ADVERTISEMENT

വായ്പ മോറട്ടോറിയം എടുത്തവര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് പലിശയ്ക്ക് മേല്‍ പലിശ കേന്ദ്ര ഗവണ്‍മെന്റ് ഒഴിവാക്കി. മാര്‍ച്ച് 1 മുതല്‍ ഓഗസ്റ്റ് 30 വരെയുള്ള ആറുമാസക്കാലം രണ്ട് കോടിരൂപ വരെയുള്ള വായ്പയുടെ കൂട്ടുപലിശ ഇടപാടുകാരില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കില്ല. പകരം ഈ പണം കേന്ദ്ര ഗവണ്‍മെന്റ് ബാങ്കുകള്‍ക്ക് നല്‍കും. സുപ്രീം കോടതി ഇത് സംബന്ധിച്ച് നവംബര്‍ രണ്ടിന് മുമ്പ് ഉത്തരവിറക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. വായ്പ എടുത്തവര്‍ ഇക്കാലയളവില്‍ സാധാരണ പലിശ മാത്രം നല്‍കിയാല്‍ മതി. കൂട്ടുപലിശ ഈടാക്കിയിരുന്നുവെങ്കില്‍ മുടങ്ങുന്ന ഇ എം ഐ തുക മുതലിനോട് കൂട്ടി അതിനു കൂടി പലിശ നല്‍കേണ്ടിവരുമായിരുന്നു. മോറട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കിയിട്ടല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. 

ഒഴിവാക്കിയത് പലിശയ്ക്ക് മേലുള്ള പലിശ മാത്രം

പലിശയ്ക്ക് മേലുള്ള പലിശ മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. പലിശയ്ക്ക് മേല്‍ പലിശ ചുമുത്തുമ്പോള്‍ വരുന്ന തുകയും സാധാരണ പലിശ ചുമത്തുമ്പോള്‍ വരുന്ന തുകയും തമ്മിലുള്ള വ്യത്യാസം എത്ര രൂപയാണോ അത് കേന്ദ്രഗവണ്‍മെന്റ് ബാങ്കുകള്‍ക്ക് നല്‍കും. തന്മൂലം ബാങ്കുകള്‍ക്ക് നഷ്ടമോ വായ്പ എടുത്തവര്‍ക്ക് അധിക ബാധ്യതയോ ഉണ്ടാകില്ല. വായ്പ മോറട്ടോറിയവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ എല്ലാ ബാങ്കുകളോടും ഒരാഴ്ചയ്ക്കുള്ളില്‍ പരാതി പരിഹാര സെല്‍  ആരംഭിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ആനുകൂല്യം എങ്ങനെ?

ഭവന വായ്പ, കണ്‍സ്യൂമര്‍ വായ്പ, ക്രെഡിറ്റ് കാര്‍ഡ് ബില്ലടയ്ക്കല്‍, വാഹന വായ്പ, വ്യക്തിഗത വായ്പ, പ്രൊഫഷണലുകൾക്കുള്ള പേഴ്സണൽ വായ്പ, കണ്‍സംപ്ഷന്‍ ലോണ്‍, എം.എസ്.എം.ഇ വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവയ്ക്കാണ് കൂട്ടുപലിശ ഇളവ്. വായ്പ തുക രണ്ട് കോടി രൂപയില്‍ കൂടരുത്. ഫെബ്രുവരി 29 വരെ വായ്പ കിട്ടാക്കടമായി മാറിയിട്ടുണ്ടാകരുത്. ബാങ്കുകള്‍, കോപ്പറേറ്റീവ് ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍, ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍, അംഗീകൃത മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയില്‍ നിന്ന് എടുത്ത വായ്പകള്‍ക്ക് ആനുകൂല്യം ലഭിക്കും.

കൂട്ടുപലിശ ഇളവ്

മോറട്ടോറിയം ആനുകൂല്യം എടുത്തിട്ടില്ലാത്തവര്‍ക്കും, എടുത്തവര്‍ക്കും ഭാഗികമായി എടുത്തിട്ടുള്ളവര്‍ക്കും കൂട്ടുപലിശ ഇളവ് ലഭിക്കും. ഇക്കാലയളവില്‍ കൂട്ടുപലിശ ഈടാക്കിയിട്ടുണ്ടെങ്കില്‍ സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എത്ര തുകയാണോ ആ തുക വായ്പ എടുത്തയാളിന്റെ അക്കൗണ്ടിലേക്ക് ബാങ്ക് തിരിച്ചുനല്‍കും. ഇങ്ങനെ അധികമായി ഈടാക്കിയ തുക തിരികെ എത്തി എന്ന് ഇടപാടുകാര്‍ ഉറപ്പുവരുത്തണം. നവംബര്‍ 5 ഓടെ ഈ തുക നല്‍കിയിരിക്കണം.

വായ്പ മോറട്ടോറിയം സ്വീകരിച്ചാല്‍ വലിയ നഷ്ടം വരുമെന്ന് ബാങ്കുകള്‍ തുടക്കത്തിലേ ഒരു  ധാരണ ഇടപാടുകാരില്‍ സൃഷ്ടിച്ചിരുന്നു. ആനുകൂല്യം സ്വീകരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഒരു കണക്ക് അവതരിപ്പിച്ചിരുന്നു. ഈ കണക്ക് ബാങ്കുകള്‍ ഉണ്ടാക്കിയത് പലിശയും പലിശയ്ക്ക് മേല്‍ പലിശയും ചുമത്തിയായിരുന്നു. എന്നാല്‍ ഇപ്പോൾ അവര്‍ പ്രചരിപ്പിച്ച കണക്കിന് പ്രസക്തി ഇല്ലാതായി.

ക്രെഡിറ്റ് സ്‌കോർ

മറ്റൊരു ഭീതി ക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ കോവിഡ് പ്രതിസന്ധികാലത്ത് വായ്പ അടവില്‍ വരുന്ന വീഴ്ചകള്‍ ക്രെഡിറ്റ് ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതുകൊണ്ട് ആ ഭീതിയും വേണ്ട. വായ്പ മോറട്ടോറിയം സ്വീകരിച്ചവര്‍ക്ക് പിന്നീട് ബാങ്കുകള്‍ വായ്പ നല്‍കാന്‍ വിമുഖത കാട്ടും എന്നും ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതിനും വലിയ അടിസ്ഥാനമൊന്നുമില്ല. 

ശമ്പള വരുമാനക്കാരും പെന്‍ഷന്‍കാരും സ്വയം തൊഴില്‍ കണ്ടെത്തിയിട്ടുള്ളവരുമൊക്കെയാണ് ബാങ്കുകളുടെ റീറ്റെയ്ല്‍ വായ്പ ബിസിനസിന്റെ ഗുണഭോക്താക്കള്‍. ഇവര്‍ക്കായാണ് ബാങ്കുകള്‍ വായ്പകള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഭാവിയില്‍ വായ്പ നല്‍കുന്നതില്‍ നിന്ന് ഇവരെ ഒഴിവാക്കിയാല്‍ അത് ബാങ്കിന്റെ മൊത്തം വായ്പ ബിസിനസിനെ തന്നെ ഗുരുതരമായി ബാധിക്കും. അതിനാല്‍ അത്തരം ഭീതിക്കും അടിസ്ഥാനമില്ല.

(പേഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com jayakumarkk8@gmail.com)

English Summary : New Norms for Moratorium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com