ADVERTISEMENT

ക്രെഡിറ്റ് സ്‌കോര്‍ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് ബാങ്കുകള്‍ ഭവനവായ്പയുടെ പലിശ നിര്‍ണയിക്കുന്നതും വായ്പ അനുവദിക്കുന്നതും. ഉയര്‍ന്ന സ്‌കോറുള്ളവര്‍ക്ക് റിസ്‌ക് കുറയും എന്നതാണ് ഇതിന് പിന്നിലെ വസ്തുത. ക്രെഡിറ്റ് സ്‌കോറിന് അനുസൃതമായി വ്യത്യസ്ത നിരക്കിലാണ് പലിശ ഈടാക്കുന്നത്. ഇതടക്കമുള്ള വായ്പ യോഗ്യതകള്‍ സ്വയം വിലയിരുത്തിയ ശേഷം വേണം അനുയോജ്യമായ നിരക്കും സ്ഥാപനവും തിരഞ്ഞെടുക്കേണ്ടത്.

ഭവനവായ്പ എടുത്തവരുടെ സ്ഥിരം പരാതിയാണ് എത്ര അടച്ചാലും വായ്പ തീരില്ല എന്നത്. പ്രധാനമായും ആദ്യ വര്‍ഷങ്ങളില്‍ പലിശ മാത്രം അടഞ്ഞു പോകുന്നതാണ് ഇതിനു കാരണം. ഈ സമയത്ത് മുതലിലേക്ക് വളരെ കുറഞ്ഞ തുകയേ വരവു വയ്ക്കപ്പെടുന്നുള്ളൂ. 

കുറഞ്ഞ പലിശ നോക്കുക

പരമാവധി കുറഞ്ഞ പലിശയുള്ള വായ്പ എടുക്കുക. ഇതിനു ബാങ്കുകളുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പലിശയും വായ്പയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കണം. എന്നിട്ടേ ബാങ്കിലേക്ക് പോകാവൂ. പലിശ കാല്‍ ശതമാനം കുറഞ്ഞാൽ പോലും ദീര്‍ഘകാലയളവില്‍ അത് വലിയൊരു ആശ്വാസമാകും. ഇരുപത്തിയഞ്ചു ലക്ഷം രൂപ 25 വര്‍ഷത്തേക്ക് 7.10 ശതമാനത്തിന് എടുത്താല്‍ ആകെ തിരിച്ചടവ് 53,48,783 രൂപയായിരിക്കും. ഇതിൽ പലിശ മാത്രം 28,48,783 രൂപയാകും. എന്നാൽ, പലിശ 6.85 ശതമാനമാണെങ്കില്‍ 27,29,293 രൂപയേ വരൂ. വ്യത്യാസം 1,19,490 രൂപ.

ഹിഡൻ ചാര്‍ജുകള്‍ ഇല്ലെന്നുറപ്പാക്കുക

വിവിധതരത്തിൽ ബാങ്കുകൾ നിങ്ങളിൽ നിന്നു ചാർജുകൾ ഈടാക്കാം. അതനുസരിച്ച് ബാധ്യതയും ഉയരുന്നു. അതിനാൽ വായ്പ വാങ്ങുംമുൻപ് ഒളിഞ്ഞിരിക്കുന്ന ചാർജുകൾ ഇല്ലെന്ന് ഉറപ്പാക്കണം.

ദീർഘ കാലയളവ് ഒഴിവാക്കാം

നിവൃത്തിയുണ്ടെങ്കില്‍ ദീർഘകാലത്തേക്ക് വായ്പ എടുക്കുന്നത് ഒഴിവാക്കുക. കൂടുതല്‍ പലിശ അടയ്‌ക്കേണ്ടി വരുന്നതിനുള്ള പ്രധാന കാരണം ഉയർന്ന കാലാവധി ആണ്. 25 ലക്ഷം രൂപയുടെ വായ്പ 6.85 ശതമാനത്തിനു 15 വര്‍ഷത്തേക്കാണ് എടുത്തതെങ്കിൽ പലിശ 15,07,083 രൂപയേ വരൂ (ഇഎംഐ 22,262 രൂപ). കാലാവധി 25 വര്‍ഷമായാല്‍ ഇതു 27,29,293 (ഇംഎംഐ-17,431 രൂപ) രൂപയായി ഉയരും. വ്യത്യാസം 12,22,210 രൂപ.  ഇവിടെ പ്രതിമാസ അടവില്‍ 4,831 രൂപയുടെ അധിക ബാധ്യത വരുന്നു. എങ്കിലും വരും വര്‍ഷങ്ങളിലെ ശമ്പളവര്‍ധന അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാല്‍ ഈ സാധ്യത ഉപയോഗിക്കാനാകും. 

അപ്രതീക്ഷിത വരുമാനം

പലപ്പോഴും പല വഴിയില്‍ നമുക്ക് അപ്രതീക്ഷിത വരുമാനം ലഭിക്കാം. ഇങ്ങനെ ലഭിക്കുന്ന പണം വായ്പയിലേക്ക് അടച്ചാല്‍ മുതലും കാര്യമായി കുറയ്ക്കാനാകും. അതോടെ വലിയ പലിശ ബാധ്യത ഒഴിവാകുന്നു. ആദ്യ വര്‍ഷങ്ങളില്‍ ഇഎംഐ തുകയുടെ സിംഹഭാഗവും പലിശയിലേക്കാവും പോകുക. അധിക തുക അടച്ചുകൊണ്ടിരുന്നാല്‍ പലിശ വലിയ തോതില്‍ കുറയും. എന്നാല്‍, ഫിക്സഡ് റേറ്റ് വായ്പകളിൽ ഇത്തരം തിരിച്ചടവിനു ചില ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്. വായ്പ വാങ്ങും മുൻപ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം.

മോറട്ടോറിയം വേണ്ട

ചില ബാങ്കുകള്‍ വായ്പ അനുവദിച്ച് ആദ്യ ആറു മാസത്തെ ഇഎംഐ ഒഴിവാക്കാറുണ്ട്. ഇത്തരം പദ്ധതികളിൽപ്പെടാതിരിക്കുക. ഈ പലിശ മുതലിനോടു ചേർക്കപ്പെടുക വഴി പിന്നീട് തിരിച്ചടവ് തുടങ്ങുമ്പോള്‍ കൂട്ടുപലിശ കൂടി വരും. ഇത് വലിയ ബാധ്യതയുണ്ടാക്കാം.

സ്വിച്ച് ഓവര്‍

നിലവിലെ വായ്പയുടെ പലിശ കൂടുതലാണെങ്കില്‍ നിരക്കു കുറഞ്ഞ ബാങ്കിലേക്ക് സ്വിച്ച് ഓവര്‍ ചെയ്യാം. അടവ് ബാക്കി, പലിശ വ്യത്യാസം, സ്വിച്ച് ഓവര്‍ ചാര്‍ജ് (ഉണ്ടെങ്കില്‍) ഡോക്യുമെന്റേഷന്‍ ചാര്‍ജ് എന്നിവ കണക്കാക്കി ആദായകരമെങ്കില്‍ മാത്രം ഇതിന് മുതിരുക. പലിശനിരക്കിൽ അര ശതമാനമെങ്കിലും വ്യത്യാസമുണ്ടെങ്കിലേ പുതിയ ബാങ്കിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ.

ഇഎംഐ വർധിപ്പിക്കാം

ഭവന വായ്പ എടുക്കുന്നത് ദീര്‍ഘകാലത്തേക്കാണ്. വായ്പ എടുക്കുന്ന സമയത്തെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചായിരിക്കും ഇഎംഐയും വായ്പ കാലാവധിയും തീരുമാനിക്കുക. വീട് പണിയുമ്പോഴുള്ള താൽക്കാലിക പ്രതിസന്ധിയെ രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോള്‍ ഭൂരിഭാഗം പേരും മറികടക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാങ്കുകള്‍ ഇഎംഐ വർധിപ്പിക്കാൻ അവസരം നൽകാം. പലപ്പോഴും വര്‍ഷത്തില്‍ ഒരിക്കലാണ് ഇതു ലഭിക്കുക. വർഷാവർഷം വരുമാനം കൂടുന്നവർക്ക് ഈ രീതി പിന്തുടരാം.

English Summary: Know These Things to take Home Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com