വീട്ടിലിരുന്ന് എങ്ങനെ ബാങ്കിങ് ഓംബുഡ്‌സ്മാന് പരാതി നല്‍കാം

HIGHLIGHTS
  • പരാതി ഉണ്ടായാല്‍ ഉടനെ ഓംബുഡ്‌സ്മാനെ സമീപിക്കരുത്
agreed
SHARE

എങ്ങനെ വീട്ടിലിരുന്ന് ബാങ്കുകള്‍ക്കെതിരെ ഓംബുഡ്‌സമാന് പരാതി നല്‍കാം?  നിങ്ങളുടെ പരാതി എന്തുമായിക്കൊള്ളട്ടെ പരാതി നല്‍കിയാല്‍ പരിഹാരം ഉറപ്പ്. വീട്ടിലിരുന്ന് കംപ്യൂട്ടര്‍ വഴിയോ മൊബൈല്‍ ഉപയോഗിച്ചോ ഇന്റര്‍നെറ്റ് സെന്ററില്‍ പോയോ പരാതി നല്‍കാം. ആകെ ഒരു 10 മിനിറ്റ് ചിലവഴിക്കുകയേ വേണ്ടൂ.

ബാങ്കുകള്‍ക്ക് എതിരെ ഇന്ന് വലിയ പരാതികളാണ് ഉയരുന്നത്. എറ്റിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചിട്ട് കിട്ടാതെ വരുന്നതും അക്കൗണ്ടില്‍ പണം കുറയുന്നതും മുതല്‍ അന്യായമായ നിരവധി നടപടികളും വീഴ്ചകളും പരാതികളായി ഉയരാറുണ്ടായിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പായിരുന്നു ഇടപാടുകാര്‍ നേരിടേണ്ടിവന്ന മറ്റൊരു പ്രശ്‌നം. കോവിഡിനെ തുടര്‍ന്ന് ഇത്തരം പരാതികളുടെ വ്യാപ്തി അല്‍പ്പം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വായ്പ മോറട്ടോറിയവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളാണ് ഉയരുന്നത്. ബാങ്കുകള്‍ പൊതുവേ ഈ സവിശേഷ സാഹചര്യത്തില്‍ ഇടപാടുകാര്‍ക്ക് ആശ്വാസം നല്‍കുന്ന ഗുണപരമായ ഇടപെടലാണ് നടത്തുന്നത്. എന്നാല്‍ ചില ബാങ്കുകള്‍ അല്ലെങ്കില്‍ ചില ബാങ്ക് ശാഖകള്‍ വളരെ നിഷേധാത്മാകമായ സമീപനം സ്വീകരിക്കുന്നതായും പരാതി ഉയരുന്നുണ്ട്. ന്യായമായ ഒരു സേവനവും ആനുകൂല്യവും നിഷേധിക്കാന്‍ ബാങ്കുകള്‍ക്ക് അവകാശമില്ല. അത് സംബന്ധിച്ച് നിങ്ങള്‍ ബാങ്കുദ്യോഗസ്ഥരുമായി തര്‍ക്കത്തിലോ വാഗ്വാദത്തിലോ ഏര്‍പ്പെടേണ്ടതില്ല. സൗമ്യമായി പരാതിപ്പെടുക. രേഖാമൂലം പരാതി നല്‍കുക. മറുപടിയും രേഖാമൂലം തന്നെ വാങ്ങുക. നീതി കിട്ടിയില്ലെങ്കില്‍ ബാങ്കിങ് ഓംബുഡ്‌സ്മാനെ സമീപിക്കാം.  എന്തെങ്കിലും സാമ്പത്തിക നഷ്ടമുണ്ടെങ്കില്‍ അതും പരിഹരിച്ചുതരും. ബാങ്കുകളെ സംബന്ധിച്ച ഏതു പരാതികളും ഓംബുഡ്മാന് നല്‍കാം. പരാതി തപാല്‍ വഴിയോ ഇ മെയിലായോ അയയ്ക്കുകയും ചെയ്യാം. തപാല്‍ വിലാസം ഇനി പറയുന്നതാണ്.

The Ombudsman

C/o Reserve Bank of India

Bakery Junction

P.B No.6507

Thiruvananthapuram-695 033

Tel. No.0471- 2332723/ 2323959

Email : bothiruvananthapuram@rbi.org.in

ബാങ്കിന്റെ സേവനങ്ങളില്‍ പരാതി ഉണ്ടായാല്‍ ഉടനെ ഓംബുഡ്‌സ്മാനെ സമീപിക്കരുത്. ആദ്യം ബാങ്കിന് രേഖാമൂലം പരാതി നല്‍കണം. രേഖാമൂലം മറുപടിയും നേടിയിരിക്കണം. ബാങ്കിന് പരാതി നല്‍കി 30 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ മറുപടി ഒന്നും നല്‍കിയിട്ടില്ല എന്നു കരുതി ഓംബുഡ്‌സ്മാനെ സമീപിക്കാം.

പരാതി തപാലില്‍ ആണ് അയക്കുന്നതെങ്കില്‍ വെള്ള പേപ്പറില്‍ എഴുതി അയച്ചാല്‍ മതി. പരാതിയോടൊപ്പം രേഖകള്‍ എല്ലാം അയച്ചിരിക്കണം. ബാങ്കിന് നല്‍കിയ പരാതി, ലഭിച്ച മറുപടി, അക്കൗണ്ട്, വിലാസം തുടങ്ങിയവ സംബന്ധിച്ച രേഖകളുടെ കോപ്പികള്‍ അപേക്ഷയോടൊപ്പം നല്‍കണം.

പരാതിയില്‍ ഉണ്ടായിരിക്കേണ്ട വിവരങ്ങള്‍ ഇനി പറയുന്നവയാണ്

1. നിങ്ങളുടെ പേരും വിലാസവും ഫോണ്‍ നമ്പരും.

2. നിങ്ങളുടെ അക്കൗണ്ട് നമ്പര്‍, എറ്റിഎം, ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡ് നമ്പര്‍.

3. നിങ്ങളുടെ ബാങ്കിന്റെ പേരും വിലാസവും

4. എന്താണ് നിങ്ങളുടെ പരാതി. അതിന് ആധാരമായ രേഖകളുടെ കോപ്പി.

5. ബാങ്കിന്റെ വീഴ്ചമൂലം നിങ്ങള്‍ക്ക് എന്ത് സാമ്പത്തിക നഷ്ടം ഉണ്ടായി. അതിന്മേല്‍ എത്ര തുക നഷ്ടപരിഹാരം വേണം.

6. മറ്റെന്തെങ്കിലും രേഖകളുണ്ട് എങ്കില്‍ അവയും അപേക്ഷയോടൊപ്പം നല്‍കാം.

ഇനി എങ്ങനെയാണ് ഓണ്‍ലൈനായി ഓംബുഡ്മാന് പരാതി നല്‍കുന്നത് എന്ന് നോക്കാം.

ഇതിനായി ആര്‍ബിഐ പ്രത്യേകം ഏര്‍പ്പെടുത്തിയിരിക്കുന്ന കംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പോര്‍ട്ടലില്‍ പ്രവേശിക്കണം.

പോര്‍ട്ടലിന്റെ പേര്

https://cms.rbi.org.in

https://cms.rbi.org.in/cms/IndexPage.aspx?aspxerrorpath=/cms/cms/indexpage.aspx

പോര്‍ട്ടലില്‍ പ്രവേശിച്ചാല്‍ പരാതി നല്‍കാനുള്ള ഫോം കാണാം. അത് പൂരിപ്പിച്ച് സമര്‍പ്പിച്ചാല്‍ പരാതി സമര്‍പ്പണം കഴിഞ്ഞു.

നിങ്ങള്‍ പരാതി സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഇതേ പോര്‍ട്ടല്‍ ഉപയോഗിച്ച് അത് ട്രാക്ക് ചെയ്യാം.

ഓംബുഡ്മാന്റെ ആദ്യ തീര്‍പ്പില്‍ നിങ്ങള്‍ക്ക് തൃപ്തിയില്ലെങ്കില്‍ അപ്പീല്‍ നല്‍കാം. 

(ഇ മെയ്ല്‍ jayakumarkk8@gmail.com)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.