ADVERTISEMENT

കോവിഡിൽ സൂക്ഷ്മ- ചെറുകിട-ഇടത്തരം കച്ചവടക്കാര്‍, ടാക്‌സി-ടൂറിസ്റ്റ് രംഗത്തുള്ളവർ ഇവരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. വരുമാനമില്ലാതായതോടെ ജീവിതം പ്രതിസന്ധിയിലായത് മാത്രമല്ല ഇവരെ അലട്ടുന്നത്. തൊഴിലുമായി ബന്ധപ്പെട്ട് ചെറുകിട കച്ചവടങ്ങള്‍ നടത്തുന്നതിനും ടാക്‌സി സര്‍വീസിനും മറ്റുമായി എടുത്തിട്ടുള്ള വായ്പകള്‍ തിരിച്ചടയ്ക്കാനാവാത്ത അവസ്ഥയിലാണ്. ഇത്തരം പ്രതിസന്ധിയില്‍ പെട്ടിട്ടുള്ളവര്‍ക്ക് അതാത് ബാങ്കുമായി ബന്ധപ്പെട്ടാല്‍ നിലവിലുള്ള വായ്പകള്‍ പുതുക്കാനുള്ള അവസരമുണ്ട്. കോവിഡിനെ തുടര്‍ന്ന വരുമാനം നിലച്ചവരായിരിക്കണം എന്ന ഒറ്റ മാനദണ്ഡമേ വേണ്ടൂ. 2021 മേയ് മുതല്‍ ബാങ്കുകളില്‍ ഇതിന് സൗകര്യമുണ്ടെങ്കിലും അപേക്ഷകരുടെ എണ്ണം താരതമ്യേന കുറവാണ്.

രണ്ട് വര്‍ഷം വരെ തിരിച്ചടവ് വേണ്ട

കോവിഡില്‍ വരുമാനം നിലച്ചവരാണെങ്കില്‍ നിലവില്‍ എടുത്തിട്ടുള്ള വായ്പ തിരിച്ചടവിന് രണ്ട് വര്‍ഷത്തെ ഇടവേള ലഭിക്കും. എത്ര കാലം ഇളവ് വേണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം. പിന്നീട് കാര്യങ്ങള്‍ സാധാരണ നിലയിലാകുന്ന മുറയ്ക്ക് വരുമാനം ലഭിച്ചു തുടങ്ങുമ്പോള്‍ തിരിച്ചടവ് തുടങ്ങാം. ഓര്‍ക്കുക, ഇതില്‍ പലിശ ഇളവോ, മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളോ ഒന്നും ഉണ്ടാകില്ലെന്ന് മാത്രമല്ല, ഒഴിവ് നേടുന്ന ഇടവേളകളിലെ പലിശ അധികമായി നല്‍കേണ്ടി വരികയും ചെയ്യും.

കിട്ടാക്കടമാകില്ല

ടാക്‌സി വാഹനങ്ങളും മറ്റും ഉപജീവന മാര്‍ഗമായി ഉപയോഗിക്കുന്നവര്‍ക്ക് ഇത്തരം വായ്പകള്‍ കിട്ടാക്കടമാകാതിരിക്കാന്‍ ഈ പുനഃക്രമീകരണം സഹായിക്കും. അല്ലെങ്കില്‍ മൂന്ന് മാസം തിരിച്ചടവ് മുടങ്ങിയാല്‍ പിന്നെ ബാങ്കില്‍ നിന്ന് വിളിയെത്തും. പിന്നീട് നിയമനടപടികളിലേക്ക് കടന്ന് ജാമ്യവസ്തു ബാങ്ക് കണ്ട് കെട്ടും. ഇത് ഒഴിവാക്കാന്‍ വായ്പ തിരിച്ചടവ് നീട്ടിയെടുക്കുന്നത് നല്ലതാണ്. പിന്നീട് കോവിഡ് മാറി ജീവിതം സാധാരണ നിലയിലാകുമ്പോള്‍ തിരിച്ചടവ് തുടങ്ങുകയും ചെയ്യാം. നേരത്തെ വായ്പ പുനഃക്രമീകരണത്തിന് അപേക്ഷിച്ചിട്ടില്ലാത്തവരും തിരിച്ചടവ് തുടരുന്നവരുമായിരിക്കണം അപേക്ഷകര്‍.

വായ്പകള്‍ ഇവയാണ്

രണ്ട് മാസമായി ഈ സാധ്യത നിലവിലുണ്ടെങ്കിലും അപേക്ഷകര്‍ കുറവായ സാഹചര്യത്തില്‍ ബാങ്കുകള്‍ തന്നെ ഇതിന് മുന്‍കൈ എടുക്കുകയാണിപ്പോള്‍. എല്ലാ തരത്തിലുള്ള റീട്ടെയ്ല്‍ വായ്പകള്‍ക്കും  ബാധകമാണ്. ഭവന വായ്പ, ടോപ് അപ്പ് ഭവന വായ്പകള്‍, വ്യക്തിഗത വായ്പകള്‍, സ്വര്‍ണ വായ്പകള്‍, കാര്‍ -ഇരുചക്ര വാഹന വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, വാണിജ്യ വാഹന വായ്പകള്‍, എം എസ് എം ഇ വായ്പകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഈ ആനുകൂല്യം ബാധകമാണ്. ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍ എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് എടുത്തിട്ടുള്ള മേല്‍പറഞ്ഞ വിഭാഗം വായ്പകള്‍ക്കാണ് പദ്ധതി ബാധകമാകുക. ഇതിനായി വായ്പ എടുത്തവര്‍ ചെയ്യേണ്ടത് ഇത്രമാത്രം. കോവിഡിനെ തുടര്‍ന്ന് വരുമാന നഷ്ടമുണ്ടായതായുള്ള രേഖകള്‍ സഹിതം ശാഖയുമായി ബന്ധപ്പെടുക. ശ്രദ്ധിക്കേണ്ട കാര്യം തിരിച്ചടവിന് ഇടവേള നേടുന്ന കാലയളവില്‍ പലിശ പിന്നീട് നല്‍കേണ്ടി വരും. അത് ഇ എം ഐ യില്‍ കൂടുതല്‍ ചേര്‍ത്തോ തിരിച്ചടവ് ഗഢുക്കളുടെ എണ്ണം കൂട്ടിയോ ആകാം.

English Summary : Reschedule Your Loans in Covid Period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com