ADVERTISEMENT

വിചിത്രമായ ന്യായം പറഞ്ഞ്  ബാങ്കുകള്‍ പല പേരില്‍ നമ്മുടെ പണം കൊണ്ടു പോകുന്നുണ്ട്. ചിലത് അക്കൗണ്ടുടമകള്‍ അറിഞ്ഞും ചിലതെല്ലാം അറിയാതെയും. ഇത് കൃത്യമായി മനസിലാക്കിയാല്‍ ഒരു പരിധി വരെ പണം ലാഭിക്കാം. ബാങ്കുകള്‍ നിങ്ങളുടെ പോക്കറ്റടിക്കുന്നത് ഇങ്ങനെയൊക്കെയാണ്.

ഒറ്റ ഇടപാട് രണ്ട് ചാര്‍ജ്

അക്കൗണ്ടില്‍ പണമുണ്ടെന്ന് കരുതി എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ശ്രമിച്ചാല്‍ ഇടപാട് പരാജയപ്പെട്ടെന്ന പേരിൽ 20-25 രൂപയും ജി എസ് ടിയും പിടിക്കും.  ബാങ്കിലെ അക്കൗണ്ടില്‍ എത്ര പണമുണ്ടെന്ന് ഓര്‍ത്തിരിക്കുന്നത് എപ്പോഴും പറ്റില്ലല്ലോ. അങ്ങനെ വരുമ്പോള്‍ ആദ്യം ബാലന്‍സ് ചെക്ക് ചെയ്യണം. അതും ഒരു ഇടപാടായതിനാല്‍ അതിനും ബാങ്ക് ചാര്‍ജെടുക്കും. പിന്നീട് പണം പിൻവലിക്കുമ്പോഴും ചാര്‍ജെടുക്കും. അതായത് ഉപഭോക്താവിന് ഒറ്റ ആവശ്യമാണ് നടന്നത്. ബാങ്കിന് അത് രണ്ട് ഇടപാടുകളാണ്. അതുകൊണ്ട് ഫീസ് രണ്ടു തവണയും എടുക്കും.

ഒപ്പ് ഒത്തുനോക്കാന്‍ 150 രൂപ

മുമ്പോക്കെ അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകള്‍ ഇടപാടുകാരന് നല്‍കുന്നതിനോ പരിശോധിക്കുന്നതിനോ ബാങ്ക് പണമീടാക്കാറുണ്ടായിരുന്നില്ല. ഇന്നതല്ല സ്ഥിതി. എന്ത് ഡോക്യുമെന്റിനും ചാര്‍ജുണ്ട്. ഉദാഹരണത്തിന് നിങ്ങളുടെ ഒപ്പ് ഒന്ന്് ഒത്തു നോക്കുന്നതിന് (സിഗ്നേച്ചര്‍ വേരിഫിക്കേഷന്‍) 150 രൂപയാണ് എസ് ബി ഐ യുടെ ചാര്‍ജ്. വാര്‍ഷിക അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിന് പുറമേ വായ്പ ആവശ്യത്തിനോ മറ്റോ ഒരു തവണ കൂടി ആവശ്യപ്പെട്ടാൽ 50 മുതല്‍ 100 രൂപ വരെയാണ് വിവിധ ബാങ്കുകള്‍ ഈടാക്കുക.

ചെക്ക്  മടങ്ങിയാല്‍

ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക രേഖപ്പെടുത്തിയ ചെക്കിന്റെ സ്പീഡ് ക്ലിയറിങിന് 150 രൂപയില്‍ കൂടുതല്‍ ഈടാക്കരുതെന്ന് ആര്‍ ബി ഐ നിര്‍ദേശിക്കുന്നുണ്ട്. അതില്‍ താഴെ മൂല്യമുള്ള ചെക്കിന് ചാര്‍ജില്ല. എന്നാല്‍ ഈ ചെക്ക് മടങ്ങിയാല്‍ 100-150 രൂപ ബാങ്ക് വസൂലാക്കും.

എസ് എം എസിനും ചാര്‍ജ്

അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമയാസമയങ്ങളില്‍ അറിയുന്നത് നല്ലതാണ്. ഇപ്പോള്‍ തട്ടിപ്പുകള്‍ പെരുകുന്ന പശ്ചാത്തലത്തില്‍ ഇത് നിര്‍ബന്ധവുമാണ്. എന്നാല്‍ എസ് എം എസ് സന്ദേശങ്ങള്‍ക്കും ചാര്‍ജുണ്ട്.

ചില ബാങ്കുകള്‍ മാസം ഒരു നിശ്ചിത തുകയ്ക്ക് പുറമേ ഒരോ സന്ദേശത്തിനും പണം അക്കൗണ്ടില്‍ നിന്ന് പിടിക്കുന്നുണ്ട്. ഉദാഹരണത്തിന് ജൂലായ് ഒന്നു മുതല്‍ ആക്‌സിസ് ബാങ്ക് എസ് എം എസിന് മാസം ഈടാക്കുന്ന അഞ്ചു രൂപയ്ക്കു പുറമേ സന്ദേശമൊന്നിന് 25 പൈസയും ഈടാക്കും.

നെറ്റ് ബാങ്കിങ്

ഓണ്‍ലൈന്‍ പണമിടപാടുകളായ എന്‍ ഇ എഫ് ടി, ആര്‍ ടി ജി എസ് എന്നിവ സൗജന്യമാണ്. എന്നാല്‍ ഐ എം പി എസിന് ( ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വീസ് )ചാര്‍ജ് ഈടാക്കുന്നുണ്ട് ബാങ്കുകള്‍. കൈമാറ്റം ചെയ്യപ്പെടുന്ന തുകകള്‍ക്കനുസരിച്ച് ഒന്നു മുതല്‍ 25 രൂപ വരെയാണ് ഇതിന് ഈടാക്കുന്നത്.

English Summary : Beware about the High Banking Service Charges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com