ADVERTISEMENT

മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പിനെതിരെ ആര്‍ ബി ഐ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും മുന്നറിയിപ്പ് നല്‍കുന്നു. ബാങ്കിന്റെയോ മറ്റ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ അടക്കമുള്ളവയുടെയോ ആധികാരികമായ ടോള്‍ ഫ്രീ നമ്പറെന്ന് തോന്നിപ്പിക്കും വിധമുള്ള ഫോണ്‍ നമ്പര്‍ മുഖേനയാണ് തട്ടിപ്പ് അരങ്ങേറുന്നത്.

ടോള്‍ ഫ്രീ നമ്പര്‍ വിശ്വസിക്കല്ലേ

നിലവില്‍ എല്ലാ ധനകാര്യസ്ഥാപനങ്ങള്‍ക്കും അതാതിന്റെ ടോള്‍ ഫ്രീ നമ്പറുകളുണ്ട്.  ഇത്തരം സ്ഥാപനങ്ങളുടെ നമ്പറുകളെന്ന് തോന്നിപ്പിക്കുന്നവ തരപ്പെടുത്തി ഐഡന്റിഫിക്കേഷന്‍ മൊബൈല്‍ ആപ്പായ ട്രൂകോളറില്‍ ബാങ്കിന്റെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ പേരില്‍ റജിസ്‌ടര്‍ ചെയ്യും.  ഇതാണ് സോഷ്യല്‍ എഞ്ചിനീയറിംഗ് ഫ്രോഡ് എന്ന് ആര്‍ ബി ഐ തന്നെ വിശേഷിപ്പിക്കുന്ന തട്ടിപ്പിന്റെ ആദ്യപടി. യഥാര്‍ഥ ടോള്‍ ഫ്രീ നമ്പറില്‍ നിന്ന് ഒരക്കം മാത്രമായിരിക്കും ഇതിന് വ്യത്യാസമുണ്ടാവുക. ഇതറിയാതെ ട്രൂകോളറിൽ തപ്പിയെടുത്ത് ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുന്ന ഉപഭോക്താവ് നിര്‍ണായകമായ വിവരങ്ങള്‍ മുഴുവന്‍ കൈമാറും. ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, യൂസര്‍ നെയിം, ഒടിപി അടക്കമുള്ളവ ശരിയായ ടോള്‍ഫ്രീ നമ്പറെന്ന് തെറ്റിദ്ധരിച്ച് കൈമാറുകയും ഇതുപയോഗിച്ച് തട്ടിപ്പ് അരങ്ങേറുകയും ചെയ്യുന്നു.

ട്രൂകോളര്‍ എല്ലാം ട്രൂവല്ല

ട്രൂകോളറില്‍ തട്ടിപ്പുകാര്‍ ഉണ്ടാക്കിയ നമ്പറും കൂടി വരുന്നതിനാല്‍ ഉപഭോക്താവ് ഇവിടെ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ആവശ്യമായ മുന്‍കരുതലെടുക്കണമെന്നാണ് ആര്‍ ബി ഐ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനെതിരെ ഉപഭോക്താക്കളെ ബോധവത്കരിക്കാന്‍ സ്ഥാപനങ്ങളുടെ ബ്രാഞ്ചുകളില്‍ നോട്ടീസ് ബോര്‍ഡുകളില്‍ ഈ മുന്നറിയിപ്പ് പതിക്കണം. കൂടാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇതിനുള്ള മുന്നറിയിപ്പ് നല്‍കണം. വെബ്‌സൈറ്റുകളിലും എസ് എം എസ് വഴിയും ഉപഭോക്താക്കളെ ഇതേക്കുറിച്ച് അറിയിക്കണമെന്നും ആര്‍ ബി ഐ അറിയിപ്പില്‍ പറയുന്നുണ്ട്. ഇ മെയില്‍ വഴിയും ബാങ്കുകള്‍ ഉപഭോക്താക്കളെ പുതിയ തട്ടിപ്പിനെ കുറിച്ച് ബോധവത്കരിക്കേണ്ടതുണ്ട്.

Englisg Summary : Warning from RBI againt new Banking Fraud

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com