നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഇടിഞ്ഞോ? മെച്ചപ്പെടുത്താൻ ഈ രീതി സഹായിക്കും

HIGHLIGHTS
  • 6 മാസത്തിൽ ഒരിക്കലെങ്കിലും ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുക
credit-scor
SHARE

മൊറട്ടോറിയം കാലത്തു തിരിച്ചടവു മാറ്റിവച്ചതോ പുനഃക്രമീകരിച്ചതോ ആയ വായ്പകളും വിട്ടുപോയ തവണകളുമൊക്കെ ഇടപാടുകാരുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിച്ചിട്ടുണ്ടാകും. അത്യാവശ്യത്തിന് വായ്പയെടുക്കാൻ ഇനി ബാങ്കുകളെ സമീപിക്കുമ്പോഴോ ഇലക്ട്രോണിക് സാധനങ്ങൾ തവണകളായി വാങ്ങാൻ ശ്രമിക്കുമ്പോഴോ ആണ് ഈ ക്രെഡിറ്റ് സ്കോർ ഇടിഞ്ഞതായി അറിയുക. ഇത് എങ്ങനെ മെച്ചപ്പെടുത്താമെന്ന് ഇപ്പോൾത്തന്നെ ആലോചിക്കണം.

പരിശോധിച്ച് പരിപാലിക്കണം

∙ട്രാൻസ്‌യൂണിയൻ സിബിൽ, എക്സ്പീരിയൻ, ഇക്വിഫാക്സ് തുടങ്ങിയവയാണ് രാജ്യത്തെ പ്രധാന റേറ്റിങ് കമ്പനികൾ. കമ്പനികളുടെ വെബ്സൈറ്റിൽ 200 രൂപ മുതൽ 550 രൂപ വരെ നൽകി ആർക്കും ക്രെഡിറ്റ് റിപ്പോർട്ട് എടുക്കാം, സ്കോർ പരിശോധിക്കാം. 

∙വായ്പകളുടെ തുല്യമാസ ത്തവണകൾ കൃത്യമായി തിരിച്ചടയ്ക്കുക, ക്രെഡിറ്റ് കാർഡിലും വ്യക്തിഗത വായ്പകളിലും തിരിച്ചടവു മുടങ്ങാതിരിക്കുക എന്നിവയാണ് സ്കോർ മോശമാകാതെ ഇരിക്കാൻ എടുക്കേണ്ട പ്രധാന നടപടി. 

∙ ജാമ്യമില്ലാതെ എടുക്കുന്ന ക്രെഡിറ്റ് കാർഡ്, വ്യക്തിഗത വായ്പ തുടങ്ങിയവയോടൊപ്പം തന്നെ ജാമ്യം നൽകി എടുക്കുന്ന വായ്പകളും കൂടി ഉണ്ടാകുന്നത് നല്ല നിലയിൽ സ്കോർ കൊണ്ടുപോകാൻ സഹായിക്കും. 

∙ 6 മാസത്തിൽ ഒരിക്കലെങ്കിലും ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുന്നത് ഗുണം ചെയ്യും. 

∙അനുവദിക്കപ്പെട്ടിട്ടുള്ള വായ്പാപരിധി, ക്രെഡിറ്റ് കാർഡിൽ ഉൾപ്പെടെ, പൂർണമായി വിനിയോഗിക്കാതെ ഇടുന്നത് ക്രെഡിറ്റ് സ്കോറിന് ഗുണകരമാണ്. അടുപ്പിച്ചടുപ്പിച്ച് ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും വായ്പകളെക്കുറിച്ച് അന്വേഷിക്കുന്നത് ക്രെഡിറ്റ് സ്കോർ താഴ്ത്തും. 

∙700ന് മുകളിലുള്ള സ്കോർ നല്ലതാണ്. 600 ന് താഴെയുള്ള സ്കോർ വളരെ മോശപ്പെട്ടതെന്ന രീതിയിൽ പല ബാങ്കുകളും വായ്പ നിരസിക്കുന്നതിനു കാരണമാകും.

തർക്കം ഉന്നയിക്കാം 

ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുക മൂലം അവയിൽ കടന്നുകൂടിയിട്ടുള്ള തെറ്റായ വിവരങ്ങൾ ശരിയാക്കുന്നതിനും വാസ്തവമല്ലാത്ത കാര്യങ്ങൾ നീക്കം ചെയ്യുന്നതിനും ക്രെഡിറ്റ് റേറ്റിങ് കമ്പനികളിൽ പരാതി നൽകാം. ഇതിനുള്ള സൗകര്യം റേറ്റിങ് കമ്പനികളുടെ വെബ്സൈറ്റിൽ ലഭ്യവുമാണ്. പരിഹാരത്തിനായി പരാതി നൽകുന്നത് ഇ–മെയിലിലൂടെയോ കത്തുകളിലൂടെയോ ആകാം. റേറ്റിങ് കമ്പനി ബന്ധപ്പെട്ട ബാങ്കുകളിൽനിന്ന് അഭിപ്രായം ആരാഞ്ഞ ശേഷം 30 ദിവസത്തിനുള്ളിൽ സാധാരണ രീതിയിൽ പരാതികൾ പരിഹരിക്കാറുണ്ട്. ബാങ്കുകളിൽ നിന്നെടുത്ത വായ്പകളെക്കുറിച്ചുള്ള വിവരങ്ങളിലെ തെറ്റുകൾ പരിഹരിക്കാതെ വരുന്ന സാഹചര്യങ്ങളിൽ ബാങ്കിങ് ഓംബുഡ്‌സ്മാനെ സമീപിക്കാം.

ബുദ്ധിമുട്ടാണേലും സാധ്യമാണ്

വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തുക മൂലം ക്രെഡിറ്റ് സ്കോർ മോശമായവർ അത് മെച്ചപ്പെടുത്താൻ ശ്രമിക്കണം. കുടിശിക തുക ബാങ്കുകളിൽ തിരിച്ചടച്ച് ക്രെഡിറ്റ് റിപ്പോർട്ടിൽ വിവരങ്ങൾ രേഖപ്പെടുത്തുക എന്നതാണ് പ്രധാന മാർഗം. 

തർക്ക പരിഹാര ചർച്ചകളിലൂടെ വായ്പകൾ തിരിച്ചടയ്ക്കുമ്പോൾ ‘അക്കൗണ്ട് സെറ്റ്ൽ ചെയ്തു’ എന്ന് രേഖപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. ‘വായ്പാ ബാധ്യത തീർത്തു; അക്കൗണ്ട് ക്ലോസ് ചെയ്തിരിക്കുന്നു’ എന്നു വേണം ബാങ്കുകളിൽനിന്ന് റേറ്റിങ് കമ്പനികൾക്ക‌ു റിപ്പോർട്ട് പോകുവാൻ. ക്രെഡിറ്റ് കാർഡുകളിലും മറ്റും തർക്കമായി ഉന്നയിക്കുന്ന ബാദ്ധ്യതകൾ കോടതികളിലോ പരാതി പരിഹാര സംവിധാനങ്ങളിലോ ഉയർത്തേണ്ടതാണ്. ഇത്തരത്തിൽ നിയമനടപടികളിൽ ഉൾപ്പെടുന്ന ബാധ്യതകൾ, നിയമനടപടികൾ പൂർത്തിയാകും വരെ സ്‌കോറിൽ പ്രതിഫലിക്കാതിരിക്കാൻ റേറ്റിങ് കമ്പനികളോട് ആവശ്യപ്പെടാം. മോശമായ അവസ്ഥയിലുള്ള ക്രെഡിറ്റ് സ്‌കോറുകൾ മെച്ചപ്പെടുത്തുന്നതിന്, വസ്തുവകകൾ ഉൾപ്പെടെ ജാമ്യം നൽകി ചെറിയ വായ്പകളെടുത്ത് അതു കൃത്യമായി തിരിച്ചടയ്ക്കുന്ന വിവരം റേറ്റിങ് കമ്പനികളെ അറിയിക്കാൻ ശ്രമിക്കാവുന്നതാണ്. സ്ഥിരനിക്ഷേപത്തിന്റെ പിൻബലത്തിൽ ക്രെഡിറ്റ് കാർഡുകൾ അനുവദിച്ചു വാങ്ങുന്നതും കൃത്യമായി ഉപയോഗിക്കുന്നതും ക്രെഡിറ്റ് സ്കോർ കൂട്ടാനുള്ള മാർഗമാണ്. 

വായ്പ തിരിച്ചടവിലെ നല്ല ശീലങ്ങൾ പ്രാവർത്തികമാക്കി 6 മുതൽ 9 മാസം വരെ എടുക്കും അവയുടെ പ്രതിഫലനങ്ങൾ ക്രെഡിറ്റ് സ്‌കോറിൽ ഉണ്ടാകാൻ. അതുകൊണ്ട് ശ്രമം കഴിയും വേഗം തുടങ്ങുക.

English Summary : Your Credit Score can be Improve 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA