ക്രെഡിറ്റ്‌ കാർഡുപയോഗിച്ച് എടിഎമ്മിൽ നിന്ന് പണമെടുത്താൽ പണിയാകും

HIGHLIGHTS
  • കാര്‍ഡുകളുടെ റിവാര്‍ഡ്‌ പോയിന്റ്‌സ്‌, ഡിസ്‌കൗണ്ടുകള്‍, കാഷ്‌ ബാക്‌, വൗച്ചറുകള്‍ എന്നിവ എപ്പോഴും പരിഗണിക്കണം
Credit-Card-4
SHARE

പണത്തിനാവശ്യം വരുന്ന അടിയന്തര ഘട്ടങ്ങളില്‍ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ ഉപകാരപ്രദമാണ്‌, തടസ്സരഹിതമായ പേമെന്റിന്‌ ഏറെ പ്രയോജനപ്പെടും. മാത്രമല്ല ഡിസ്‌കൗണ്ടുകള്‍, റിവാര്‍ഡ്‌ പോയിന്റുകള്‍, ക്യാഷ്‌ ബാക്കുകള്‍ എന്നിങ്ങനെ ആനുകൂല്യങ്ങളും ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കുമ്പോള്‍ ലഭിക്കും. എന്നാല്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ നല്‍കേണ്ടി വരുന്ന ചാര്‍ജുകള്‍ എന്തെല്ലാമാണന്ന്‌ അറിയാമോ ? ക്രെഡിറ്റ്‌ കാര്‍ഡുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനും അധിക ബാധ്യതകള്‍ ഒഴിവാക്കുന്നതിനും ഈ ചാര്‍ജുകള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്‌.

ക്രെഡിറ്റ്‌ കാര്‍ഡ് ചാര്‍ജുകള്‍

∙പ്രവേശന ഫീസ്‌ , വാര്‍ഷിക / പുതുക്കല്‍ ഫീസ്‌

കാര്‍ഡ്‌ ഇഷ്യു ചെയ്യുമ്പോള്‍ നല്‍കേണ്ട പ്രാരംഭ ഫീസാണ്‌ ജോയിനിങ്‌ ഫീസ്‌. ഇത്‌ തുടക്കത്തില്‍ മാത്രം നല്‍കിയാല്‍ മതിയാകും. അതേസമയം വാര്‍ഷിക ഫീസ്‌ എല്ലാ വര്‍ഷവും ഈടാക്കും. കാര്‍ഡിന്റെ കാലാവധി അവസാനിച്ചതിന്‌ ശേഷം പുതുക്കുമ്പോള്‍ ഫീസ്‌ നല്‍കണം. ഏത്‌ തരം കാര്‍ഡാണ്‌ എന്നതിനും ഉപയോക്താവിന്റെ പ്രൊഫൈലിന്‌ അനുസരിച്ചും ഫീസ്‌ വ്യത്യാസപ്പെടം.

ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ നിശ്ചിത പരിധിയിലുള്ള തുക ചെലവഴിക്കുന്നതിന്‌ ചില ബാങ്കുകള്‍ ജോയിനിങ്‌ ഫീസും വാര്‍ഷിക ചാര്‍ജുകളും ഒഴിവാക്കാറുണ്ട്‌.

ക്രെഡിറ്റ്‌ കാര്‍ഡ്‌ തിരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കണം. കൂടാതെ കാര്‍ഡുകള്‍ വാഗ്‌ദാനം ചെയ്യുന്ന റിവാര്‍ഡ്‌ പോയിന്റ്‌സ്‌, ഡിസ്‌കൗണ്ടുകള്‍, കാഷ്‌ ബാക്‌, വൗച്ചറുകള്‍ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങള്‍ എപ്പോഴും പരിഗണിക്കണം.

ഫിനാന്‍സ്‌ ചാര്‍ജ്‌

കുടിശ്ശിക പൂര്‍ണമായും തിരിച്ചടയ്‌ക്കാന്‍ കഴിയാത്തവരില്‍ നിന്നും ക്രെഡിറ്റ്‌കാര്‍ഡ്‌ കമ്പനികള്‍ ഫിനാന്‍സ്‌ ചാര്‍ജ്‌ ഈടാക്കും. അടയ്‌ക്കാത്ത ബില്ലിന്‌ 23-49 ശതമാനത്തോളം ഫിനാന്‍സ്‌ ചാര്‍ജ്‌ നല്‍കേണ്ടതായി വരും.

കുടിശ്ശിക തുക അടയ്‌ക്കാന്‍ കഴിയാത്ത കാര്‍ഡ്‌ ഉടമകള്‍ക്ക്‌ മൊത്തം ബില്‍ തുക അല്ലെങ്കില്‍ ബില്‍ തുകയുടെ ഒരു ഭാഗം ഇഎംഐ ആക്കി മാറ്റാം. ഇങ്ങനെ മാറ്റുമ്പോള്‍ ഈടാക്കുന്ന പലിശ ഫിനാന്‍സ്‌ ചാര്‍ജിനേക്കാള്‍ വളരെ കുറവായിരിക്കും.

എടിഎമ്മുകളില്‍ നിന്നും ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ പണം പിന്‍വലിക്കുമ്പോഴും ഫിനാൻസ്‌ ചാര്‍ജ്‌ ഈടാക്കും. പണം പിന്‍വലിച്ച ദിവസം മുതല്‍ തിരിച്ചടയ്‌ക്കുന്ന ദിവസം വരെ ആയിരിക്കും ഇത്‌ ബാധകമാവുക. അതുകൊണ്ട്‌. ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നത്‌ പരമാവധി ഒഴിവാക്കുക.

കാഷ്‌ അഡ്വാന്‍സ്‌ / വിത്‌ഡ്രോവല്‍ ഫീസ്‌

ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുകയാണെങ്കില്‍ അഡ്വാന്‍സ്‌ ഫീസും ഈടാക്കും. പിന്‍വലിച്ച് തുകയുടെ 2.5 ശതമാനത്തോളം വരുമിത്‌.

ലേറ്റ്‌ പേമെന്റ്‌ ഫീസ്‌

ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്ലിലെ കുറഞ്ഞ തുക നിശ്ചിത ദിവസം തിരിച്ചടയ്‌ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 1,300 രൂപ വരെ ലേറ്റ്‌്‌ പേമെന്റ്‌ ഫീസ്‌ നല്‍കേണ്ടി വരും. ക്രെഡിറ്റ്‌ കാര്‍ഡ്‌ കമ്പനി, ബില്‍ തുക എന്നിവയെ ആശ്രയിച്ച്‌ തുക വ്യത്യാസപ്പെടും. മുഴുവന്‍ ബില്‍ തുകയും അടയ്‌ക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിശ്ചിത ദിവസം മിനിമം തുക അടയക്കുന്നവരെ ഈ പിഴയില്‍ നിന്നും ഒഴിവാക്കും.

ഓവര്‍ലിമിറ്റ്‌ ഫീസ്‌

ഓരോ ക്രെഡിറ്റ്‌ കാര്‍ഡിനും ഒരു നിര്‍ദ്ദിഷ്ട ക്രെഡിറ്റ്‌ പരിധിയുണ്ട്‌. അതിന്‌ അപ്പുറം ഒരാള്‍ക്ക്‌ പിഴ ഈടാക്കാതെ ചെലവഴിക്കാനാവില്ല.

അനുവദനീയമായ ക്രെഡിറ്റ്‌ പരിധിക്ക്‌ മുകളിലാണ്‌ നിങ്ങളുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ കുടിശ്ശിക എങ്കില്‍ ഓവര്‍ ലിമിറ്റ്‌ ഫീസ്‌ ഈടാക്കും. പരിധിക്ക്‌ മുകളില്‍ വന്ന തുകയുടെ 2.5 ശതമാനത്തോളം മിക്ക കമ്പനികളും പിഴ ഈടാക്കും. കുറഞ്ഞ ഫീസ്‌ 500 രൂപ ആയിരിക്കും.

നിങ്ങള്‍ പതിവായി ക്രെഡിറ്റ്‌ ലിമിറ്റ്‌ ലംഘിക്കുന്നുണ്ടെങ്കില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ കമ്പനിയോട്‌ നിങ്ങളുടെ ക്രെഡിറ്റ്‌ ലിമിറ്റ്‌ ഉയര്‍ത്തി തരാന്‍ ആവശ്യപ്പെടാം. ഓവര്‍ ലിമിറ്റ്‌ ഫീസ്‌ ഒഴിവാക്കാന്‍ ഇത്‌ സഹായിക്കും, മാത്രമല്ല ക്രെഡിറ്റ്‌ ലിമിറ്റ്‌ ഉയരുന്നത്‌ ക്രഡിറ്റ്‌ സ്‌കോര്‍ ഉയര്‍ത്താനും സഹായിക്കും.

വിദേശ കറന്‍സി മാര്‍ക്‌ അപ്‌ ഫീസ്‌

വിദേശ പണമിടപാടുകള്‍ക്ക്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കുമ്പോള്‍ 1.99-3.55 ശതമാനത്തോളം വിദേശ കറന്‍സി മാര്‍ക്‌ അപ്‌ ഫീസ്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ കമ്പനികള്‍ ഈടാക്കാറുണ്ട്‌. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഉള്ള ഇടപാടുകള്‍ക്ക്‌ ഇത്‌ ബാധകമാണ്‌. അതിനാല്‍ പതിവായി വിദേശ ഇടപാടുകള്‍ നടത്തുന്ന കാര്‍ഡ്‌ ഉപയോക്താക്കള്‍ പ്രീപെയ്‌ഡ്‌ ഫോറെക്‌സ്‌ കാര്‍ഡുകള്‍ തിരഞ്ഞെടുക്കുക.ഈ കാര്‍ഡുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള കറന്‍സികളുടെ വിദേശ ഇടപാടുകള്‍ക്ക്‌ മാര്‍ക്ക്‌ അപ്‌ ഫീസ്‌ ഈടാക്കില്ല.

സ്വന്തം ആവശ്യങ്ങള്‍ക്കനുസരിച്ചായിരിക്കണം ക്രെഡിറ്റ്‌ കാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നത്‌. ഒരേ വിദേശ യാത്രയില്‍ തന്നെ വ്യത്യസ്‌ത കറന്‍സികള്‍ ഉള്ള രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക്‌ മള്‍ട്ടി കറന്‍സി ഫോറെക്‌സ്‌ കാര്‍ഡായിരിക്കും ഗുണകരമാവുക. ആവശ്യാനുസരണം വിവിധ വിദേശ രാജ്യങ്ങളിലെ കറന്‍സികളിലുള്ള പണം നിറയ്‌ക്കാന്‍ ഉപയോക്താക്കളെ ഇത്തരം കാര്‍ഡുകള്‍ അനുവദിക്കും.

ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കുമ്പോള്‍ ഇത്തരത്തിലുള്ള ചാര്‍ജുകള്‍ നല്‍കേണ്ടതായി വരും. ഇത് പരിഗണിക്കാതെയാണ്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കുന്നതെങ്കില്‍ ബില്ല്‌ ഉയരും. അതിനാല്‍ കാര്‍ഡ്‌ തിരഞ്ഞെടുക്കും മുമ്പ്‌ ഈ ചാർജുകളും പിഴകളും താരതമ്യം ചെയ്‌ത്‌ തീരുമാനം എടുക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA