കരുതിയിരിക്കുക, കേന്ദ്രസർക്കാർ സഹകരണ സ്ഥാപനങ്ങളെ റാഞ്ചിയേക്കാം

HIGHLIGHTS
  • സഹകരണ സ്ഥാപങ്ങളുടെ അസ്തിത്വത്തെ ബാധിക്കുന്ന മോശം സംഭവങ്ങൾക്ക് അവസരം കൊടുക്കരുത്
Print
ചിത്രം: Manjunath Kiran / AFP
SHARE

കേന്ദ്ര സർക്കാർ സഹകരണ പ്രസ്ഥാനത്തിന് മേൽ കണ്ണും നട്ട് വട്ടമിട്ടു പറക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. നോട്ടു പിൻവലിക്കൽ കാലത്തു കേന്ദ്രം ചില ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെങ്കിലും സഹകരണ സ്ഥാപനങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞു. അടുത്ത കാലത്തായി ചില നിയമങ്ങൾ പാസാക്കിയും, സഹകരണ വകുപ്പ് സൃഷ്ടിച്ചും കടുത്ത ഇടപെടലിന് തയ്യാറെടുക്കുന്ന കേന്ദ്ര സർക്കാരിനെയാണ് കാണാൻ കഴിയുന്നത്. സഹകരണ സ്ഥാപനങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തുണ്ടെങ്കിലും കേരളത്തിൽ അത് വഹിക്കുന്ന പങ്കു ചെറുതല്ല. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളെ കേരളം ഉൾപ്പടെയുള്ള പല സംസ്ഥാനങ്ങളും ഉൽകണ്ഠയോടെയാണ് വീക്ഷിക്കുന്നത്.  

കമ്മീഷനുകൾ,  പരിഷ്കാര നിർദേശങ്ങൾ

സഹകരണ സൊസൈറ്റികളുടെ വായ്പാ ഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാൻ 1999 ൽ നിയമിച്ച കപൂർ കമ്മിറ്റി, 2001ലെ വ്യാസ് കമ്മിറ്റി, 2002ലെ പാട്ടീൽ കമ്മിറ്റി എന്നിവ പ്രസിദ്ധമാണെങ്കിലും 2004ൽ നിയമിച്ച വൈദ്യനാഥൻ കമ്മിറ്റിയുടെ ശുപാർശകളാണ് കൂടുതൽ വാദപ്രതിവാദത്തിനു വഴിതുറന്നത്. അതിലും അപകടപരമെന്നു  കേരള സർക്കാർ വിലയിരുത്തിയത് 2013 ലെ ബക്ഷി കമ്മിഷൻ റിപ്പോർട്ട് ആണ്. ഇതിന്റെയെല്ലാം ഉള്ളടക്കം സാമ്പത്തിക പരിഷ്കാരങ്ങളുടെ ചുവടു പിടിച്ചു സഹകരണ സ്ഥാപനങ്ങളെ  കാര്യക്ഷമമാക്കുക എന്ന പതിവ് തന്ത്രം തന്നെയാണ്. 

സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്ന് സഹകരണ സ്ഥാപനങ്ങളെ മുക്തമാക്കി, സഹകരണ ബാങ്കുകളെയും സംഘങ്ങളെയും സ്വതന്ത്രരാക്കുക എന്നതായിരുന്നു കമ്മീഷന്റെയും സർക്കാരിന്റെയും ലക്‌ഷ്യം. ഈ ലക്‌ഷ്യം ഉന്നം വച്ച് കേന്ദ്രം ഒരു കരാർ തയാറാക്കി. പ്രസ്തുത കരാറിൽ ഒപ്പു വയ്ക്കുന്ന സംസ്ഥാന സർക്കാരുകൾക്ക് പ്രാഥമിക സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും നഷ്ടം നികത്താൻ കേന്ദ്ര സഹായമെന്ന വാഗ്ദാനവും നൽകിയിരുന്നു. ബക്ഷി കമ്മിഷനാകട്ടെ സഹകരണ മേഖലയുടെ ഘടന മൂന്നു തല സംവിധാനത്തിൽ നിന്ന് രണ്ടു തലത്തിലേക്ക് ശുപാർശ ചെയ്തു. കേരളം തങ്ങളുടെ  കരുത്തായിരുന്ന ത്രിതല സംവിധാനത്തെ ഉപേക്ഷിക്കാൻ തയ്യാറല്ലാതിരുന്നതിനാൽ ബക്ഷി കമ്മീഷൻ റിപ്പോർട്ടിനെയും  ശക്തമായി എതിർത്തു.

പല സംസ്ഥാനങ്ങളും വൈദ്യനാഥൻ കമ്മീഷന്റെ ശുപാർശകൾക്കു വിധേയമായുള്ള ഉടമ്പടിയിൽ ഒപ്പു വെച്ചെങ്കിലും കേരളം, ഗോവ,ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ കരാറിൽ നിന്ന് വിട്ടു നിന്നു. എന്നാൽ നോട്ടു പിൻവലിക്കൽ പ്രഖ്യാപിച്ചതോടെ, കേന്ദ്ര സർക്കാർ സ്വീകരിച്ച ചില നടപടികൾ സഹകരണ സൊസൈറ്റികളെ ബുദ്ധിമുട്ടിലാക്കി. ഇതിനെ മറികടക്കാൻ സ്വീകരിച്ച നടപടികളുടെ ഫലമായി ചില സ്ഥാപനങ്ങളിലെങ്കിലും വൈദ്യനാഥൻ കമ്മീഷന്റെ നിർദേശങ്ങൾ പിൻവാതിലിലൂടെ സ്വീകരിക്കേണ്ടി വന്നു. സർക്കാർ അതുവരെ തീർത്ത പ്രതിരോധം പാളി പോയി എന്ന് പറഞ്ഞാൽ തെറ്റാവില്ല. അത് തന്നെയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യവും.

money-grow

ഭരണഘടനാ ഭേദഗതിയും നിയമ നിർമാണവും, പിന്നെ വിധിയും

വൈദ്യനാഥൻ കമ്മിറ്റി റിപ്പോർട്ട് വ്യാപക പ്രതിഷേധത്തിന് വഴി വെച്ചപ്പോൾ ഭരണകൂടം പുതിയ വഴികൾ അന്വേഷിച്ചു. താമസിച്ചില്ല, 97ാം  ഭരണഘടനാ ഭേദഗതി വരുത്തി കേന്ദ്രം പ്രതികരിച്ചു. രാജ്യ വ്യാപകമായി സഹകരണ സംഘങ്ങൾ കൈകാര്യം ചെയ്യുന്നതിന്  ഏകീകൃത രൂപം ഉണ്ടാക്കുകയെന്ന ലക്ഷ്യമായിരുന്നു  പ്രസ്തുത ഭേദഗതിയുടെ പിന്നിൽ.   ഇതെല്ലം സഹകരണ മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധി പ്രതീക്ഷിക്കുന്നതിനും അപ്പുറമാണ്.

ഭരണഘടനാ ഭേദഗതി ഗുജറാത്ത് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. വിശദമായി പഠിച്ച ഹൈക്കോടതി സഹകരണ സംഘങ്ങളുടെ കൈകാര്യം ചെയ്യലുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്ന 'പാർട്ട് IX B പൂർണമായും റദ്ദു ചെയ്തു.  സുപ്രീം കോടതി അടുത്ത കാലത്തു ഈ ഭേദഗതിക്ക് നിലനില്പില്ലെന്ന് വിധിച്ചു. ഭരണ ഘടനയിലെ ഏഴാം ഷെഡ്യൂളിലെ രണ്ടാം പട്ടിക പ്രകാരം സഹകരണം സംസ്ഥാന വിഷയമാണ്. ഇതിൽ ഇടപെടാൻ കേന്ദ്രത്തിനധികാരമില്ല എന്ന നിലപാട് വിധിയിൽ നിന്ന് വ്യക്തമായി വായിച്ചെടുക്കാൻ കഴിയുന്നു. അന്തർ സംസ്ഥാന സഹകരണ സ്ഥാപനങ്ങൾക്കു മേൽ നിയന്ത്രണമേർപ്പെടുത്തുന്ന ചില വകുപ്പുകൾ  നിലനിൽക്കുമെന്ന കാര്യത്തിലാണ് വിധി ഏകകണ്ഠമായി പ്രതികരിക്കാതിരുന്നത്.ഇതിലുള്ള ആശങ്ക ദൂരീകരിക്കപ്പെടേണ്ടതാണ്. സഹകരണ സ്ഥാപനങ്ങൾ സ്ഥാപിക്കാനുള്ള പൗരന്മാരുടെ അവകാശങ്ങൾ മൗലികാവകാശമായി തുടരുമെന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്.

Idea

പിന്നെയും ആശങ്ക: വിധിയിൽ ആശ്വാസം  

സുപ്രീം കോടതി വിധിക്കു മുമ്പേയാണ് കേന്ദ്രത്തിൽ സർക്കാർ സഹകരണത്തിന് പുതിയ മന്ത്രാലയം ഉണ്ടാക്കിയത്. സുപ്രീം കോടതി വിധി ഭരണഘടനാ  ഭേദഗതിയുമായി ബന്ധപ്പെട്ടതാണെങ്കിലും, കേന്ദ്ര സർക്കാരിന്റെ മന്ത്രാലയ രൂപീകരണത്തിനും തിരിച്ചടിയായിട്ടാണ് വിധിയെ നിയമജ്ഞർ വ്യാഖ്യാനിക്കുന്നത്. കേന്ദ്ര സഹകരണ വകുപ്പ് രൂപീകരണം ഭരണപരമായ നടപടിയാണെന്നും , സഹകരണ വിഷയം സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്നതിനാലും കേന്ദ്ര സർക്കാരിന് വകുപ്പ് രൂപീകരണവുമായി ബന്ധപെട്ടു ഉത്തരവിറക്കാനുള്ള അധികാരം ഇല്ലായെന്ന് കൃത്യമായി വ്യാഖ്യാനിക്കപ്പെടുന്നു.  ഫെഡറൽ തത്വങ്ങളെ ലംഘിച്ചു സംസ്ഥാനത്തിന്റെ അധികാര പരിധിയിൽപ്പെടുന്ന സഹകരണ മേഖലയിൽ കൂടി കൈകടത്താനുള്ള കേന്ദ്ര സഹകരണ വകുപ്പ് രൂപീകരണം പിൻവലിച്ച്,  ഭരണഘടനയുടെ അടിസ്ഥാന ശിലകളെ കാത്തു സൂക്ഷിക്കണമെന്ന വിദഗ്ധാഭിപ്രായത്തിന് ഈ സാഹചര്യത്തിൽ പ്രസക്തിയേറുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇതിനു ചെവി കൊടുക്കുമോ?

ഇനിയും സാധ്യത : അന്തർ സംസ്ഥാന സഹകരണ ബാങ്കുകൾ, പൊതുപട്ടിക 

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലും ചില സാദ്ധ്യതകൾ കേന്ദ്ര സർക്കാരിന് തുറന്നു കിട്ടുന്നു. അന്തർ സംസ്ഥാന സഹകരണ സംഘങ്ങൾ രൂപീകരിക്കാനും അതിനു നിയമ നിർമാണം നടത്താനും കേന്ദ്ര സർക്കാരിന് അധികാരം ഉണ്ടായിരിക്കുമെന്നതാണ് ആ പ്രത്യേകത. നിലവിലെ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ആക്ടിൽ ഭേദഗതി വരുത്തിയും, ലക്‌ഷ്യം വയ്ക്കുന്ന സംസ്ഥാനങ്ങളെയും അയൽ സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തി വിവിധ തരം അന്തർസംസ്ഥാന സഹകരണ സംഘങ്ങൾ രൂപീകരിക്കാനുള്ള ശ്രമവുമായിരിക്കും കേന്ദ്ര സർക്കാരിന്റെ അടുത്ത നടപടി. ഫാർമേഴ്‌സ് പ്രൊഡ്യൂസഴ്സ് ഓർഗനൈസേഷൻ, സ്റ്റാർട്ട്- അപ്പുകൾ എന്നീ മേഖലകളായിരിക്കും ഇതിലേക്കായി തെരെഞ്ഞെടുക്കുക .

സംസ്ഥാന പട്ടികയിലുള്ള സഹകരണത്തെ പൊതു പട്ടികയിൽ കൊണ്ടുവന്ന് ഈ പ്രശ്നത്തെ നേരിടാനായിരിക്കും കേന്ദ്ര സർക്കാരിന്റെ മറ്റൊരു ശ്രമം. രാജ്യ സഭയിൽ ഭൂരിപക്ഷം ഇല്ലാത്തതിനാലും അമ്പതു ശതമാനം നിയമസഭയുടെ അംഗീകാരം ലഭിക്കണമെന്നതിനാലും അത് എളുപ്പമാവില്ല. പക്ഷെ അതവരുടെ ദീർഘകാല അജണ്ട തന്നെയായിരിക്കും.

Indian-currency (2)

കരുതൽ കൊണ്ട് നേരിടണം 

കേന്ദ്ര സർക്കാരിനെ സംബന്ധിച്ചിടത്തോളം  ഏതു അറ്റകൈ പ്രയോഗത്തിനും തയ്യാറാകും. സുപ്രീം കോടതി വിധി മറികടക്കാനുള്ള , അതിലെ അർദ്ധാവസരങ്ങൾ മുതലെടുക്കാനുള്ള ചിന്ത ഇപ്പോൾ തന്നെ പുരോഗതിയിൽ ആയിരിക്കുമെന്നതിൽ സംശയമില്ല. അത് കൊണ്ട് തന്നെ സഹകരണ സ്ഥാപനങ്ങളുമായി ബന്ധപെട്ടു വരുന്ന അഴിമതി, പക്ഷപാതം, തട്ടിപ്പു എന്നിവ പൂർണമായും ചെറുക്കണം. കിട്ടാക്കടത്തിന്റെയും കാര്യക്ഷമതയുടെയും പേരിലാണ് കേന്ദ്ര സർക്കാർ ഈ മേഖലയിൽ പരിഷ്കാരങ്ങൾക്കു തുടക്കമിട്ടത്. ഇതിനു ആക്കം കൂട്ടാൻ സഹകരണ സ്ഥാപനങ്ങളിൽ നിന്ന് വരുന്ന മോശം വാർത്തകൾ സഹായിക്കും. സാമ്പത്തിക പരിഷ്കരണത്തിന്റെ ചുവടു പിടിച്ചുള്ള നിർദ്ദേശങ്ങൾ കേരളം പോലുള്ള സംസ്ഥാനങ്ങൾ നഖശിഖാന്തം എതിർക്കുന്നതിനോടൊപ്പം, സഹകരണ സ്ഥാപങ്ങളുടെ അസ്തിത്വത്തെ തന്നെ ബാധിക്കുന്ന മോശം സംഭവ വികാസങ്ങൾക്ക് ഇനിയെങ്കിലും അവസരം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇതിൽ ഒരു ഉത്തരവാദിത്വം ഉണ്ട്. 

തള്ള കോഴി കുഞ്ഞുങ്ങളെ ചിറകിലൊതുക്കി സംരക്ഷിക്കുന്നതുപോലെ സംസ്ഥാന സർക്കാർ സഹകരണ സ്ഥാപനങ്ങളെ സംരക്ഷിച്ചില്ലെങ്കിൽ കഴുകനെ പോലെ പറന്നു നടക്കുന്ന കേന്ദ്ര സർക്കാർ എപ്പോൾ വേണമെങ്കിലും ഈ സ്ഥാപനങ്ങളുടെ മേൽ കടിഞ്ഞാണിടാം; എന്തിനേറെ റാഞ്ചി കൊണ്ട് തന്നെ  പോകാം. 

ലേഖകൻ സാമ്പത്തിക വിദഗ്ധനാണ്

English Summary : Central Government may Hyjack States Co Operative Societies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA