ADVERTISEMENT

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം മുമ്പെന്നത്തേക്കാളുമധികം കുതിച്ചുയരുമ്പോള്‍ ഇതിന് പരിഹാരമാകുമോ ധനമന്ത്രി ബജറ്റില്‍ നിര്‍ദേശിച്ച ബാഡ് ബാങ്ക്. ആര്‍ ബി ഐ ജനുവരിയില്‍ പുറത്തിറക്കിയ അതിന്റെ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടില്‍ കിട്ടാക്കടം 13.5 ശതമാനത്തിലേക്ക് എത്തിയെന്ന് വ്യക്തമാക്കിയിരുന്നു. 2020 ല്‍ ഇത് 7.5 ശതമാനമായിരുന്നു. കഴിഞ്ഞ 22 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതാണ് ഇതെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ബാങ്കുകളെ ശ്വാസം മുട്ടിക്കുന്ന കിട്ടാക്കട പ്രതിസന്ധിയില്‍ നിന്ന് മോചിപ്പിക്കാന്‍ പുതിയ ഡെവലപ്‌മെന്റ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ സ്ഥാപിക്കുമെന്ന് ബജറ്റ് വ്യക്തമാക്കിയത്. പുതിയ ബാഡ് ബാങ്ക് രണ്ട് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 'നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ്, ഇന്റഫ്രാസ്ട്രക്ച്ചര്‍, ആന്‍ഡ് ഡെവലപ്‌മെന്റ്' കിട്ടാക്കട ബാധ്യത ഏറ്റെടുക്കുന്ന സ്ഥാപനത്തിന്റെ പേര്.

എന്താണ് ബാഡ് ബാങ്ക്

മറ്റ് ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കിട്ടാക്കടങ്ങള്‍ എറ്റെടുത്ത് അവയുടെ ബാലന്‍സ് ഷീറ്റ് ബാധ്യതാ രഹിതമാക്കുകയാണ് ബാഡ് ബാങ്ക് ചെയ്യുന്നത്. കിട്ടാക്കടം കൊണ്ട് വീര്‍പ്പുമുട്ടി നില്‍ക്കുന്ന ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയുടെ ബാധ്യത ഇത്തരം സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നു. ബാഡ് ബാങ്കുകള്‍ പിന്നീട് സമയമെടുത്ത് ആസ്തികള്‍ കൈമാറിയും മറ്റും ഈ കിട്ടാക്കട ബാധ്യതകള്‍ പരിഹരിക്കുന്നു. ബാങ്കുകള്‍ ഇങ്ങനെ എന്‍ പി എ ബാധ്യതാ മുക്തമാകുമ്പോള്‍ അവയ്ക്ക് കൂടുതല്‍ സജീവമായി ബിസിനസില്‍ ഏര്‍പ്പെടാം.

ദീര്‍ഘകാല പ്രതിവിധി

രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്ന സാഹചര്യത്തില്‍  സാമ്പത്തിക വിദഗ്ധരായ രഘുറാം രാജനടക്കമുള്ള പലരും ബാഡ് ബാങ്ക് നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു. ബാങ്കുകളും അസറ്റ് മാനേജ്‌മെന്റ് കമ്പനികളും ബാഡ് ബാങ്ക് എന്ന ബജറ്റ് നിര്‍ദേശത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ബാങ്കുകളുടെ കഴുത്ത് ഞെരിക്കുന്ന കിട്ടാക്കട പ്രതിസന്ധിയ്ക്ക് ഒരു പരിധി വരെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇതിലൂടെ പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ലക്ഷ്യം പ്രാപ്തമാകാന്‍  വളരെ കൃത്യതയോടെ ഇൗ സംവിധാനം പ്രവര്‍ത്തിക്കേണ്ടതുണ്ട്.

English Summary : Details About Bad Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com