ADVERTISEMENT

അടുത്ത കാലത്ത് ഇന്ത്യയില്‍ തകര്‍ച്ച നേരിട്ട ബാങ്കുകള്‍ നിരവധിയാണ്. അടിസ്ഥാനമില്ലാതെ വലിയ കോര്‍പ്പറേറ്റുകള്‍ക്ക് ആയിരക്കണക്കിന് കോടികള്‍ വായ്പ നല്‍കി തിരിച്ച് പിടിക്കാനാവാത്ത ഘട്ടത്തില്‍ ആര്‍ ബി ഐ ഇടപെടുന്നത് രാജ്യത്ത്് പതിവാകുന്നു. പല ബാങ്ക് തട്ടിപ്പുകളുടെയും പിന്നില്‍ സ്ഥാപനത്തിന്റെ തന്നെ അമരത്തിരിക്കുന്നവരും പങ്കാളികളാണെന്ന് പിന്നീടറിയാം. പഞ്ചാബ് മഹാരാഷ്ട്ര ബാങ്ക്, യെസ് ബാങ്ക്, ഇപ്പോഴിതാ ലക്ഷ്മി വിലാസ് ബാങ്കും ഈ പാതയിലാണ്.

ഒരു മാനദണ്ഡവും പാലിക്കാതെ കോര്‍പ്പറേറ്റുകള്‍ക്കും അവരുടെ തട്ടിപ്പ് സ്ഥാപനങ്ങള്‍ക്കും വാരി കോരി വായ്പ നല്‍കുന്നതാണ് പലപ്പോഴും ബാങ്കുകളുടെ തകര്‍ച്ചയിലേക്ക് വഴി വയ്ക്കുന്നത്. ഇക്കാര്യത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ പോലും വ്യത്യസ്തമല്ല.  കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം രൂപയില്‍ അധികം തട്ടിപ്പ് നടത്തിയ കേസുകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധന രേഖപ്പെടുത്തി. തട്ടിപ്പിന്റെ മൂല്യം നോക്കിയാല്‍ വര്‍ധന മുന്‍വര്‍ഷത്തേതില്‍ നിന്നും 159 ശതമാനമാണ് എന്ന് ആര്‍ ബി ഐ വെളിപ്പെടുത്തുന്നു. 1,85,644 കോടി രൂപയുടെ തട്ടിപ്പാണ്  അരങ്ങേറിയത്. പൊതുമേഖലാ ബാങ്കുകള്‍ 4,413 കേസുകളിലായി നഷ്ടപ്പെടുത്തിയിരിക്കുന്നത് 1,48,400 കോടി രൂപയാണ്.

ഇടപാടുകാരന്‍ എന്തു ചെയ്യും

563 ബ്രാഞ്ചുകളുള്ള ലക്ഷ്മി വിലാസ് ബാങ്കില്‍ നിലവില്‍ നിക്ഷേപകര്‍ക്ക് പിന്‍വലിക്കാവുന്ന പരമാവധി തുക 25,000 ആയി ആര്‍ ബി ഐ പരിമിതപ്പെടുത്തിയിട്ടുണ്ട്. സിംഗപൂര്‍ ആസ്ഥാനമായ ഡി ബി എസി (ഡെവലപ്‌മെന്റെ ബാങ്ക് ഓഫ് സിംഗപൂര്‍ ലമിറ്റഡ് ന്റെ ഇന്ത്യന്‍ യൂണിറ്റുമായി ലയന നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ് ആര്‍ ബി ഐ. ഇങ്ങനെ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നത് സുരക്ഷിതമല്ലാതാവുമ്പോള്‍ ഇടപാടുകാരന്‍ എന്തു ചെയ്യണം? നമ്മള്‍ പണം നിക്ഷേപിക്കുന്ന ബാങ്കുകള്‍ എത്രകണ്ട് സുരക്ഷിതമാണ്? ഈ അവസരത്തില്‍ നമ്മള്‍ അധ്വാനിച്ചു നേടിയ പണം നിക്ഷേപിക്കുന്നതിന് മുമ്പ് സ്ഥാപനങ്ങളുടെ സാമ്പത്തിക ആരോഗ്യം ഉറപ്പു വരുത്തേണ്ടതുണ്ട്. അല്ലെങ്കില്‍ ധനനഷ്ടവും മനഃക്ലേശവുമായിരിക്കും ഫലം. മൂന്ന് കാര്യങ്ങള്‍ മനസിലാക്കിയാല്‍ നമുക്ക് ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം വിലയിരുത്താം.

കിട്ടാക്കടം

ബാങ്കുകള്‍ നല്‍കുന്ന വായ്പകളില്‍ തിരിച്ചടവ് മുടങ്ങുന്നതിന്റെ ശതമാനം കണക്കാക്കിയാണ് കിട്ടാക്കട(എന്‍ പി എ) അനുപാതം നിര്‍ണയിക്കുന്നത്. തുടര്‍ച്ചയായി മൂന്ന് മാസം ഇ എം ഐ അടവ് മുടങ്ങുമ്പോൾ എന്‍ പി എ ആയി അത് മാറും.സാധാരണനിലയില്‍ ഇത് 5 ശതമാനത്തില്‍ താഴയാണെങ്കില്‍ ആരോഗ്യകരമെന്നാണ് വിലയിരുത്തല്‍. ലക്ഷ്മി വിലാസ് ബാങ്കിന്റെ മൊത്ത എന്‍ പി എ റേഷ്യോ 24.45 ശതമാനമാണ്. ഇതില്‍ നിന്ന് ബാങ്കിന്റെ പോക്ക് ഊഹിക്കാവുന്നതേയുള്ളു.

മൂലധന പര്യാപ്തത അനുപാതം

കിട്ടാക്കടത്തിന്റെ റിസ്‌ക് കൈകാര്യം ചെയ്യാന്‍ ബാങ്ക് സ്വയം ഏര്‍പ്പെടുത്തിയിരിക്കുന്ന കരുതലിന്റെ അനുപാതമാണിത്. നിഷ്‌ക്രിയ ആസ്തി പ്രശ്‌നമുണ്ടാകുമ്പോള്‍ ഇത് സ്വയം പ്രവര്‍ത്തിച്ച് റിസ്‌കിനെ താങ്ങി നിര്‍ത്തും. നിക്ഷേപകര്‍ ഇത്തരം സംവിധാനത്തില്‍ സുരക്ഷിതരായിരിക്കും. ഒരു ഷെഡ്യൂള്‍ഡ് കൊമേഴ്സ്യൽ ബാങ്കിന് ആര്‍ ബി ഐ നിര്‍ദേശിച്ചിരിക്കുന്ന ആരോഗ്യകരമായ മൂലധന പര്യാപ്തത അനുപാതം ചുരുങ്ങിയത് 9 ശതമാനമാണ്. എന്നാല്‍ ലക്ഷ്മി വിലാസ് ബാങ്കിന്റെ ജൂലായ്- സെപ്റ്റംബര്‍ പാദത്തിലെ ഓഡിറ്റ് ചെയ്യാത്ത കണക്ക് കാണിക്കുന്നത് ഇത് നെഗറ്റീവ് ആണെന്നാണ്.

വിപണിമൂല്യം

മേല്‍പ്പറഞ്ഞ രണ്ട് ഘടകങ്ങളും കൂടാതെ വിപണിമൂല്യം വിലയിരുത്തിയും ബാങ്കിന്റെ സാമ്പത്തിക ആരോഗ്യം മനസിലാക്കാം. ബാങ്കിന്റെ എല്ലാ ഓഹരികളുടെയും മൊത്തം മൂല്യമാണിത്. ബാങ്കിന്റെ ഓഹരി മൂല്യവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ഇതിന് വ്യതിയാനം വരാം. വാര്‍ഷിക- അര്‍ധ വാര്‍ഷിക ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ കൃത്യതയുള്ള സൂചനകള്‍ ഇതിലൂടെ മനസിലാക്കാം.

English Summary: Details of Lakshmi Vilas Bank Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com