ADVERTISEMENT

സഹകരണ മേഖലയ്ക്ക് പുതിയ വകുപ്പും അതിന്റെ പ്രവര്‍ത്തനത്തിനായി പ്രത്യേക മന്ത്രിയേയും ഏര്‍പ്പെടുത്തിയത് രാജ്യത്തെ സഹകരണമേഖലയെ ശക്തിപ്പെടുത്താനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോള്‍ ഈ രംഗത്തെ വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന വിമര്‍ശനവുമുയരുന്നുണ്ട്.

കൂടുതല്‍ ആളുകളും കാര്‍ഷിക- അനുബന്ധമേഖലയുമായി ഇടപ്പെട്ട് ജീവിക്കുന്ന രാജ്യത്ത് സഹകരണമേഖലയുടെ പ്രസക്തി ഏറെയാണ്. ഈ മേഖലയില്‍ തൊഴിലെടുത്ത് ജീവിക്കുന്ന കോടിക്കണക്കിന് കര്‍ഷകര്‍ക്കു ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്ന് ഒരു പരിധി വരെ സംരംക്ഷണം ലഭിക്കുന്നത് സഹകരണ പ്രസ്ഥാനങ്ങളുടെ പിന്‍ബലത്തില്‍ നേടിയിട്ടുള്ള കൂട്ടായ വിലപേശല്‍ ശക്തിയില്‍ നിന്നാണ്. വായ്പ അടക്കമുള്ള ധനവിനിമയത്തിന്റെ കാര്യത്തിലാണെങ്കിലും ഉത്പന്ന കൈമാറ്റത്തിന്റെ കാര്യത്തിലാണെങ്കിലും ഏറ്റവും താഴെക്കിടയിലുളളവരുടെ സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ കേന്ദ്രം ഇത്തരം സംഘങ്ങളാണ്.

1482 അര്‍ബന്‍ കോപ്പറോറ്റീവ് ബാങ്കുകളിലും 58 മള്‍ട്ടി സേറ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കുകളിലുമായി 8.6 കോടി നിക്ഷേപകരുണ്ട്. സഹകരണ സംവിധാനത്തിന്റെ ഏറ്റവും താഴെ തട്ടിലാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍. കേരളത്തില്‍ മാത്രം ഇത്തരത്തിലുള്ള 1692 സംഘങ്ങളും 14 ജില്ലാ സഹകരണ ബാങ്കുകളും 16 അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമീണ മേഖലയില്‍ ഇത്രമാത്രം സ്വാധീനമുള്ള സഹകരണമേഖല രാഷ്ട്രീയമായും സാമ്പത്തികമായും ഇതുകൊണ്ടൊക്കെ പ്രധാനപ്പെട്ടതാകുന്നു.

നിയന്ത്രണം തുടക്കം മുതല്‍

കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ സഹകരണമേഖലയെ നിയന്ത്രണത്തിന്‍ കീഴിലാക്കാനുള്ള നടപടികള്‍ എടുക്കുന്നുണ്ട്. ഈ മേഖലയ്ക്ക് പ്രത്യേകമായ ഭരണ സംവിധാനം കൊണ്ടു വരുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞതിന്റെ തുടര്‍ച്ചയായി വന്ന നടപടികളില്‍ ഒടുവിലത്തേതാണ് മന്ത്രാലയ രൂപീകരണം. ഏതാനും മാസം മുമ്പാണ് സഹകരണ ബാങ്കുകളുടെ മേല്‍നോട്ട ചുമതല ആര്‍ ബി ഐ യ്ക്ക് കൈമാറുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. ഇതോടെ രാജ്യത്തെ 1482 അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകളും 58 സ്റ്റേറ്റ് മള്‍ട്ടി കോ ഓപ്പറേറീവ് ബാങ്കുകളുമടക്കം ആര്‍ ബി ഐ യുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി. നേരത്തെ ഇതു സംബന്ധിച്ച് കൊണ്ടുവന്ന ഓര്‍ഡിനനന്‍സ് റദ്ദാക്കികൊണ്ടാണ് നിയമം പാസാക്കിയത്. ഈ നിയമത്തിന് ഒരു പശ്ചാത്തലമുണ്ട്.

മഹാരാഷ്ട്രയില്‍ ഏറെ സ്വാധീനമുണ്ടായിരുന്ന പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിന്റെ പതനത്തെ തുടര്‍ന്ന ആറ് മാസം നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാനായില്ല. പല ഘട്ടങ്ങളിലായി കുറഞ്ഞ തുകകള്‍ പിന്‍വലിക്കാന്‍ പിന്നീട് അനുവദിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന് സഹകരണമേഖലയെ വരുതിയിലേക്ക്് അടുപ്പിക്കുവാന്‍ ഇത്തരം സംഭവങ്ങളും കാരണമായി.

invest

സര്‍ഫാസി നിയമം

സഹകരണ നിയമത്തിനും ഒരു മാസം മുമ്പ്് സഹകരണ ബാങ്കുകളെ സര്‍ഫാസി നിയമത്തിന്‍ കീഴിലാക്കികൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ കുടിശിക വരുത്തിയ ആളുടെ സ്വത്തുകള്‍ കണ്ട് കെട്ടുകയോ വില്‍ക്കുകയോ ആകാമെന്നായി.

ഈടു വസ്തുവില്‍ നിന്ന് വായ്പ തുക തിരിച്ച് പിടിക്കാന്‍ ബാങ്കുകളെ അധികാരപ്പെടുത്തുന്ന നിയമമാണ് സെക്യൂരിട്ടൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ആക്ട്-2002 (സര്‍ഫാസി ചട്ടം). ബാങ്കുകള്‍ തങ്ങളുടെ വായ്പ തിരിച്ച് പിടിക്കാന്‍ വ്യാപകമായി ഈ നിയമം ഉപയോഗിക്കുന്നുണ്ടെങ്കിലും സഹകരണ മേഖല ഇതിന്റെ പരിധിയിലായിരുന്നില്ല. സഹകരണ ബാങ്കുകളെ ബാങ്കുകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 2003 ജനുവരി 28 ലെ നോട്ടിഫിക്കേഷന്‍ മുന്‍നിര്‍ത്തിയാണ് സര്‍ഫാസി നിയമം സഹകരണ മേഖലയ്ക്കും ബാധകമാണെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് വിധിച്ചത്. വായ്പ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട്് 60 ദിവസത്തിന് ശേഷം ഈട് വസ്തുക്കള്‍ കണ്ട് കെട്ടാനുള്ള അധികാരം ഇതോടെ സഹകരണ മേഖലയിലെ വായ്പ സ്ഥാപനങ്ങള്‍ക്കും കൈവരും. ഇവിടങ്ങളില്‍ നിന്ന് വായ്പയെടുക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ് ഇത്.

ആശങ്കയ്ക്ക് വകയുണ്ടോ?

ഗ്രാമീണ മേഖലയിലുള്ളവരുടെ ബാങ്ക് സഹകരണ സംഘങ്ങളാണ്. കാര്‍ഷികവും കാര്‍ഷികേതരവുമായ അത്യാവശ്യങ്ങള്‍ക്ക് വായ്പ എടുക്കുന്നതിന് നിരന്തരം ആശ്രയിക്കുന്നതോടൊപ്പം കൈയിലുള്ള സമ്പാദ്യം ഉയര്‍ന്ന പലിശയ്ക്ക് നിക്ഷേപിക്കുന്ന ഇടവും ഇത്തരം സഹകരണ ബാങ്കുകളാണ്. രാജ്യത്താകമാനം സഹകരണ മേഖലയെ ഒറ്റചരടില്‍ കോര്‍ത്ത് നിരീക്ഷണവലയത്തിലാക്കാനാണ് തുടര്‍ച്ചയായിട്ടുള്ള ഇത്തരം നടപടികള്‍ എന്ന ആക്ഷേപം സജീവമാകുമ്പോള്‍ ആശങ്ക സ്വാഭാവികം. ബാങ്കുകളെ പോലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ പെന്‍ഷന്‍കാരും മറ്റും അവരുടെ നീക്കിയിരിപ്പ്് തുക നിക്ഷേപിച്ചിരിക്കുന്നതും ഇത്തരം സ്ഥാപനങ്ങളിലാണ്. ഇതില്‍ നിന്നുള്ള പലിശ ജീവനോപാധിയാക്കിയവരും ആയിരങ്ങള്‍ വരും.

നൂലാമാലകള്‍ കുറവ്

സാധാരണ ബാങ്കുനൂലാമാലകളില്‍ നിന്ന് രക്ഷ നേടുന്നതിനും എളുപ്പത്തില്‍ വായ്പ തരപ്പെടുത്തുന്നതിനുമാണ് ജനങ്ങള്‍ സഹകരണ ബാങ്കുകളെ സമീപിക്കുന്നത്. പലിശ സാധാരണ ബാങ്കുകളേക്കാള്‍ കൂടുതലായിരിക്കുമെങ്കിലും പരസ്പരം അറിയുന്ന ആളുകളായതിനാല്‍ പലപ്പോഴും ചില വിട്ടുവീഴ്ചകളോടെ വായ്പകള്‍ ഇവിടെ അനുവദിക്കുമായിരുന്നു. തിരിച്ചടവിലും സമ്മര്‍ദമനുസരിച്ച് ചില ഇളവുകള്‍ ലഭിക്കുമായിരുന്നു. കടുത്ത നിയന്ത്രണ വലയത്തിലേക്ക് ഇത് മാറുന്നത് ഈ മേഖലയെ വലിയ പ്രതിസന്ധിയിലാക്കും.

English Summary : New Ministry for CoOperative Sector, Any Need to Worry?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com