ADVERTISEMENT

താമസിക്കാനായാലും നിക്ഷേപമെന്ന തരത്തിലായാലും ഭവന വായ്പ എടുത്താല്‍ വനിതകള്‍ക്ക് നിരവധി അധിക ആനുകൂല്യങ്ങള്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നല്‍കാറുണ്ട്. പലിശ കുറവാണ് അതില്‍ പ്രധാനം. സ്റ്റാമ്പ് ഡ്യൂട്ടിയിലും മറ്റും ലഭ്യമായ ഇളവ് കൂടാതെയാണിത്.

കുറഞ്ഞ പലിശ

പൊതുവേ പലിശ നിരക്ക് കുറഞ്ഞ അവസ്ഥയാണ് ഇപ്പോഴുള്ളത്. ഭവന വായ്പയ്ക്കുള്ള വനിതാ അപേക്ഷകര്‍ക്ക് പല ബാങ്കുകളും നിലവിലെ നിരക്കിനേക്കാള്‍ പലിശ കുറച്ച് നല്‍കുന്നുണ്ട്. കുറവ് നേരിയതാണെങ്കിലും ഭവന വായ്പാ തിരിച്ചടവുകളുടെ കാലാവധി ദീര്‍ഘമായതിനാല്‍ ഇത് വലിയ നേട്ടം സമ്മാനിക്കും. ഇം എം ഐ യിലും തിരിച്ചടവ് കാലയളവിലും ഇത് പ്രതിഫലിക്കും. പല ബാങ്കുകളും 10 ബേസിസ് പോയിന്റ് (100 പോയിന്റ് = 1 ശതമാനം) വരെയാണ് ഇങ്ങനെ വനിതാ അപേക്ഷകര്‍ക്ക് ഇളവ് നല്‍കുന്നത്. ഉദാഹരണത്തിന് 30,00,000 രൂപ 30 വര്‍ഷത്തേയ്ക്ക് 6.9 ശതമാനം പലിശയില്‍ വായ്പ എടുക്കുന്ന പുരുഷ അപക്ഷകന് പലിശയിനത്തില്‍ ആകെ അടയ്‌ക്കേണ്ടി വരിക 41,12,884 രൂപയാണ്. എന്നാല്‍ 10 പോയിന്റ് പലിശ ഇളവ് ലഭിക്കുന്ന വനിതാ ഉപഭോക്താവിന് പലിശ ഇനത്തില്‍ 40,40789 രൂപ അടച്ചാല്‍ മതിയാകും. വനിതയാണെങ്കില്‍ നേട്ടം 72,095 രൂപ! 

കൂടിയ തുക

വനിത ഉപഭോക്താക്കള്‍ക്ക് വരുമാന സ്രോതസ് കണക്കാക്കി കൂടിയ തുക ബാങ്കുകള്‍ വായ്പയായി അനുവദിക്കാറുണ്ട്. അതു പോലെ തന്നെ തിരിച്ചടവ് കാലാവധിയിലും ഈ ആനുകൂല്യം നല്‍കാറുണ്ട്.

സ്റ്റാമ്പ് ഡ്യൂട്ടി

സ്റ്റാമ്പ് ഡ്യൂട്ടി സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കുന്നത്. വീട്/ ഫ്‌ളാറ്റ്/ സ്ഥലം എന്നിവ വാങ്ങുമ്പോള്‍ ഈടാക്കുന്ന സ്റ്റാമ്പ് ഡ്യൂട്ടിയില്‍ പല സംസ്ഥാനങ്ങളും വനിതകള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ഒന്നു മുതല്‍ രണ്ട് ശതമാനം വരെയാണ് ഇങ്ങനെ ഇളവ് അനുവദിക്കുന്നത്. അമ്പത് ലക്ഷം രൂപയുടെ ആസ്തി ഇങ്ങനെ വാങ്ങുമ്പോള്‍ ഒരു ലക്ഷം രൂപ വരെ ഇങ്ങനെ ആദായമായി ലഭിക്കുന്നു.

നികുതി ഒഴിവ്

ഭവന വയ്പാ തിരിച്ചടവിന് നികുതി ഇളവിനും വനിതകള്‍ അര്‍ഹരാണ്. സെക്ഷന്‍ 80 സി അനുസരിച്ച് മുതലിന്റെ തിരിച്ചടവില്‍ 1.5 ലക്ഷം രൂപ വരെയും പലിശയുടെ കാര്യത്തില്‍ 2 ലക്ഷം രൂപ വരെയുമുള്ള ആനുകൂല്യം ലഭിക്കും. സംയുക്ത വായ്പയാണെങ്കില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ഈ ആനുകൂല്യം ലഭിക്കും. അതായത് മുതലില്‍ മൂന്ന് ലക്ഷം രൂപയുടെയും പലിശയില്‍ നാല് ലക്ഷം രൂപയുടെയും ആദായ നികുതി ഇളവിന് അര്‍ഹതയുണ്ടാകും. ഇത്രയും തുക പക്ഷെ അടവുണ്ടാകണം.

English Summary: Women Home Loan Buyers can Enjoy More Benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com