ADVERTISEMENT

കാലാവധി പൂര്‍ത്തിയായതും അവകാശികള്‍ എത്താത്തതുമായ സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തി ആര്‍ ബി ഐ ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതനുസരിച്ച് അവകാശികളില്ലാത്ത കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കേ ലഭ്യമാകൂ. സ്ഥിര നിക്ഷേപത്തിന് ലഭിച്ചിരുന്നതോ, അതേ ബാങ്കില്‍ സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ബാധകമായതോ ഇതില്‍ ഏതാണോ കുറവ് ആ പലിശയായിരിക്കും ഇനി ഇത്തരം നിക്ഷേപങ്ങള്‍ക്ക് ലഭ്യമാകുക. നിലവിലിത് സേവിങ്സ് അക്കൗണ്ടിന് ലഭിക്കുന്ന പലിശയാണ് ബാധകമായിരുന്നത്. സഹകരണ സംഘങ്ങളടക്കം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകള്‍ക്കും ഇത് ബാധകമാണ്.

18,380 കോടി

18,380 കോടി രൂപയാണ് ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെ ഇങ്ങനെ കുന്നുകൂടിയിട്ടുള്ളത്. 2019 ലെ കണക്കാണിത്. 2018 ല്‍ ഇത് 14,307 കോടി മാത്രമായിരുന്നു. കാലാവധി എത്തിയ കുറച്ചെങ്കിലും നിക്ഷേപങ്ങള്‍ യ്ഥാസമയം പുതുക്കപ്പെടുകയോ, പിന്‍വലിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നാണ് ഇത് കാണിക്കുന്നത്.

വിവരം പങ്കു വയ്ക്കണം

ദീര്‍ഘമായ കാലാവധിയുള്ള ഇത്തരം നിക്ഷേപ വിവരം വീട്ടുകാരുമായി പങ്കുവയ്ക്കാതിരിക്കുന്നതാണ് പിൻവലിക്കാതിരിക്കുന്നതിന് പ്രധാന കാരണം. മറവിരോഗം പോലുള്ള ഗുരതര അസുഖങ്ങള്‍ പിന്നീട് ബാധിച്ചവര്‍ക്കും നിക്ഷേപം പിൻവലികക്കായില്ലെന്നു വരാം. മരണവും ഒരു കാരണമാണ്. കാലാവധി തീരുന്ന മുറയ്ക്ക്് ഡിപ്പോസിറ്റ് സ്വയം പുതുക്കിയിടാന്‍ ബാങ്കിന് നിര്‍ദേശം കൊടുക്കുന്നത് ഇതിനൊരു പരിഹാരമാണ്. അപ്പോള്‍ അതേ പലിശ നിരക്കില്‍ നിക്ഷേപം സ്വയം പുതുക്കപ്പെടും.

സേവിങ്സ് അക്കൗണ്ട്

അതല്ലെങ്കില്‍ അതേ ബാങ്കില്‍ സേവിങ്സ് അക്കൗണ്ടുണ്ടെങ്കില്‍ കാലാവധി പൂര്‍ത്തിയാകുന്നതോടെ നിക്ഷേപം ആ അക്കൗണ്ടിലേക്ക് മാറും. പലിശ കുറയുമെങ്കിലും നിക്ഷേപം ഇവിടെ 'അണ്‍ക്ലെയിംഡ'് ആകുന്നില്ല. എന്നാല്‍ ചിലര്‍ക്കെങ്കിലും ആ ബാങ്കില്‍ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടാകണമെന്നില്ല. ഇത്തരം നിക്ഷേപകര്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ട് കാലാവധി എത്തിയ തുക പിന്‍വലിക്കേണ്ടതാണ്. അല്ലെങ്കില്‍ സ്വയം പുതുക്കാനുള്ള നിര്‍ദേശം നല്‍കുകയോ അല്ലെങ്കിൽ ഒരു സേവിങ്സ്അക്കൗണ്ട് തുടങ്ങി കാലാവധി എത്തിയാല്‍ തുക മാറ്റാനുള്ള നിര്‍ദേശം നല്‍കുകയോ വേണം. അല്ലെങ്കില്‍ അവകാശികളില്ലാത്ത പണം എന്ന ഗണത്തിലേക്ക് ഇത് മാറിയേക്കാം.

English Summary: Latest Updation of Fixed Deposit by RBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com