വായ്പ ചോദിച്ചു ചെല്ലുമ്പോൾ ബാങ്ക് മാനേജരോടു പറയാൻ പാടില്ലാത്ത 6 കാര്യങ്ങൾ

HIGHLIGHTS
  • കേവലമൊരു കള്ളത്തിന്റെ പേരിൽ വായ്പ നിഷേധിക്കപ്പെടരുതല്ലോ
agreement
SHARE

സിബിലും തിരിച്ചടവ് ക്ഷമതയും മറ്റു കടലാസുകളുമൊക്കെ അനുകൂലമാണെങ്കിലും വായ്പ നിഷേധിക്കപ്പെട്ട അനുഭവമുള്ളവരെക്കുറിച്ചു കേട്ടിട്ടില്ലേ? “അരുതാത്ത” ചില വർത്തമാനങ്ങൾ ബാങ്ക് മാനേജരോടോ വായ്പ പ്രോസസ് ചെയ്യുന്ന ഓഫീസറോടോ പറഞ്ഞു പോയതിനാലാകാം അവർക്ക് വായ്പ നിഷേധിക്കപ്പെട്ടത്.

എന്തൊക്കെയാണ് ആ “അരുതാത്ത” വർത്തമാനങ്ങൾ?

അതിനു മുൻപ്, ഒരു വായ്പ അനുവദിക്കാൻ ബാങ്ക് ഉദ്യോഗസ്ഥർ കടലാസുകളെ കൂടാതെ ഇടപാടുകാരന്റെ വിശ്വാസ്യതയെക്കൂടി കണക്കിലെടുക്കുന്നുണ്ട് എന്ന കാര്യം വ്യക്തമാക്കട്ടെ. അതായത് കടലാസുകൾ എത്ര കൃത്യമായാലും ശരി, ഇടപാടുകാരന് ഒരു കള്ളലക്ഷണം ഉണ്ട് എന്ന സംശയം തോന്നിയാൽ ബാങ്കുകാർ പിന്നെ അയാളെ ഏഴയലത്ത് അടുപ്പിക്കുകയില്ല.

അങ്ങനെ കള്ളലക്ഷണം ആരോപിക്കപ്പെടുന്ന ചില വർത്തമാനങ്ങളെക്കുറിച്ചറിയാം.

വർത്തമാനം 1 

മുൻപ് വായ്പയെടുത്തിട്ടുണ്ടെങ്കിലും “സാറേ, ആദ്യമായിട്ടാ ഞാനൊരു വായ്പയെടുക്കുന്നത്" എന്ന പറച്ചിൽ. മുൻപ് ഏതെങ്കിലും വായ്പയെടുത്തിട്ടുണ്ടോ, എന്നാണെടുത്തത്, എത്രയാണെടുത്തത്, കുടിശികയുണ്ടായിരുന്നോ തുടങ്ങി ഏതു സ്ഥാപനത്തിൽ നിന്നാണെടുത്തത് എന്ന വിവരമൊഴികെ മിക്ക കാര്യങ്ങളും സിബിൽ നോക്കുന്ന ബാങ്കുദ്യോഗസ്ഥർക്ക് കൃത്യമായും മനസിലാകും. അതുകൊണ്ട് ആദ്യമായിട്ടല്ല വായ്പയെടുക്കുന്നതെങ്കിൽ, ചുമ്മാ ഒരു ഗമയ്ക്കായിട്ടാണെങ്കിലും ആദ്യമായാണ് വായ്പയെടുക്കുന്നത് എന്നു പറയരുത്. കാരണം, നിങ്ങൾക്കെന്തോ ഒളിപ്പിക്കാനുണ്ടെന്നും നിങ്ങൾ സത്യസന്ധനല്ലെന്നും ബാങ്കുദ്യോഗസ്ഥർക്ക് ന്യായമായും തോന്നിയേക്കാം. തുടർന്ന് വായ്പ നിഷേധിക്കപ്പെടുകയും ചെയ്തേക്കാം.

വർത്തമാനം 2 

മുൻപെടുത്ത വായ്പകളിലേതിലെങ്കിലും തിരിച്ചടവു മുടങ്ങിയിട്ടുണ്ടെങ്കിലും “തിരിച്ചടവിൽ ഞാൻ കണിശക്കാരനാ സാറേ, ഇതുവരെയെടുത്ത എല്ലാ വായ്പയും അടവുദിവസത്തിനു തന്നെ അടച്ച പാരമ്പര്യമാ ഞങ്ങക്ക്” എന്ന പറച്ചിൽ. ഇപ്പറഞ്ഞത് വെറും അടവാണെന്ന് സിബിൽ നോക്കിയാൽ ബാങ്കുദ്യോഗസ്ഥർക്ക് മനസിലാവുമെന്നതിനാൽ അടവു തെറ്റിയിട്ടുണ്ടെങ്കിൽ കാര്യകാരണ സഹിതം തുറന്നുപറയുന്നതാണു നല്ലത്. ഇങ്ങനെ തുറന്നു പറഞ്ഞാൽ രണ്ടുണ്ടു ഗുണം. ഒന്ന്, ബാങ്കുദ്യോഗസ്ഥർക്ക് നമ്മളിലുള്ള വിശ്വാസം വർദ്ധിക്കും. രണ്ട്, സിബിൽ ശരിയാക്കാനുള്ള പോവഴികൾ ചിലപ്പോൾ ബാങ്കുദ്യോഗസ്ഥർ തന്നെ പറഞ്ഞു തന്നെന്നുമിരിക്കും.

വർത്തമാനം  3

“ഞങ്ങളിതു വരെ ഒരൊറ്റ വായ്പയുമെടുത്തിട്ടില്ല, ആർക്കും ജാമ്യം നിന്നിട്ടുമില്ല” എന്ന നുണയും ഒരു ഗമയ്ക്കു തട്ടി വിടുന്നവരുണ്ട്. സിബിൽ പണിതരുമെന്നതിനാൽ, ഇതുപോലെ ഇല്ലാത്ത ആഭിജാത്യം പറയാൻ നിൽക്കണ്ട.

വർത്തമാനം 4 

ചിലരുണ്ട്, “പലിശ എത്രയായാലും കുഴപ്പമില്ല, സാർ ലോൺ പാസാക്ക്, ഞാൻ അടച്ചോളാം” എന്നങ്ങു കാച്ചും. ഇവരെ ലേശം ഭയത്തോടെയാണ് ബാങ്കുകാർ കാണുന്നത് എന്നു പറഞ്ഞാൽ തെറ്റില്ല. കാരണം, തൽക്കാലത്തേയ്ക്ക് കാര്യം നടന്നു കിട്ടണം എന്നതാണ് ഇക്കൂട്ടർക്ക് പ്രധാനമെന്നും കൂടിയ പലിശയ്ക്കെടുത്താൽ വായ്പയെങ്ങനെ തിരിച്ചടയ്ക്കുമെന്ന കാര്യം വിഷയമേ അല്ലെന്നുമുള്ള ഒരു സന്ദേശമാണ് മേൽപ്പറഞ്ഞ അഭ്യർത്ഥനയിലുള്ളത്. നേരെ മറിച്ച്, ദശാംശം ഒന്നിനു പോലും പലിശ കുറയ്ക്കാനായി പേശുന്ന ഇടപാടുകാർ വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന ശീലമുള്ളവരാണ് എന്ന അനുഭവമാണ് ബാങ്കുകാർ പൊതുവെ പങ്കുവെച്ചു കാണുന്നത്. 

വർത്തമാനം 5 

മറ്റു ചിലരുണ്ട്, ആവശ്യമുള്ള വായ്പാതുക എത്രയെന്നു വ്യക്തമായി പറയില്ല. “മാക്സിമം പോരട്ടെ” എന്ന നിലപാടായിരിക്കും അവർക്ക്.  ഇത്തരം നിലപാടും സംശയദൃഷ്ടിയോടെ മാത്രമേ കാണുകയുള്ളൂ എന്നതിനാൽ, ആവശ്യമുള്ള തുക എത്രയെന്ന് മുൻകൂട്ടി നിശ്ചയിച്ച് ഉറപ്പാക്കിയതിനു ശേഷം മാത്രം ബാങ്കുദ്യോഗസ്ഥരുമായി സംസാരിക്കുക.

വർത്തമാനം 6 

ബാങ്കുകാരുടെ ഇടയിൽ അടുത്തയിടെ നടത്തിയ ഒരു അനൗദ്യോഗിക സർവേ പ്രകാരം എല്ലാ ബാങ്ക് മാനേജർമാരും ഏറ്റവുമധികം ഭയപ്പെടുന്ന ചോദ്യമാണ് അവസാനമായി പറയാനുള്ളത്. “നേരത്തേ അടച്ചുതീർത്താൽ കുഴപ്പമുണ്ടോ ?” എന്നതാണ് ആ ചോദ്യം.  കാരണം, ഇങ്ങനെ ചോദിച്ച് മാനേജരെ “സുഖിപ്പിച്ച്” വായ്പയെടുക്കുന്നവരിൽ വലിയൊരു വിഭാഗം ഇടപാടുകാർ വായ്പ കിട്ടാക്കടമാക്കിയ അനുഭവമാണ് ബാങ്കുകാർക്കുള്ളത്. അതുകൊണ്ട് ഇങ്ങനെ ചോദിക്കുന്നത്, ബാങ്ക് മാനേജരിൽ സംശയം ജനിപ്പിക്കാനും വായ്പ നിഷേധിക്കുന്നതിനു പോലും കാരണമായേക്കാം. ഇനി അഥവാ കാലാവധിക്കു മുന്നേ തന്നെ വായ്പ തിരിച്ചടക്കുന്നതിൽ എന്തെങ്കിലും പ്രയാസങ്ങളുണ്ടോ എന്നു നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ  “പിരീഡാകുന്നതിനു മുൻപേ തന്നെ ലോൺ ക്ലോസ് ചെയ്താൽ ചാർജുകളോ പെനാൽറ്റിയോ മറ്റോ ഉണ്ടോ” എന്ന് ഒന്നു രൂപമാറ്റം വരുത്തി ചോദിച്ചാൽ ഭംഗിയായിരിക്കും. ചോദ്യത്തെ ഇങ്ങനെ മാറ്റുന്നതിലൂടെ, വായ്പ കിട്ടാക്കടമാക്കാനല്ല, മറിച്ച്  ചാർജ്, പെനാൽറ്റി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചറിയാനാണ് നിങ്ങൾക്ക് താല്പര്യമെന്ന സന്ദേശമാണ് ബാങ്ക് ഉദ്യോഗസ്ഥന് ലഭിക്കുക. അതിലൂടെ, വായ്പ അനുവദിക്കാനുള്ള ആത്മവിശ്വാസവും ഉദ്യോഗസ്ഥന് ലഭിക്കും.

ഇന്നത്തെ ഗുണപാഠം:

ഡോക്ടറോടും വക്കീലിനോടൂം മാത്രമല്ല, അപ്പോൾ ഇനി മുതൽ ബാങ്ക് മാനേജരോടും കള്ളമൊന്നും പറയാൻ പാടില്ല. കാരണം, ഒരുപക്ഷേ അനുവദിക്കുന്നതിന്റെ അവസാന ഘട്ടത്തിലാവാം കേവലമൊരു കള്ളത്തിന്റെ പേരിൽ വായ്പ നിഷേധിക്കപ്പെടുന്നത്.

English Summary : Avoid These Queries to Bank People While Approaching for a Loan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA