ADVERTISEMENT

ഡോക്ടർമാർക്ക് വേണ്ടിയുള്ള പ്രത്യേക വായ്പാ പദ്ധതിയെന്ന് പരിചയപ്പെടുത്തിയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃനിരയിലുള്ളൊരു ഡോക്ടർക്ക് ബാങ്കിതര ഫിനാൻസ് കമ്പനിയായ ബജാജ് ഫിനാൻസിൽ നിന്ന് ഫോൺവിളി എത്തിയത്. വായ്പ ആവശ്യമില്ലെന്ന് പറഞ്ഞൊഴിഞ്ഞ ഡോക്ടർക്ക് വീണ്ടും വീണ്ടും ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നു. അപ്പോഴെല്ലാം ആവശ്യമുണ്ടെങ്കിൽ അറിയിക്കാമെന്നായിരുന്നു ഡോക്ടറുടെ മറുപടി. 

നിരന്തരം വിളിയായപ്പോൾ സ്വാഭാവികമായി എത്ര തുക വരെ വായ്പ ലഭിക്കും, പലിശ എത്രയാണ് എന്നൊക്കെ ഡോക്ടർ ആരാഞ്ഞു. ആ താൽപര്യം മണത്തിട്ടാകണം കമ്പനിയുടെ പ്രതിനിധി ഡോക്ടറെ കാണാൻ വീട്ടിലെത്തി. ഇപ്പോൾ പണം ആവശ്യമില്ല വേണ്ടി വന്നാൽ അറിയിക്കാമെന്നായിരുന്നു അപ്പോഴും ഡോക്ടറുടെ മറുപടി. 

പക്ഷേ അവർ വിടാൻ ഭാവമില്ലായിരുന്നു, വേറൊരു വായ്പാ പദ്ധതി ഉണ്ടെന്നും അനുവദിച്ച് ഇട്ടിരുന്നാൽ എപ്പോൾ ആവശ്യം വന്നാലും എടുത്ത് ഉപയോഗിക്കാമെന്നും അറിയിച്ചു.  

വായ്പ വന്ന വഴി

തുടർന്നും ഫോൺ വിളികൾ ഉണ്ടായി. വീണ്ടും നേരിട്ട് കാണാനായി രണ്ട് പേരാണ് കമ്പനിയിൽ നിന്ന് എത്തിയത്. അവർ ഉയർത്തിയ ചെറിയ വെല്ലുവിളികളിൽ ഡോക്ടർ വീണു. ആവശ്യപ്പെട്ട ആദായനികുതി രേഖകൾ, കടലാസുകൾ തുടങ്ങിയവ കൊടുക്കാൻ തയ്യാറായി. പേപ്പറുകൾ ഒപ്പിട്ടു നൽകുമ്പോഴും ഡോക്ടർ ഉറപ്പിച്ച് പറഞ്ഞത് ഇപ്പോൾ വായ്പ ആവശ്യമില്ല ആവശ്യം വന്നാൽ മാത്രമേ പണം എടുക്കുകയുള്ളൂവെന്നാണ്. 

കമ്പനിയുടെ ചില ആഭ്യന്തര നടപടികൾ മാത്രമാണ് ഇതെന്നാണ് പ്രതിനിധികൾ ഡോക്ടർക്ക് വാക്കാൽ നൽകിയ ഉറപ്പ്. കുറച്ച് ദിവസങ്ങൾക്ക് ശേഷം ബാങ്ക് അക്കൗണ്ടിലേക്കു 24,37,474 രൂപ വരവു വച്ചിരിക്കുന്നതായ സന്ദേശം കിട്ടിയപ്പോൾ ഡോക്ടർ ഞെട്ടിപ്പോയി. കമ്പനി പ്രതിനിധിയെ വിളിച്ച് വായ്പ ആവശ്യമില്ലെന്നും അക്കൗണ്ടിൽ നിന്ന് പണം തിരികെ എടുക്കണമെന്ന് കട്ടായം പറഞ്ഞിട്ട് അയാളെയും കൂട്ടി ഡോക്ടർ ബാങ്കിലെത്തി. വന്ന അക്കൗണ്ടിലേക്ക് തന്നെ 24 മണിക്കൂറിനുള്ളിൽ പണം തിരിച്ചയച്ചു. ഇതോടെ സംഗതികൾ രമ്യമായി പരിഹരിച്ചുവല്ലോയെന്ന ആശ്വാസത്തിലായി ഡോക്ടർ. 

എന്നാൽ വീണ്ടും അഞ്ചോ ആറോ മാസങ്ങൾക്ക് ശേഷം തിരിച്ചടവ് മുടങ്ങിയ കാരണത്താൽ 3,025 രൂപ പിഴ അടിച്ചു വന്നപ്പോഴാണ് സംഗതി തീർന്നില്ലെന്ന് ഡോക്ടർക്ക് മനസ്സിലായത്. ബാങ്ക് അക്കൗണ്ടിൽ ബാലൻസ് ഉണ്ടായിരുന്ന സ്വന്തം പണത്തിൽ നിന്ന് 792 രൂപ വീതം ഡോക്ടർ അറിയാതെ തുല്യമാസതവണകൾ കമ്പനി പിടിച്ചുകൊണ്ടിരുന്നു. പണം തീർന്നപ്പോൾ തവണ മുടങ്ങിയതിന്റെ പിഴയായി 3,025 രൂപ ആവശ്യപ്പെട്ടത്. ഇതിനിടയിൽ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയും ഡോക്ടറുടെ പേരിൽ കമ്പനി എടുത്തു. ആവശ്യപ്പെടാതെ എടുത്ത പോളിസി ഡോക്ടർ കണ്ണ് ഉരുട്ടിയപ്പോൾ കമ്പനി തന്നെ ക്യാൻസൽ ചെയ്തു.

 

എടുക്കാത്ത വായ്പയ്ക്ക് മുൻകൂർ തിരിച്ചടവ്

loan

തീർന്നില്ല, സിബിൽ രേഖകൾ പരിശോധിച്ചപ്പോൾ ഡോക്ടറുടെ പേരിൽ 62,000 രൂപയുടെ ബാധ്യതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എടുക്കാത്ത വായ്പയ്ക്ക് ബാധ്യത ഒഴിവാക്കണമെന്ന കത്തിടപാടുകൾ മുറുകിയപ്പോൾ ഡോക്ടർക്ക് വേണമെങ്കിൽ വായ്പ മുൻ‌കൂർ തിരിച്ചടയ്ക്കാമെന്നും അതിനുള്ള പിഴയായ 1,22,261 രൂപ കൂടി ചേർത്ത് 1,88,567 രൂപ 7 ദിവസത്തിനുള്ളിൽ തിരിച്ചടയ്ക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. 

വായ്പാ മെയിന്റനൻസ് ചാർജ് ഇനത്തിൽ ഓരോ വർഷവും 15,282 രൂപ കൂടി അധികമായി കമ്പനിക്ക് നൽകേണ്ടി വരുമെന്നാണ് ഇ–മെയിലുകളും ഫോൺ വിളികളും മുഖേനയുള്ള പുതിയ ഭീഷണി. 

ലേഖകൻ ഇൗ വിഷയത്തിൽ പ്രതികരണത്തിനായി ബജാജ് ഫിനാൻസിന്റെ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. 

അസുരഗണത്തിലുള്ള വായ്പകൾ

ചോദ്യങ്ങൾ ഒന്നുമില്ലാതെ എളുപ്പത്തിൽ ലഭിക്കുന്ന വായ്പകളാണ് വ്യക്തിഗത വായ്പ അഥവാ പഴ്സനൽ വായ്പ. പ്രത്യേകിച്ച് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ ഇവ കാര്യമായി പ്രമോട്ട് ചെയ്യുന്നുമുണ്ട്.

പക്ഷേ, ജീവനോപാധിക്കോ ജീവിതോപാധികളോ ആയ ആസ്തികൾ ആർജ്ജിക്കാനോ അല്ലാതെ എന്ത് ആവശ്യങ്ങൾക്കും ചെലവഴിക്കാവുന്ന വ്യക്തിഗത വായ്പകളെ നല്ല വായ്പകളുടെ ഗണത്തിൽപ്പെടുത്താനാകില്ല. നൂലാമാലകളും കടമ്പകളും ഒന്നുമില്ലാതെ എളുപ്പത്തിൽ ലഭിക്കുന്ന വ്യക്തിഗത വായ്പകൾക്ക് വാണിജ്യ ബാങ്കുകളിൽ പോലും താരതമ്യേന ഉയർന്ന പലിശയാണ്. 

അതിലും അൽപം കൂടി കഠിനമാണ് ബാങ്കിതര ഫിനാൻസ് കമ്പനികളുടെ വ്യക്തിഗത വായ്പകൾ. വിപണിയിലെ ഏറ്റവും ഉയർന്ന നിരക്കുകളാണ് പലിശയായും പിഴയായും ഇവർ ചുമത്തുന്നത്. തിരിച്ചടവിൽ വീഴ്ച വന്നാൽ വായ്പക്കാരനെ ത്രിശങ്കുവിലാക്കി ഉറക്കം കെടുത്തുന്ന തിരിച്ചു പിടിക്കൽ ശ്രമങ്ങളും ഉണ്ടാകും.

അസുരന്മാരിലെ ഭീകരർ

ഇതിലും ഭീകരത കൂടിയവയാണ് ഫിൻടെക്, സ്റ്റാർട്ട് അപ്പ് എന്നൊക്കെയുള്ള ഓമനപ്പേരുകളിൽ അവതരിക്കുന്ന ഓൺലൈൻ വായ്‌പാ ആപ്പുകൾ. ലവലേശം പേപ്പർ പണികളില്ലാതെ അക്കൗണ്ടുകളിൽ പണം തരും. വട്ടിപലിശ, മീറ്റർ പലിശ എന്ന രീതിയിൽ ദിവസ പലിശ കണക്കാക്കുന്ന ബ്ലേഡ് നിരക്കിലാണ് പണം ചോർത്തുക. 6 മാസം പോലും വേണ്ട തിരിച്ചടയ്ക്കാനുള്ള തുക ഇരട്ടിയിലധികമായി വർധിക്കാൻ. 

വായ്പ എടുത്തവരുടെ വാട്സാപ്പ്, ഫേസ്ബുക്ക് വിവരങ്ങൾ കൈക്കലാക്കി സമൂഹത്തിൽ നാണംകെടുത്തി പണം തിരികെ വാങ്ങിക്കാനും ഇവരുടെ ഭാഗത്തു നിന്നു ശ്രമങ്ങൾ ഉണ്ടാകും. വായ്പ എന്നതിനു പകരം സാമ്പത്തിക തിരിമറികളിൽ പണം കൈക്കലാക്കി എന്ന ധ്വനി ഉയർത്തിയാണ് വായ്പാത്തുകയുടെ പല മടങ്ങ് തുക പിടിച്ചുപറിച്ചു കൊണ്ടുപോകുക.

പരാതി, പരിഹാരം

ബാങ്കിതര ഫിനാൻസ് കമ്പനികളുടെ കൊള്ള പലിശ സംബന്ധിച്ച് ബാങ്കിങ് ഓംബുഡ്സ്മാനോട് പരാതിപ്പെടാൻ വകുപ്പില്ല. ഉപഭോക്തൃതർക്ക പരിഹാര കോടതികളിലെ നടപടികൾ തന്നെയാണ് ആശ്രയം. അതു കൊണ്ട് കടക്കെണി ഉറപ്പാക്കുന്ന കൊള്ളപ്പലിശ വായ്പകൾ ഒഴിവാക്കുക തന്നെ ഉത്തമം. മൊബൈൽ ആപ്പുകൾ വഴിയും മറ്റും വായ്പ എടുത്തിട്ട് പോലീസിൽ പരാതിപ്പെട്ടാൽ പോലും പരിഹാരം എളുപ്പമല്ല.  ബാങ്കിതര ഫിനാൻസ് കമ്പനികൾക്ക് എതിരെയുള്ള പരാതികൾ പരിഹരിക്കാനുള്ള സംവിധാനങ്ങൾ തൊട്ടടുത്ത് ലഭ്യമല്ല എന്ന ഇടപാടുകാരുടെ നിസ്സഹായാവസ്ഥയാണ് ഇവർ ചൂഷണം ചെയ്യുന്നത്. 

തൊട്ടാൽ പൊള്ളുന്ന വായ്പകൾ

വരും കാലങ്ങളിൽ കൈയ്യിൽ വരാൻ സാധ്യതയുള്ള വരുമാനം ഇപ്പോഴേ ചിലവാക്കുന്നതിന് സൗകര്യം ഒരുക്കുകയാണല്ലോ വായ്പകൾ. വായ്പ എടുത്തു കഴിഞ്ഞാലാണ് യഥാർഥ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. കിട്ടാൻ എളുപ്പം എന്ന ആശ്വാസത്താൽ കിട്ടുന്നിടത്ത് നിന്നെല്ലാം വായ്പകൾ വാങ്ങി ബാധ്യത പെരുകുന്നത് കടക്കെണിയിലേക്കുള്ള സുഗമമായ യാത്രയായിരിക്കും.

നല്ല വായ്പകൾ

വായ്പ എടുത്ത് വീട്, വാഹനം തുടങ്ങി വരുംകാല ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആസ്തികൾ സ്വന്തമാക്കാൻ എടുക്കുന്ന വായ്പകളെ ‘നല്ല വായ്പകൾ’ എന്ന് വിളിക്കാം. താങ്ങാവുന്ന പലിശയും ചിലവുകളും ഉള്ള ഇത്തരം വായ്പകൾ തിരിച്ചടച്ച് തീരുന്നതു വരെ ആശങ്ക ഉയർത്തുമെങ്കിലും സ്വസ്ഥത നശിപ്പിക്കില്ല. പൊതുവെ വാണിജ്യ ബാങ്കുകൾ നൽകുന്ന ഭവന- വാഹന വായ്പകളെയെല്ലാം ഇതിൽപ്പെടുത്താം 

പ്രമുഖ കോളമിസ്റ്റുംവേൾഡ് ബാങ്ക് കൺസൽറ്റന്റുമാണ് ലേഖകൻ.

English Summary : Beware of Instant Online Loans

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com