ഭവന വായ്പ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

HIGHLIGHTS
  • ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വലിയ സാമ്പത്തിക ബാധ്യതയാണ് ഭവന വായ്പ
hom
SHARE

പലിശ നിരക്ക് മുമ്പില്ലാത്ത വിധം കുറഞ്ഞിരിക്കുന്നു. വീടുപണിയാനും ഫ്‌ളാറ്റു വാങ്ങാനും അനുയോജ്യമായ സമയം. ഇപ്പോൾ ഭവനവായ്പയെടുത്ത് വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നവര്‍ നിരവധിയാണ്. ഭവന വായ്പയെടുക്കുമ്പോൾ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. കാരണം ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വലിയ സാമ്പത്തിക ബാധ്യതയാണ് ഭവന വായ്പ. ഏത് ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നു എന്നത് പ്രധാനമാണ്. ശരിയായ തീരുമാനമാണെങ്കില്‍ അത് സാമ്പത്തിക ലാഭത്തിനും ഭാവിയില്‍ മനഃക്ലേശം ഒഴിവാക്കുന്നതിനും ഇട നല്‍കും.

ബാങ്കിനെ തിരഞ്ഞെടുക്കാം

നിലവില്‍ വരുമാന സ്രോതസുള്ളവര്‍ക്ക് ഭവന വായ്പ നല്‍കാന്‍ ബാങ്കുകള്‍ മത്സരിക്കുകയാണ്. അതുകൊണ്ട് മുമ്പുള്ള അവസ്ഥയില്‍ നിന്നും വ്യത്യസ്തമാണ് കാര്യങ്ങള്‍. വായ്പയെ കുറിച്ച് ആലോചിക്കുമ്പോള്‍ എത് ബാങ്ക് എന്നത് പ്രത്യേകിച്ച് പരിഗണിക്കണം. വായ്പ തുക, പലിശ നിരക്ക്, പ്രോസസിങ് ഫീസ് ഇവയെല്ലാം പരിശോധിക്കണം. ഇതി‌നായി വിവിധ ബാങ്കുകളില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെട്ട് വിശദവിവരങ്ങള്‍ ബോധ്യപ്പെടണം. ഒപ്പം ഒളിഞ്ഞിരിക്കുന്ന എന്തെങ്കിലും ചെലവുകളുണ്ടെങ്കില്‍ അതും മനസിലാക്കണം. അതിന് ശേഷം വേണം ബാങ്കുകളെ തീരുമാനിക്കാന്‍.

വായ്പ തുക

സാധാരണ നിലയില്‍ വസ്തുവിന്റെ മൂല്യത്തിന്റെ 80 ശതമാനമാണ് വായ്പയായി ബാങ്കുകള്‍ നല്‍കുക. ചില ബാങ്കുകള്‍ ഇത് 90 ശതമാനം വരെ നല്‍കാറുണ്ട്. വ്യക്തിയുടെ മാസവരുമാനം കണക്കാക്കിയിട്ടാണ് ഇങ്ങനെ വായ്പ നല്‍കുക. ഇനി ഒരാളുടെ വരുമാനം കൊണ്ട് ഉദേശിച്ച അത്ര തുക വായ്പ കിട്ടില്ലെങ്കില്‍ പങ്കാളിയുടെ വരുമാനവും കാണിച്ച് തുക ഉയര്‍ത്താം.

പലിശ നിരക്ക്

രണ്ടോ മൂന്നോ പതിറ്റാണ്ട് കാലം നീണ്ട ഇ എം ഐ അടവ് ആയതിനാല്‍ പലിശ നിരക്ക് പരമാവധി കുറച്ച് നല്‍കുന്ന ബാങ്കിനെ വേണം തിരഞ്ഞെടുക്കാന്‍. കാല്‍ ശതമാനം പലിശയില്‍ വരുന്ന വ്യത്യാസം പോലും ലോണ്‍ തുകയനുസരിച്ച്, ലക്ഷക്കണക്കിന് രൂപയുടെ അധിക ചെലവ് വരുത്തും. നിലവില്‍ ദേശസാത്കൃത ബാങ്കുകളില്‍ ചിലതെങ്കിലും 6.7-6.9 ശതമാനം നിരക്കില്‍ വായ്പ നല്‍കുന്നുണ്ട്.

രേഖകള്‍ സംഘടിപ്പിക്കുക

വായ്പയ്ക്കായി ബന്ധപ്പെട്ട രേഖകള്‍ സംഘടിപ്പിക്കുന്നത് എളുപ്പമല്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. ഒന്നിലധികം സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങേണ്ടതുള്ളതിനാല്‍ അതിനുള്ള സമയം കണ്ടെത്തണം. വേണ്ട രേഖകള്‍ എന്തൊക്കെയാണെന്നും അവ എങ്ങനെ തരപ്പെടുത്തുമെന്നും ബാങ്കില്‍ നിന്നും അറിയാം. ഇതിന്റെ പട്ടിക തയ്യാറാക്കി രേഖകള്‍ ഒന്നൊന്നായി സംഘടിപ്പിക്കാം. ചുരുങ്ങിയത് ഒരു മാസം വരെ ഇതിന് ആവശ്യമായി വന്നേക്കും.

പ്രോസസിങ് ചാര്‍ജ്

പല ബാങ്കുകളും വ്യത്യസ്ത നിരക്കിലാണ് പ്രോസസിങ് ചാര്‍ജ് ഈടാക്കുന്നത്. ഇത് പലപ്പോഴും ആകെ തുകയുടെ കാല്‍ ശതമാനം മുതല്‍ രണ്ട് ശതമാനം വരെ ഇങ്ങനെ ഈടാക്കുന്ന ബാങ്കുകള്‍ ഉണ്ട്. ഇതും കൂടി പരിഗണിച്ച് വേണം ബാങ്കിനെ തിരഞ്ഞെടുക്കാന്‍. ഒപ്പം രേഖകള്‍ എല്ലാം നല്‍കി കഴിഞ്ഞാല്‍ എത്ര ദിവസത്തിനുള്ളില്‍ വായ്പ ഒരുമിച്ചോ ഗഡുക്കളായോ ലഭിക്കുമെന്നും ചോദിച്ച് ധാരണയിലെത്തുക. കാരണം നിങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ പണം കൈകളിലെത്തുന്നത് വൈകിയാല്‍ അതിന് വലിയ വില നല്‍കേണ്ടി വരും.

English Summary : Things to know about Home Loan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA