ADVERTISEMENT

നിങ്ങവുടെ വായ്പ മുടങ്ങിയോ? എങ്ങനെയെങ്കിലും അതൊന്നു തിരിച്ചടയ്ക്കാനുള്ള ആധിയിലാണോ?. ഉള്ളതെല്ലാം നുള്ളിപ്പെറുക്കിയും വിറ്റും മറ്റുള്ളവരോട് കടംവങ്ങിയും ബാങ്കില്‍ കൊണ്ടുപോയി കൊടുത്തു തീർക്കാനുള്ള ആലോചനയിലാണോ?. വരട്ടെ, ഒരു മിനിറ്റ് ആലോചിക്കൂ. 

പ്രശ്നം തുടങ്ങുകയായി

ബാങ്ക് തുക വാങ്ങിയശേഷം നിങ്ങളുടെ വായ്പ സെറ്റില്‍മെന്റിന് വിധേയമാക്കും. വായ്പ ബുക്കില്‍ നിങ്ങളുടെ അക്കൗണ്ടിന് നേരെ സെറ്റില്‍ഡ് എന്ന് രേഖപ്പെടുത്തും. ഒരു നൂലാമാല ഒഴിഞ്ഞല്ലോ, കടഭാരം തീര്‍ന്നല്ലോ എന്നാശ്വാസത്തോടെ നിങ്ങള്‍ ബാങ്കില്‍ നിന്ന് പോരും. പക്ഷേ നിങ്ങളുടെ പ്രശ്‌നം അവസാനിക്കുകയല്ല, ആരംഭിക്കുകയാണ് എന്ന കാര്യം കൂടി ഒാര്‍ക്കണം. വായ്പ ക്ലോസ് ചെയ്യാതെ സെറ്റില്‍ ചെയ്താല്‍ നിങ്ങളുടെ ക്രഡിറ്റ് സ്‌കോറില്‍ 100 പോയിന്റെയെങ്കിലും കുറവ് സംഭവിച്ചേക്കാം. മാത്രമല്ല നിങ്ങളുടെ ക്രഡിറ്റ് റിപ്പോര്‍ട്ടില്‍ 5-7 വര്‍ഷക്കാലത്തോളം ഈ വായ്പ അക്കൗണ്ടിന് നേരെ സെറ്റില്‍ഡ് എന്ന് രേഖപ്പെടുത്തും.

ക്ലോസ്ഡ് തന്നെ നല്ലത്

നിങ്ങള്‍ പുതിയ വായ്പ എടുക്കാന്‍ ഒരു ബാങ്കിനെ സമീപിച്ചാല്‍ അവര്‍ ആദ്യം നിങ്ങളുടെ ക്രഡിറ്റ് റിപ്പോര്‍ട്ട് നോക്കും. അതില്‍ ഏതെങ്കിലും വായ്പ അക്കൗണ്ടിന് നേരെ സെറ്റില്‍ഡ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എങ്കില്‍ നിങ്ങള്‍ക്ക് വായ്പ തരില്ല. വായ്പ സെറ്റില്‍ഡ് ചെയ്യുക എന്നത് വായ്പ എടുത്തിട്ട് പണം തിരിച്ചടയ്ക്കാത്ത സ്വഭാവക്കാരനാണ് നിങ്ങള്‍ എന്നതിന്റെ തെളിവായിട്ടാണ് ബാങ്കുകള്‍ കണക്കാക്കുക. ക്രഡിറ്റ് റിപ്പോര്‍ട്ടില്‍ വായ്പ അക്കൗണ്ടിന് നേരെ ക്ലോസ്ഡ് എന്നുതന്നെ രേഖപ്പെടുത്തുന്നതാണ് ആരോഗ്യകരം. സെറ്റില്‍ഡ്, റിട്ടണ്‍ ഓഫ് എന്നൊക്കെ രേഖപ്പെടുത്തിയാല്‍ നിങ്ങളുടെ കഥ കഴിഞ്ഞു.

റിപ്പോർട്ടിൽ എഴുതിയത് എന്താണ്?

നിങ്ങളുടെ ക്രഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച് നിങ്ങള്‍ ക്ലോസ് ചെയ്തിട്ടുള്ള വായ്പകള്‍ അങ്ങനെയല്ലേ രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് ഉറപ്പാക്കണം. ക്രഡിറ്റ് റിപ്പോര്‍ട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഇത്. നിങ്ങള്‍ എടുത്തിട്ടുള്ള വായ്പ, ക്രഡിറ്റ് കാര്‍ഡ് എന്നിവയുടെ സ്റ്റാറ്റസ് ആണ് ഈ ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ടാകുക. ക്ലോസ്ഡ് എന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് എങ്കില്‍ അതിനര്‍ത്ഥം ബാങ്കില്‍ നിന്ന് എടുത്ത വായ്പ മുഴുവനായും നിങ്ങള്‍ തിരിച്ചടച്ച് ബാങ്ക് ആ വായ്പ അക്കൗണ്ട് ക്ലോസ് ചെയ്തു എന്നാണ്.  ഇനി സെറ്റില്‍ഡ് എന്നാണ് രേഖപ്പെടുത്തിയതെങ്കില്‍ അതിനര്‍ത്ഥം ബാങ്കിന് നിങ്ങള്‍ നല്‍കേണ്ട തുക മുഴുവന്‍ തിരികെ നല്‍കിയില്ല. പകരം കുറച്ച് പണം നല്‍കി. ബാങ്ക് അത് സ്വീകരിച്ച് നിങ്ങളുടെ വായ്പ അക്കൗണ്ട് സെറ്റില്‍ ചെയ്തു എന്നാണ്. ബാങ്കിന് ഇക്കാര്യത്തില്‍ നഷ്ടം വന്നിട്ടുണ്ടാകാം. ഇനി റിട്ടണ്‍ ഓഫ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ നിങ്ങള്‍ വായ്പ തിരിച്ചടയ്ക്കാതെ കിട്ടാക്കടമായതിനെ തുടര്‍ന്ന് ബാങ്ക് അത് റൈറ്റ് ഓഫ് ചെയ്തു അഥവാ എഴുതിത്തള്ളി എന്നാണ്. ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട് എങ്കില്‍ പിന്നീട് പുതിയ വായ്പ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്.

നിങ്ങള്‍ എന്തുചെയ്യണം?

കുറച്ച് പണം അടച്ച് വായ്പ സെറ്റില്‍ ചെയ്തു. ബാങ്ക് കുറച്ച് പണം ഇളവ് ചെയ്തുതന്നു. ഇങ്ങനെയാണ് എങ്കില്‍ സെറ്റില്‍ഡ് എന്നെഴുതിയതില്‍ തെറ്റില്ല. അതിന്റെ ഭവിഷ്യത്ത് നേരിടാനാകും. പുതിയ ക്രഡിറ്റ് കാര്‍ഡോ, വായ്പയോ എടുത്ത് ഇടപാടുകള്‍ നടത്തി മികച്ച പേയ്‌മെന്റ് ഹിസ്റ്ററി ഉണ്ടാക്കുക. പതുക്കെ നിങ്ങളുടെ ക്രഡിറ്റ് സ്‌കോര്‍ മെച്ചപ്പെടും. ഇപ്പോള്‍ വായ്പ ഒന്നും ആവശ്യമില്ലെങ്കിലും ക്രഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണം. കാരണം വായ്പ ആവശ്യമുള്ളപ്പോള്‍ ക്രഡിറ്റ് സ്‌കോര്‍ ഇതുപോലെ മെച്ചപ്പടുത്താന്‍ സാവകാശം ലഭിക്കില്ലല്ലോ.

ലോണ്‍ ക്ലോഷര്‍ സര്‍ട്ടിഫിക്കറ്റ്

ബാങ്കിന്റെ ഇളവ് ഒന്നും സ്വീകരിക്കാതെ മുഴുവന്‍ പണവും തിരിച്ചടച്ചിട്ടും സെറ്റില്‍ഡ് എന്നാണ് രേഖപ്പെടുത്തിയിരിക്കുുന്നതെങ്കില്‍ അത് മാറ്റി ക്ലോസ്ഡ് എന്ന് രേഖപ്പെടുത്താന്‍ ബാങ്കിനെയും സിബിലിനെയും സമീപിക്കണം. ബാങ്കിനും ക്രഡിറ്റ് ഏജന്‍സിക്കും രേഖാമൂലം അപേക്ഷ നല്‍കണം. മറുപടി രേഖാമൂലം വാങ്ങുകയും വേണം. ലോണ്‍ ക്ലോഷര്‍ സര്‍ട്ടിഫിക്കറ്റ് ആദ്യം ബാങ്കില്‍ നിന്ന് വാങ്ങണം. ഇക്കാരണത്താല്‍ പുതിയ വായ്പ ഏതെങ്കിലും ബാങ്ക് നിഷേധിച്ചാല്‍ അവര്‍ക്ക് മുമ്പാകെ ഈ കത്തിടപാടുകളുടെ രേഖകള്‍ കാട്ടാം.

ഇനി മുതല്‍ ഏത് വായ്പ ക്ലോസ് ചെയ്യുമ്പോഴും നിര്‍ബന്ധമായും ലോണ്‍ ക്ലോഷര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. അതില്‍ വായ്പ ക്ലോസ്ഡ് എന്നുതന്നെയാണ് രേഖപ്പടുത്തിയിരിക്കുന്നത് എന്നുറപ്പാക്കുകയും വേണം.

പേഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com

English Summary : Details of Bank Loan Closure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com