ADVERTISEMENT

അവകാശികളില്ലാതെ ഇന്ത്യന്‍ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് 24,356 കോടി രൂപ! ആര്‍ ബി ഐ യുടെ കണക്കനുസരിച്ച് 2020 മാർച്ച് 31 വരെയുള്ള തുകയാണിത്. 2019 ല്‍ 6.41 കോടി അക്കൗണ്ടുകളിലായി ഇതുപോലെ നാഥനില്ലാതെ കിടക്കുന്നത്  18,381 കോടി രൂപയാണെന്നും കണക്കുകൾ കാണിക്കുന്നു. ഇങ്ങനെ അവകാശികളില്ലാതെ പണം സ്വരൂപിക്കപ്പെട്ടിരിക്കുന്ന അക്കൗണ്ടുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരം അക്കൗണ്ടുകളുടെ വിശദ വിവരങ്ങള്‍ നല്‍കി ഒരു ഏകീകൃത പോര്‍ട്ടല്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പല ബാങ്കുകളുടെ വൈബ്‌സൈറ്റുകളിലും ഇത്തരം അക്കൗണ്ടുകളെ കുറിച്ച് വിവരങ്ങളുണ്ടെങ്കിലും അവ ഉപയോഗിക്കാൻ അത്ര എളുപ്പമല്ല. അതുകൊണ്ടാണ് പരമാവധി അവകാശികളെ കണ്ടെത്താനായി ഏകീകൃത അന്വേഷണ സംവിധാനം തയ്യാറാക്കുന്നത്.

നിഷ്‌ക്രിയ അക്കൗണ്ട്

രണ്ട് വര്‍ഷം തുടര്‍ച്ചയായി ഒരു സാമ്പത്തിക പ്രവര്‍ത്തനവും നടത്താതിരുന്നാല്‍ ബാങ്കുകളുടെ ചട്ടമനുസരിച്ച് അത്  ഡോര്‍മന്റ് അഥവാ പ്രവര്‍ത്തന രഹിത അക്കൗണ്ടാകും. സാധാരണ നിലയില്‍ പത്ത് വര്‍ഷം തുടര്‍ച്ചയായി അക്കൗണ്ട് പ്രവര്‍ത്തനരഹിതമായി തുടര്‍ന്നാല്‍  ഇതിലുള്ള പണത്തിനും ജീവനില്ലാതാകും. ഇങ്ങനെയുള്ള പണമാണ് അവകാശികളില്ലാത്ത വിഭാഗത്തിലേക്ക് മാറ്റുന്നത്. ഈ പണം പിന്നീട് ബാങ്കുകള്‍ ആര്‍ ബി ഐ യുടെ കീഴിലുള്ള (നിക്ഷേപക വിദ്യാഭ്യാസ ബോധവത്കരണ ഫണ്ട്) ഡി ഇ എ എഫിലേക്ക് മാറ്റുകയും ചെയ്യും.

അവകാശികള്‍ എവിടെ?

പലപ്പോഴും അത്യാവശ്യം സാമ്പത്തിക കാര്യങ്ങള്‍ വേണ്ടപ്പെട്ടവരോട് പോലും പറയാന്‍ വിമുഖതയുള്ളവരാണ് നല്ലൊരു ശതമാനവും. അപ്രതീക്ഷിതമായി ഇവര്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍, എന്തിന് മരണങ്ങള്‍ തന്നെയും, അക്കൗണ്ടുകളെ നാഥനില്ലാതാക്കുന്നു.  ജോലിയുടെ ഭാഗമായിട്ടോ അല്ലെങ്കില്‍ ബിസിനസ് ആവശ്യത്തിനോ  വ്യത്യസ്ത ബാങ്കിന്റെ ശാഖകളില്‍ അക്കൗണ്ട് ചേര്‍ന്നിട്ടുള്ളവരാകാം ഇവര്‍. ഇതില്‍ ചിലതിലെല്ലാം അന്നത്തെ ആവശ്യം പരിഗണിച്ച് ചില നിക്ഷേപങ്ങള്‍, ചെറുതെങ്കിലും നടത്തിയിട്ടുമുണ്ടാകാം. പിന്നീട് അങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടുമുണ്ടാകില്ല. ഇങ്ങനെ പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളിലെ എഫ് ഡി, റിക്കറിങ് ഡിപ്പോസിറ്റ്, ഡി ഡി, ബാങ്കേഴ്സ് ചെക്ക്്, പേ ഓര്‍ഡര്‍ ഇതെല്ലാം പിന്നീട് നാഥനില്ലാത്ത ഫണ്ടിന്റെ പരിധിയിലേക്ക് മാറുന്നു. ഇത്തരം കേസുകളില്‍ പലപ്പോഴും ബാങ്കുകള്‍ക്ക് ഇടപാടുകാരെ ബന്ധപ്പെടാനും കഴിയാറില്ല. കൃത്യമായ ഫോണ്‍ നമ്പര്‍ ഇല്ലാത്തതും കൊടുത്ത നമ്പര്‍ കാലഹരണപ്പെട്ടതുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്.

ആ പണം എന്തു ചെയ്യും?

ഈ ഫണ്ട് ഗവണ്‍മെന്റ് സെക്യൂരിറ്റികളിലും മറ്റുമാണ് നിക്ഷേപിക്കുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം നിക്ഷേപത്തിന് പലിശ നല്‍കാനും നിക്ഷേപകര്‍ക്ക് വേണ്ടി ബോധവത്കരണപ്രവര്‍ത്തനം നടത്താനുമാണ് ഉപയോഗിക്കുന്നത്.

English Summary : Huge Money is Dormant in Bank Account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com