ADVERTISEMENT

പലിശ കുറയുന്നത് വായ്പ എടുത്ത് വീടു പണിയാൻ ആഗ്രഹിക്കുന്നവർക്ക് അനുഗ്രഹമാണ്. എന്നാൽ, ദീർഘമായ തിരിച്ചടവ് കാലയളവ് മുൻനിർത്തി ഭവനവായ്പ എടുക്കുവാൻ മടിക്കുന്നവരും ഉണ്ട്. ഇത്തരക്കാർക്ക് വായ്പ എടുക്കാതെ തന്നെ വീട് സ്വന്തമാക്കാൻ ചിട്ടിയോ മ്യൂച്വൽ ഫണ്ടോ ഉപയോഗപ്പെടുത്താം. 

കാത്തിരിക്കാൻ സമയമുണ്ടോ?

ഒന്നു മുതൽ അഞ്ചു വർഷം വരെ കാത്തിരിക്കാൻ സമയമുള്ളവർക്ക് ഉചിതമായ വഴി ചിട്ടികളാണ്. ഇപ്പോൾ മ്യൂച്വൽ ഫണ്ട് എസ്ഐപി ആരംഭിച്ചാലും അഞ്ചു വർഷത്തിനുശേഷം വീട് നിർമാണത്തിന് ആവശ്യമായ പണം സമാഹരിക്കാനാകും. ഭവനവായ്പയുമായി താരതമ്യം ചെയ്യുമ്പോൾ പലിശയിനത്തിൽ ഭീമമായ നഷ്ടം സംഭവിക്കുന്നില്ലെന്നതാണ് ഇവിടത്തെ നേട്ടം. പക്ഷേ, വർഷങ്ങൾ കഴിയുന്നതനുസരിച്ച് നിർമാണച്ചെലവിലുണ്ടാകുന്ന വർധന കൂടി വിലയിരുത്തേണ്ടതുണ്ട് 

നിശ്ചിത എണ്ണം വ്യക്തികളിൽനിന്നു ശേഖരിക്കുന്ന തുക ഓരോ മാസവും പങ്കാളികളായ ഓരോരുത്തർക്കായി വിതരണം ചെയ്യുന്ന രീതിയാണ് ചിട്ടി എന്നത് നമുക്കറിയാം. എത്ര ആളുകളുണ്ടോ അത്രയും മാസം ആകും ചിട്ടിയുടെ കാലാവധി.

വിശ്വസ്തരും പ്രവർത്തന പാരമ്പര്യം ഉള്ളതുമായ സ്ഥാപനങ്ങളിലേ ചിട്ടി ചേരാവൂ. ചിട്ടി ആക്ട് പ്രകാരം പ്രവർത്തിക്കുന്നവയാണ് ഇവയെന്നും ഉറപ്പുവരുത്തണം. നമ്മുടെ നാട്ടിൽ കെഎസ്എഫ്ഇ അടക്കം മികച്ച ചിട്ടി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.  ചിട്ടി നടത്തുന്നവർക്ക് നിയമപ്രകാരം കമ്മിഷനായി അഞ്ചു ശതമാനം തുക എടുക്കാം. 30 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്ന ആൾക്ക് അത്യാവശ്യത്തിനു 25 ലക്ഷം വേണമെങ്കിൽ, ആ തുകയ്ക്ക് ചിട്ടി വിളിച്ചെടുക്കാം. ലേലക്കിഴിവ്(30–25=5 ലക്ഷം) ഡിവിഡൻഡ് ആയി ചിട്ടിയിലുള്ള എല്ലാവർക്കും വീതിച്ചു നൽകുന്നു. വീട് വയ്ക്കാനുള്ള പണത്തിനായി ചിട്ടിയിൽ ചേരുന്നവർ നേരത്തെ വിളിച്ചെടുക്കുന്നതാകും നല്ലത്. 

ചിട്ടി എങ്ങനെ ഉപയോഗപ്പെടുത്താം?

ഒരു ചിട്ടി എങ്ങനെ വീടു വെയ്ക്കാൻ ഉപയോഗപ്പെടുത്താമെന്നു നോക്കാം. ഒരാൾ 30 ലക്ഷം രൂപയുടെ ചിട്ടി 10 വർഷക്കാലത്തേയ്ക്ക് ചേർന്നു എന്നിരിക്കട്ടെ. പ്രതിമാസ തവണ 25,000 രൂപ. ആദ്യമാസങ്ങളിൽ 30% ലേലക്കിഴിവ് കിട്ടിയാൽ ശരാശരി 17,500 രൂപ മാസം അടച്ചാൽ മതിയാകും. ഈ ചിട്ടി വിളിച്ചെടുത്താൽ അഞ്ച് ശതമാനം കമ്മീഷൻ (ഇവിടെ ഒന്നര ലക്ഷം രൂപ) പോകും. ഉപഭോക്താവിനു ഇത് നഷ്ടമാണെന്നു തോന്നാം. എന്നാൽ ബാങ്ക് വായ്പ എടുത്താൽ, ഇതേ തുകയ്ക്ക്, ഇതേ തവണ വ്യവസ്ഥയിൽ തിരിച്ചടച്ചാൽ 30 ലക്ഷത്തിനു 10 വർഷം കൊണ്ട് 17 ലക്ഷം രൂപ പലിശ വരാം. ചിട്ടികളും ബാങ്ക് ഭവനവായ്പയും താരതമ്യം ചെയ്യുമ്പോൾ, പലിശ അടവ് ഇല്ലാത്തതിനാൽ ചുരുങ്ങിയത് 10 ലക്ഷം രൂപയുടെ ലാഭം ചിട്ടി വഴി ലഭിക്കും.

വായ്പയ്ക്കു പകരം എസ്ഐപി

നിശ്ചിതതുക മാസം അടച്ച്, വർഷങ്ങൾക്കുശേഷം വലിയൊരു തുകയായി തിരികെ ലഭിക്കുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP). മികച്ച മ്യൂച്വൽ ഫണ്ടുകൾ വേണം തിരഞ്ഞെടുക്കാൻ. നല്ല ഫണ്ടാണെങ്കിൽ 12% ശരാശരി ആദായം പ്രതീക്ഷിക്കാം. മാസം 24,000രൂപ അടച്ചാൽ അഞ്ചു വർഷം കൊണ്ട് ഇത് 20 ലക്ഷത്തിലേക്കെത്തും. ഇതേ 20 ലക്ഷം ബാങ്ക് വായ്പ എടുത്ത്, മാസം 24,000 രൂപ ഇഎംഐ അടച്ചാൽ 13 ലക്ഷത്തോളം രൂപ പലിശ മാത്രം വരും. എസ്ഐപിയിൽ ആകട്ടെ 20 ലക്ഷം ലഭിക്കാൻ 14 ലക്ഷം രൂപയാണ് നമ്മൾ അഞ്ചു വർഷം കൊണ്ട് അടയ്ക്കുന്നത് 

English Summary : Build a Home without Investment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com