ADVERTISEMENT

അപേക്ഷിച്ചാല്‍ വളരെ വേഗം കിട്ടും. പക്ഷേ പലിശ വളരെ കൂടുതലാണ്. അതാണ് ക്രഡിറ്റ് കാര്‍ഡ് വായ്പയുടെ ഏറ്റവും വലിയ പ്രത്യേകതയും. അതുകൊണ്ട് വളരെ അത്യാവശ്യത്തിനും മറ്റ് ഒരു മാര്‍ഗത്തില്‍ നിന്നും സാമ്പത്തിക സഹായം കിട്ടില്ല എന്ന സാഹചര്യത്തിലും മാത്രം ക്രഡിറ്റ് കാര്‍ഡ് വായ്പയെ ആശ്രയിക്കാം. ക്രഡിറ്റ് കാര്‍ഡ് വായ്പ എടുക്കും മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.

1. വായ്പനേടാനായി പുതുതായി രേഖകളൊന്നും നല്‍കേണ്ടതില്ല. വായ്പ വേണം എന്നുള്ള കാര്യം ആവശ്യപ്പെട്ടാല്‍ മാത്രം മതി.

2. ഓരോ ക്രഡിറ്റ് കാര്‍ഡിനും നിങ്ങള്‍ക്ക് ചിലവഴിക്കാവുന്ന ക്രഡിറ്റ് ലിമിറ്റ് നിശ്ചയിച്ചിട്ടുണ്ടാകും. ഒരു മാസം അത്രയും തുകയ്ക്കുള്ള ഇടപാട് ആണ് നിങ്ങള്‍ക്ക് നടത്താനാകുക. നിങ്ങള്‍ക്ക് ക്രഡിറ്റ് കാര്‍ഡ് കമ്പനി അനുവദിച്ചിരിക്കുന്ന ക്രഡിറ്റ് കാര്‍ഡിന്റെ പരിധിയുടെ 40 മുതല്‍ 100 ശതമാനം വരെയോ അതില്‍ കൂടുതലോ തുക വായ്പയായി ലഭിക്കും. ഒരു ലക്ഷം രൂപയാണ് ക്രഡിറ്റ് ലിമിറ്റ് എങ്കില്‍ 40,000 മുതല്‍ ഒരു ലക്ഷം രൂപവരെ വായ്പയായി ലഭിക്കാം.

3. രണ്ട് രീതിയില്‍ പണം എടുക്കാം

ക്രഡിറ്റ് കാര്‍്ഡ് വഴി രണ്ടുരീതിയിലാണ് പണം എടുക്കാന്‍ പറ്റുക. കാഷ് വിത്‌ഡ്രോവല്‍ ആണ് അതിലോന്ന്. ഓരോ കാര്‍ഡിലും ക്രഡിറ്റ് ലിമിറ്റ് പോലെ കാഷ് വിത്‌ഡ്രോവല്‍ ലിമിറ്റും എല്ലാ മാസത്തേക്കും നിശ്ചയിച്ചിട്ടുണ്ടാകും. കാഷ് വിത്‌ഡ്രോവല്‍ ലിമിറ്റിലെ തുക എ.ടി.എം കൗണ്ടര്‍ വഴി ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കാം. എടുക്കുന്ന തുകയുടെ 2.5 ശതമാനം ട്രാന്‍സാക്ഷന്‍ ഫീസ് ആയി നല്‍കണം. പ്രതിമാസം രണ്ടുമുതല്‍ 3.5 ശതമാനം വരെയുള്ള വിവിധ നിരക്കുകളാണ് ഓരോ കാര്‍ഡും പലിശയായി ഈടാക്കുന്നത്. വായ്പ ലഭിച്ച ദിവസം മുതല്‍ ഈടാക്കും.  

4. ക്രഡിറ്റ് കാര്‍ഡ് വായ്പയുടെ പലിശ നിരക്ക് പ്രതിമാസ നിരക്കിലാണ് കണക്കാക്കുന്നത്. മറ്റെല്ലാ വായ്പയുടെയും പലിശ വാര്‍ഷിക നിരക്കിലാണ് കണക്കാക്കാറുള്ളത്. ക്രഡിറ്റ് കാര്‍ഡ് വായ്പയുടെ പലിശ പ്രതിമാസം 3.5 ശതമാനം ആണെന്ന് പറഞ്ഞാല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ പലിശ 42 ശതമാനമാണ്(3.5X12). ഭവനവായ്പയുടെ വാര്‍ഷിക പലിശ നിരക്ക് വെറും 8.5 ശതമാനം ആണ് എന്നതുകൂടി ഓര്‍ക്കുമ്പോള്‍ ക്രഡിറ്റ് കാര്‍ഡ് വായ്പാ പലിശ എത്ര വലുതാണ് എന്ന് മനസിലായിക്കാണുമല്ലോ.

5. ക്രഡിറ്റ് കാര്‍ഡിന്മേല്‍ ലഭിക്കുന്ന വായ്പ പെഴ്‌സണല്‍ ലോണ്‍ പോലുള്ള വായ്പയാണ്. അതിനേക്കാള്‍ പലിശ അല്‍പ്പം കൂടുതലായിരിക്കും. എന്നാല്‍ കാഷ് വിത്‌ഡ്രോവലിന് ഈടാക്കുന്ന അത്രയും ഉയര്‍ന്ന പലിശ ആയിരിക്കില്ല. കാഷ് വിത്‌ഡ്രോവല്‍ ലിമിറ്റിനേക്കാള്‍ കൂടുതല്‍ തുക ഇത്തരത്തില്‍ വായ്പയായി ലഭിക്കുകയും ചെയ്യും.

6. കിട്ടാനെളുപ്പം

പ്രത്യേകം രേഖകളൊന്നും സമര്‍പ്പിക്കേണ്ട. അപേക്ഷിച്ചാല്‍ ഉടന്‍ പണം. ഇവയൊക്കെയാണ് ക്രഡിറ്റ് കാര്‍ഡ് വായ്പയുടെ ആകര്‍ഷണീയത. പെട്ടെന്ന തിരിച്ചടയ്ക്കാന്‍ പറ്റും എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം ക്രഡിറ്റ് കാര്‍ഡ് വായ്പയുടെ പുറകെ പോയാല്‍ മതി.

7.നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് കമ്പനിയില്‍ വിളിച്ച് വായ്പ വേണം എന്ന് പറയുക. അവര്‍ നിങ്ങളുടെ ക്രഡിറ്റ് ഹിസ്റ്ററി, ബില്ല് അടയ്ക്കുന്നതിലെ കൃത്യത തുടങ്ങിയവ പരിശോധിച്ച് തൃപ്തികരമെങ്കില്‍ മാത്രം വായ്പ നല്‍കും. വായ്പ തുക നിങ്ങളുടെ അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്തുനല്‍കും. വായ്പ കാലാവധിക്കുമുമ്പ് ഒരുമിച്ച് തിരിച്ചടച്ച് ക്ലോസ് ചെയ്യാം. പക്ഷേ അതിന് നല്ലൊരു തുക പ്രീ പേയ്‌മെന്റ് പെനാല്‍റ്റിയായി ഈടാക്കും.

8.വസ്തുക്കള്‍ വാങ്ങിയശേഷം അതിന്റെ പണം തവണവ്യവസ്ഥയില്‍ തിരിച്ചടയ്ക്കാനുള്ള സൗകര്യവും ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നുണ്ട്. അറ് മാസം മുതല്‍ മൂന്നുവര്‍ഷം വരെ തിരിച്ചടവ് കാലാവധി നല്‍കുന്ന ക്രഡിറ്റ് കാര്‍ഡുകളുമുണ്ട്. കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടിനുശേഷം ഫോണ്‍, എസ്.എം.എസ് വഴിയോ വെബ്‌സൈറ്റ് വഴിയോ നടത്തിയ ഇടപാട് ഇ.എം.ഐ വ്യവസ്ഥയിലേക്ക് മാറ്റണം എന്ന അപേക്ഷ കാര്‍ഡ് കമ്പനിക്ക് നല്‍കിയാല്‍ മതി. 

9. ഒന്നിലേറെ ക്രഡിറ്റ് കാര്‍ഡ് കയ്യിലുണ്ടെങ്കില്‍ മറ്റ് ക്രഡിറ്റ് കാര്‍ഡിലെ ബില്‍തുക അടയ്ക്കാനും ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. ബാലന്‍സ് ട്രാന്‍സ്ഫര്‍ എന്നാണ് ഇതിനുപറയുക. ഈ തുകയും ഇ.എം.ഐ ആയി മാറ്റാം.

(ലേഖകന്റെ. ഇ മെയ്ല്‍ jayakumarkk8@gmail.com)

English Summary: Know More about Credit Card Loan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com