സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പ പലിശയുടെ കുറഞ്ഞ നിരക്ക് ഉയര്‍ത്തി. 6.95 ശതമാനത്തിലേക്കാണ് നിരക്ക് ഉയര്‍ത്തിയത്. മാര്‍ച്ച് 31 വരെ ബാങ്കിന്റെ കുറഞ്ഞ വായ്പാ പലിശ നിരക്ക് 6.7 ശതമാനം ആയി നിജപ്പെടുത്തിയിരുന്നു. പുതിയ സാമ്പത്തിക വര്‍ഷാരംഭത്തില്‍ പ്രഖ്യാപിക്കപ്പെട്ട പുതിയ നിരക്കിന് ഏപ്രില്‍ ഒന്നു മുതലാണ് പ്രാബല്യം. ഇത് ഭവന വായ്പ നിരക്ക് ഉയരുമെന്ന സൂചനയാണ് നൽകുന്നത്. എസ് ബി ഐ വായ്പ പലിശ വര്‍ധിപ്പിച്ചതോടെ മറ്റ് ബാങ്കുകളും സമാന നടപടികളുമായി മുന്നോട്ട് പോകാനാണ് സാധ്യത.
മാര്‍ച്ച് 31 വരെ ഭവന വായ്പാ അപേക്ഷകര്‍ക്ക് പ്രോസിംഗ് ഫീസില്‍ അനുവദിച്ചിരുന്ന ഇളവും പിന്‍വലിച്ചു. ഇതനുസരിച്ച് പുതിയ വായ്പകള്‍ക്ക് പ്രോസസിങ് ഫീസ് ഈടാക്കും. വായ്പാ തുകയുടെ 0.4 ശതമാനവും ജി എസ് ടിയുമാണ് പ്രോസിങ് ഫീസായി ഈടാക്കുക. ചുരുങ്ങിയ പ്രോസസിങ് ഫീസ് 10,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. കൂടിയത് 30,000 രൂപയും ജി എസ് ടി യുമാണ്.
മാര്‍ച്ച് മാസത്തില്‍ എസ് ബി ഐ ഭവന വായ്പാ പ്രോസസിങ് ഫീസ് പൂര്‍ണമായും ഒഴിവാക്കിയിരുന്നു. കുറഞ്ഞ പലിശ നിരക്ക് 6.7 ശതമാനമാക്കുകയും ചെയ്തിരുന്നു. 75 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചത്.
English Summary : SBI Hiked Home Loan Rate