നിര്‍ദേശിക്കുന്ന 'പോസിറ്റീവ് പേ' ലളിതമാണ്. സുരക്ഷിതവുമാണ്. അക്കൗണ്ടുടമ ആര്‍ക്കെങ്കിലും ചെക്ക് നല്‍കി കഴിഞ്ഞാല്‍ അയാളുടെ ജോലി അവിടെ അവസാനിക്കുന്നില്ല. കൊടുത്ത ചെക്കിന്റെ വിശദ വിവരങ്ങള്‍ അപ്പോള്‍ തന്നെ ബാങ്കുമായി പങ്കുവയ്ക്കണം. ഒപ്പം ആരുടെ പേരിലാണോ ചെക്ക് നല്‍കിയത് അയാളുടെ പേരുവിവരങ്ങളും ഇങ്ങനെ പങ്കു വയ്ക്കുന്നു. ബാങ്കിലെത്തുമ്പോള്‍ ചെക്ക് സാധാരണ (ഒപ്പ് അടക്കമുള്ള കാര്യങ്ങള്‍) പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് പുറമേ ചെക്ക് നല്‍കിയ ആള്‍ ബാങ്കിലേക്ക് ഷെയര്‍ ചെയ്ത വിവരങ്ങളും താരതമ്യം ചെയ്യുന്നു. ഇവ രണ്ടും ഒന്നാണെങ്കില്‍ മാത്രം പണം നല്‍കുന്നു. അല്ലെങ്കില്‍ തിരിച്ചയക്കുന്നു.

അക്കൗണ്ട് ഉടമയ്ക്ക് തീരുമാനിക്കാം

ഇങ്ങനെ ചെക്കിന് 'ഡബിള്‍ ലെയര്‍' സുരക്ഷ ഉറപ്പാക്കണമോ എന്ന് അക്കൗണ്ടുടമയ്ക്ക് തീരുമാനിക്കാം. എന്നാല്‍ വലിയ തുക (തീരുമാനിച്ചിട്ടില്ല) യുടെ ചെക്കാണെങ്കില്‍ ഇൗ നിബന്ധന നിര്‍ബന്ധമാക്കാനാണ് സാധ്യത.

ചെക്ക് വിവരങ്ങള്‍ ബാങ്കിന് നല്‍കാം

ഇപ്പോള്‍ ഒന്നോ രണ്ടോ ബാങ്കുകള്‍ ഇത് നടപ്പിലാക്കുന്നുണ്ട്. ബാങ്ക് പുറത്തിറക്കിയിരിക്കുന്ന മൊബൈല്‍ ആപ്പു വഴിയാണ് വിവരങ്ങള്‍ കൈമാറേണ്ടത്. നിലവില്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ 'പോസിറ്റിവ് പേ' സംവിധാനത്തിനായി ഡിജിറ്റല്‍ സാങ്കേതിക വിദ്യ തയ്യാറാക്കി വരികയാണ്. ഇത് ഉടന്‍ ലഭ്യമാകും. നിലവില്‍ ആര്‍ബി ഐയുടെ സര്‍ക്കുലര്‍ അനുസരിച്ച് ചെക്ക് നല്‍കുന്നയാള്‍ക്ക് എസ് എം എസ്, മൊബൈല്‍ ആപ്പ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എടിഎം അടക്കമുള്ള ഡിജിറ്റല്‍ സങ്കേതത്തിലൂടെ വിശദാംശങ്ങള്‍ ബാങ്കുകള്‍ക്ക് കൈമാറാം. ഇങ്ങനെ കൈമാറുന്ന വിവരങ്ങള്‍ പോസിറ്റിവ് പേയുടെ കേന്ദ്രീകൃത ഡാറ്റാ സിസ്റ്റത്തിലേക്ക് പോകും. ചെക്ക് ബാങ്കില്‍ നല്‍കുമ്പോള്‍ സിസ്റ്റത്തിലുള്ള ഈ വിവരങ്ങളുമായി ഒത്തുനോക്കി പണം നല്‍കും.

എന്തൊക്കെ വിവരങ്ങള്‍ നല്‍കണം

ചെക്ക് നല്‍കുന്ന അക്കൗണ്ടുടമകള്‍ ഇനി പറയുന്ന വിവരങ്ങളാണ് കൈമാറേണ്ടത്. ചെക്ക് നല്‍കുന്നത് ആര്‍ക്കാണോ അയാളുടെ പേര് മറ്റുവിവരങ്ങൾ സ്ഥാപനങ്ങള്‍ക്കാണെങ്കില്‍ അത്. ചെക്ക്‌നമ്പര്‍, തീയതി, തുക എന്നിവയും നൽകണം

English Summary :  Detaiis of New Norms for Cheque Clearing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com