പഠന ചെലവിന് ആശ്വാസമേകും ഈ വിദ്യാഭ്യാസ വായ്പകൾ

HIGHLIGHTS
  • പൊതുമേഖല ബാങ്കുകള്‍ 6.75 ശതമാനം മുതൽ പഠന വായ്പ അനുവദിക്കും
student
SHARE

കോവിഡ് വിദ്യാഭ്യാസ മേഖലയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെങ്കിലും പഠനകാര്യങ്ങൾ മാറ്റ് വയ്ക്കാനാകില്ലല്ലോ. ഉന്നത വിദ്യാഭ്യാസ അഡ്മിഷന്‍, പഠനം, ഇന്റേണ്‍ഷിപ്പ് തുടങ്ങി എല്ലാകാര്യങ്ങളിലും ആശയക്കുഴപ്പം തുടരുകയാണ്. ഈ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ മക്കളുടെ വിദ്യാഭ്യാസ ചെലവിനായി പലിശ നിരക്ക് ഗണ്യമായി കുറവുള്ള വിദ്യാഭ്യാസ വായ്പകള്‍ കിട്ടുമെന്നതാണ് ആശ്വാസം. രാജ്യത്തിനകത്തും വിദേശ സര്‍വകലാശാലകളിലും ട്യൂഷന്‍ ഫീസ് അടക്കമുള്ള ചെലവുകൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കും. കുറച്ച് വര്‍ഷങ്ങള്‍ക്ക്് മുമ്പ് വരെ വിദ്യാഭ്യാസ വായ്പകളുടെ പലിശ നിരക്ക് കൂടുതലായിരുന്നു. എന്നാല്‍ പലിശനിരക്കുകളിലെ കുറവ് ഇപ്പോള്‍ ഇവിടെയും പ്രതിഫലിക്കുന്നുണ്ട്. പൊതുമേഖല ബാങ്കുകള്‍ 6.75 ശതമാനം മുതൽ പഠന വായ്പ അനുവദിക്കുന്നുണ്ട്. പരമാവധി 8 ശതമാനത്തിന് വായ്പകള്‍ ലഭിക്കും. സ്വകാര്യ ബാങ്കുകളുടെ നിരക്ക് അൽപം കൂടി ഉയരും. വിവിധ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പ നടപടിക്രമങ്ങള്‍ ഇവയാണ്.

ഈട് വേണ്ട

മുന്‍നിര പൊതുമേഖലാ ബാങ്കായ എസ് ബി ഐ സാധാരണ നിലയില്‍ കോഴ്‌സും വിദ്യാര്‍ഥിയുടെ മാര്‍ക്കും സ്ഥാപനത്തിന്റെ നിലവാരവും പരിഗണിച്ച് 7.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ഈടില്ലാതെ നല്‍കുന്നുണ്ട്. ഇനി ഐ ഐ എം, ഐ ഐ ടി തുടങ്ങിയ സ്ഥാപനങ്ങളടക്കം ബാങ്കിന്റെ 'സുരക്ഷിത' ലിസ്റ്റിലുള്ള സ്ഥാപനങ്ങളാണെങ്കില്‍ 40 ലക്ഷം രൂപ വരെയും ഇങ്ങനെ ഈടില്ലാതെ നല്‍കാറുണ്ട്. കാരണം ഇത്തരം സ്ഥാപനത്തില്‍  പഠിച്ചിറങ്ങിയവര്‍ക്ക് വലിയ ശമ്പളത്തില്‍ കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ ജോലി ലഭിക്കുന്നു. അതുകൊണ്ട് ബാങ്കുകള്‍ക്ക് റിസ്‌ക് ഇല്ലെന്ന് മാത്രമല്ല ഭാവിയില്‍ സാമ്പത്തിക ഭദ്രതയുള്ള ഇടപാടുകാരനെ ലഭിക്കുകയും ചെയ്യുന്നു.ബാങ്ക് ഓഫ് ഇന്ത്യയിലും 7.5 ലക്ഷം വരെ ഈട് വേണ്ട. മുന്‍നിര സ്ഥാപനങ്ങളാണെങ്കില്‍ ഇവിടെ 30 ലക്ഷം രൂപ വരെ ഈടില്ലാതെ വിദ്യാഭ്യാസ വായ്പ നല്‍കും.

ജാമ്യക്കാര്‍

ചില ബാങ്കുകള്‍ നാല് ലക്ഷം രുപ മുതല്‍ ജാമ്യക്കാരനെ ചോദിക്കാറുണ്ട്. ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക് എന്നിവ യഥാക്രമം 40, 30 ലക്ഷം രൂപ ഈടില്ലാതെ വായ്പ നല്‍കും. പക്ഷെ സ്ഥാപനം അക്കാദമിക് നിലവാരമുള്ളതായിരിക്കണം. പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ക്ക് പുറമേ ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ വായ്പ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഡോക്യുമെന്റേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ ഇവിടെ താരതമ്യേന ലളിതമായിരിക്കും.

പലിശ നിരക്ക്

ഈയിടെ വായ്പ പലിശ നിരക്കില്‍ വന്ന കുറവ് വിദ്യാഭ്യാസ വായ്പകളിലും പ്രതിഫലിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഈ രംഗത്തെ കുറഞ്ഞ പലിശ 6.85 ശതമാനമാണ്. വിവിധ ബാങ്കുകളിലിത് 9.10 ശതമനം വരെയാണ്. വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് പലിശ നിരക്ക് നിശ്ചയിക്കുക. സ്വകാര്യ ബാങ്കുകളുടെ നിരക്കാകട്ടെ 10 ശതമാനത്തില്‍ തുടങ്ങുന്നു. ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ നിരക്ക് 13 ശതമാനത്തിന് അടുത്തുവരും.

പ്രോസസിങ് ഫീസ്

സാധാരണ നിലയില്‍ നാല് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പ്രോസസിങ് ഫീസ് ഈടാക്കാറില്ല. അതിന് മുകളിലുള്ള തുകയ്ക്ക് അഞ്ച് ശതമാനമാണ് ഇത്തരം ചാര്‍ജായി നല്‍കേണ്ടത്. ചില ബാങ്കുകള്‍ മാതാപിതാക്കളുടെ തിരിച്ചടവ് ശേഷിയും പരിഗണിക്കാറുണ്ട്. 20 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് കുറഞ്ഞ പലിശ നിരക്കാണ് ബാങ്കുകള്‍ നിഷ്‌കര്‍ഷിക്കാറ്.

നികുതി ആനുകൂല്യം

വിദ്യാഭ്യാസ വായ്പ പലിശ നികുതി ഇളവിന് വിധേയമാണ്. എട്ടു വര്‍ഷം  അല്ലെങ്കില്‍ വായ്പ തിരിച്ചടവ് തീരുന്നതു വരെ (ഏതാണോ ആദ്യം) ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും. വായ്പ എടുക്കുന്നത് പങ്കാളിക്കോ, സ്വന്തമായോ, കുട്ടികള്‍ക്കോ വേണ്ടിയാണെങ്കില്‍ നികുതി ആനുകൂല്യമുണ്ട്. പലിശയ്ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.

English Summery: Details of Low Cost Education Loans

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA