ADVERTISEMENT

ആറുമാസത്തേക്ക് പ്രഖ്യാപിച്ച വായ്പ മോറട്ടോറിയം പലര്‍ക്കും ആദ്യ മൂന്നുമാസത്തേയ്ക്കേ ലഭിച്ചുള്ളൂ. മാര്‍ച്ച് മുതല്‍ മെയ് വരെ ആദ്യം മൂന്നുമാസത്തെ മോറട്ടോറിയം ആണ് ആര്‍ബിഐ അനുവദിച്ചത്. മെയ് 22ന് മോറട്ടോറിയം ഒാഗസ്റ്റ് 31 വരെ ആര്‍ബിഐ നീട്ടി. ആദ്യ മൂന്നു മാസം മോറട്ടോറിയം ആനുകൂല്യം ലഭിച്ചവര്‍ക്ക് തുടര്‍ന്നുള്ള മൂന്നുമാസത്തേക്ക് കൂടി സ്വാഭാവികമായും മോറട്ടോറിയം ലഭിക്കണം. എന്നാല്‍ പല ബാങ്കുകളും ജൂണ്‍, ജൂലെ, ഒാഗസ്റ്റ് മാസങ്ങളില്‍ മോറട്ടോറിയം നല്‍കിയില്ല. ഈ ബാങ്കുകള്‍ ഈ മാസങ്ങളില്‍ ഇടപാടുകാരുടെ അക്കൗണ്ടുകളില്‍ നിന്ന് ഇഎംഐ തുക പിടിച്ചിട്ടുണ്ട്. അക്കൗണ്ടില്‍ പണമുള്ളവരുടെ പണം വായ്പയിലേക്ക് മാറ്റി. പണമില്ലാത്തവരുടെ അക്കൗണ്ടില്‍ പേയ്‌മെന്റ് ഡിഫാള്‍ട്ട് ആയിട്ടുണ്ടാകും. അത് അങ്ങനെ രേഖപ്പെടുത്തിയിട്ടുമുണ്ടാകും അതിനുള്ള പിഴയും ഈടാക്കിയിട്ടുണ്ടാകും.

പിഴത്തുക തിരികെ വാങ്ങാം

വായ്പ എടുത്തിട്ടുള്ള എല്ലാവരും തങ്ങളുടെ അക്കൗണ്ടുകള്‍ പരിശോധിച്ച് മോറട്ടോറിയം കാലയളവില്‍ പണമൊന്നും ബാങ്ക് വായ്പ തുകയിലേക്ക് മാറ്റിയിട്ടില്ല എന്നുറപ്പാക്കണം. അതുപോലെ ഡീഫാള്‍ട്ട് ആയിട്ടില്ല, അതിന് പിഴയൊന്നും ഈടാക്കിയിട്ടില്ല എന്നും ഉറപ്പുവരുത്തണം. ഇങ്ങനെ സംഭവിച്ചിട്ടുണ്ട് എങ്കില്‍ വായ്പയിലേക്ക് പിടിച്ച പണം തിരികെ വാങ്ങണം. ഡിഫാള്‍ട്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എങ്കില്‍ അതും മാറ്റിക്കണം. പിഴതുകയും തിരികെ വാങ്ങണം. ഇത്തരം ആവശ്യത്തിനായി ബാങ്കുകളെ ഇടപാടുകാര്‍ സമീപിക്കുമ്പോള്‍ അവര്‍ ആദ്യം രണ്ട് കാരണങ്ങളാണ് പറയാറുള്ളത്.

ആറുമാസത്തെ മോറട്ടോറിയം വേണമായിരുന്നു എങ്കില്‍ ആദ്യ മൂന്നുമാസം കഴിയുമ്പോള്‍ ബാങ്കിനെ അറിയിക്കുകയും പ്രത്യേകം അപേക്ഷ നല്‍കുകയും വേണമായിരുന്നു എന്നാണ് അതില്‍ ആദ്യത്തേത്. എന്നാല്‍ അത് ആര്‍ബിഐ സര്‍ക്കുലറിന് വിരുദ്ധമാണ്. ആര്‍ബിഐ ആദ്യ മൂന്നുമാസത്തിനശേഷം വീണ്ടും മൂന്നു മാസത്തേക്ക് മോറട്ടോറിയം പുതുതായി പ്രഖ്യാപിക്കുകയല്ല ചെയ്തത്. പകരം മൂന്നു മാസത്തെ മോറട്ടോറിയം പിന്നീട് മൂന്നു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. അതിനര്‍ത്ഥം ആദ്യ മൂന്നുമാസം മോറട്ടോറിയം ആനുകൂല്യം കിട്ടിയിരുന്നവര്‍ക്ക് തുടര്‍ന്നുള്ള മൂന്നുമാസത്തേക്ക് കൂടി അത് ലഭിച്ചിരിക്കണം എന്നാണ്. ഇതിനായി പ്രത്യേക അപേക്ഷയൊന്നും നല്‍കേണ്ട ആവശ്യമില്ല. ദീര്‍ഘിപ്പിച്ച കാലയളവില്‍ മോറട്ടോറിയം ആവശ്യമില്ലാത്തവരാണ് അക്കാര്യം ബാങ്കിനെ അറിയിക്കേണ്ടിയിരുന്നത്.  അതിനാല്‍ ആദ്യ മൂന്നു മാസത്തിനുശേഷം മോറട്ടോറിയം കിട്ടാത്തവര്‍ തുക തിരികെ നല്‍കാന്‍ ബാങ്കിനോട് ആവശ്യപ്പെടണം. 

ഇഎംഐ തുക റീഫണ്ട് ചെയ്യും

മറ്റുചിലര്‍ പ്രത്യേകം അപേക്ഷ നല്‍കിയിരുന്നെങ്കിലും മാര്‍ച്ച്, ഏപ്രില്‍ എന്നീ മാസങ്ങളിലെ ഇഎംഐ അക്കൗണ്ടില്‍ നിന്ന് പോയിട്ടുണ്ട്. തുടര്‍ന്നുള്ള മാസങ്ങളിലാണ് മോറട്ടോറിയം കിട്ടിയത്. ഇവര്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ഇഎംഐ തുക റീഫണ്ട് ആയി വാങ്ങാവുന്നതാണ്. ചില ബാങ്കുകള്‍ അക്കൗണ്ടുടമ പറയാതെ തന്നെ ഈ തുക  അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്ത് തന്നിട്ടുണ്ടാകും. അക്കൗണ്ട് പരിശോധിച്ച് ആ തുക തിരികെ വന്നിട്ടുണ്ട് എന്നുറപ്പാക്കണം. കിട്ടയിട്ടില്ല എങ്കില്‍ റീഫണ്ട് ചെയ്യാന്‍ ആവശ്യപ്പെടണം. മോറട്ടോറിയം ആരുടെയും ഔദാര്യമല്ല അത് ഇടപാടുകാരുടെ അവകാശമാണ് എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. ഇതുസംബന്ധിച്ച് നിങ്ങളുടെ ആവശ്യങ്ങളും പരാതികളും ബാങ്കിന് രേഖാമൂലം നല്‍കണം. മറുപടിയും രേഖാമൂലം വാങ്ങിയിരിക്കണം. പല ബാങ്കുകളും ഈ കോവിഡ് കാലത്ത് വലിയ ജോലിഭാരമാണ് നേരിടുന്നത്. ജീവനക്കാരുടെ കുറവും ഉണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ ഫോണില്‍ സംസാരിച്ച് പരിഹരിക്കാന്‍ പ്രയാസവും നേരിട്ടേക്കാം.  ഇനി അഥവാ ഫോണില്‍ പരാതി കേട്ടാലും പെട്ടെന്നൊന്നും പരിഹരിച്ചു തന്നുകൊള്ളണമെന്നുമില്ല. ബാങ്കില്‍ നിന്ന് നിങ്ങള്‍ക്ക് തൃപ്തികരമായ സേവനം കിട്ടുന്നില്ല എങ്കില്‍ ഉദ്യോഗസ്ഥരുമായി കലഹമുണ്ടാക്കേണ്ടതുമില്ല. എല്ലാ പരാതികളും ബാങ്കിങ് ഓംബുഡ്മാന്‍ വഴി അനായാസം പരിഹരിക്കാവുന്നതേയുള്ളൂ.

English Summary: What to do if You did't get Moratorium for Six Months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com