ADVERTISEMENT

പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്നും രാജ്യത്തെ പ്രമുഖ കാര്‍ഡ് നെറ്റ് വര്‍ക്ക് കമ്പനിയായ മാസ്റ്റര്‍ കാര്‍ഡിന് വിലക്ക്. ജൂലായ് 22 ന് ശേഷം കാര്‍ഡ് നെറ്റ് വര്‍ക്കിലേക്ക് പുതിയ വരിക്കാരെ ചേര്‍ക്കരുതെന്നും കാര്‍ഡുകള്‍ വിതരണം ചെയ്യരുതെന്നും ആര്‍ ബി ഐ മാസ്റ്റര്‍ കാര്‍ഡിന് മുന്നറിയിപ്പ് നല്‍കി. ഉപഭോക്താക്കളുുടെ ശേഖരിക്കപ്പെട്ട ഡാറ്റയുടെ സംഭരണവുമായി ബന്ധപ്പെട്ട ആര്‍ബി ഐ മുന്നറിയിപ്പുകള്‍ അവഗണിച്ചതിനാണ് നടപടി. മാസറ്റര്‍ കാര്‍ഡിന്റെ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ക്ക് നിയന്ത്രണം ബാധകമാണ്.

നിലവിലുള്ളവ പ്രവര്‍ത്തിക്കും

അതേസമയം നിലവിലുള്ള മാസ്റ്റര്‍കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് നിയന്ത്രണം ബാധകമല്ല. അത് പ്രവര്‍ത്തിക്കുന്നതിന് തടസവുമില്ല. പേയ്‌മെന്റ് സിസ്റ്റം ആക്ടിന് കീഴില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്ററാണ് മാസ്റ്റര്‍ കാര്‍ഡ്. വിസ, റൂപേ, അമേരിക്കന്‍ എക്‌സപ്രസ് ഇവയെല്ലാം ഇത്തരത്തിലുള്ള ക്രെഡിറ്റ് കാര്‍ഡ് നെറ്റ് വര്‍ക്ക് സ്ഥാപനങ്ങളാണ്. ഉപഭോക്താക്കള്‍ക്ക് കാര്‍ഡ് നല്‍കുന്നത് ബാങ്കുകളോ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോ ആണെങ്കിലും ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ഇത്തരം സ്ഥാപനങ്ങളാണ്.

ഡാറ്റ സംഭരണം പ്രശ്‌നം

ഇത്തരം കമ്പനികളുടെ ഡാറ്റാ സംഭരണികള്‍ ഇന്ത്യയ്ക്ക് വെളിയിലാണ് സാധാരണയായി ഉണ്ടാകാറുള്ളത്. പേയ്‌മെന്റ് സിസ്റ്റവുമായി ബന്ധപ്പെട്ട് ഇത്തരം കമ്പനികള്‍ കൈകാര്യം ചെയ്യുന്ന മുഴുവന്‍ വിവരങ്ങളും ഇന്ത്യയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സംഭരണ സംവിധാനത്തിന്‍ കീഴിലാക്കണമെന്ന് ആര്‍ ബി ഐ 2018 ഏപ്രില്‍ 6 ന് നെറ്റ് വര്‍ക്ക് കമ്പനികളെ അറിയിച്ചിരുന്നു. ആറ് മാസത്തെ സമയവും നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ നിര്‍ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് നടപടി.

കാര്‍ഡ് പേയ്‌മെന്റ് കൂടി

ഇതേ കാരണത്തില്‍ അമേരിക്കന്‍ എക്‌സ്പ്രസിനും ഡൈനേഴ്‌സ് ക്ലബിനും നേരത്തേ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. 2021 മേയ് 1 മുതല്‍ പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ അവരെ അനുവദിച്ചിട്ടില്ല. പണമിടപാടുകള്‍ കുറഞ്ഞതോടെ കാര്‍ഡ് പേയ്‌മെന്റുകള്‍ രാജ്യത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുതിച്ചുയര്‍ന്നു. ഈ സാഹചര്യത്തില്‍ അതി വിപുലമായി ശേഖരിക്കപ്പെടുന്ന ഡാറ്റകള്‍ നിരന്തരം നിരീക്ഷിക്കപ്പെടേണ്ടതുള്ളതിനാല്‍ രാജ്യത്തിനകത്ത് തന്നെ സംഭരണ സംവിധാനവും വേണമെന്നാണ് ആര്‍ ബി ഐ വ്യക്തമാക്കുന്നത്. വിദേശ മണ്ണിലെ ഡാറ്റാ ശേഖരം നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുമെന്നതാണ് ഇതിന് പിന്നിലുള്ള യുക്തി.

English Summary: Master Card can not add New Subscribers after july 22nd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com