കരുതിയിരിക്കുക, ഓൺലൈൻ വായ്പാ തട്ടിപ്പ് വീണ്ടും

HIGHLIGHTS
  • ഓൺലൈൻ വായ്പാ തട്ടിപ്പിൽ വീഴാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
loan-fraud
SHARE

കോവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് വീണ്ടും ഓൺലൈൻ വായ്പാ തട്ടിപ്പ് സജീവമാകുന്നു. ലക്ഷക്കണക്കിന് രൂപ നഷ്ടമായവരുടെ വിവരങ്ങൾ പുറത്തുവന്നതിനുശേഷം പോലീസും സർക്കാരും ഇടപെട്ട് നടപടി സ്വീകരിച്ച ഓൺലൈൻ വായ്പാ ആപ്പുകളാണ് ഇപ്പോൾ പുതിയ പേരിൽ വീണ്ടും സജീവമാകുന്നത്. കോവിഡ് വായ്പ എന്ന പേരിലും, വിവിധ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ ലോഗോ ഉണ്ടാക്കിയും ഫേസ് ബുക്ക്‌, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ് തുടങ്ങിയവയിലൂടെ ഇത്തരത്തിലുള്ള ആപ്പുകളുടെ പരസ്യങ്ങൾ വീണ്ടും  പ്രത്യക്ഷപ്പെടുന്നുണ്ട്. നിരോധിച്ച ആപ്പുകളുടെ പേര് മാറ്റിയാണ് വീണ്ടും തട്ടിപ്പുകാർ രംഗത്ത് എത്തിയിരിക്കുന്നത്.

ആകർഷകം, നൂലാമാലകളില്ലാത്ത വായ്പ

സാധാരണ ബാങ്കിൽ നിന്നും വായ്പ എടുക്കുന്നതിന്റെ നൂലാമാലകളില്ലാതെ ആധാർ കാർഡും പാൻ കാർഡും ഉണ്ടെങ്കിൽ അനായാസമായി പണം ലഭിക്കുമെന്നതാണ് ഇത്തരത്തിലുള്ള വായ്പ ആപ്പുകളിലേക്ക് ആളുകളെ പെട്ടെന്ന് ആകർഷിക്കാൻ കാരണം. 3,000 രൂപ മുതൽ ലഭിക്കുമെന്നതിനാൽ കുറഞ്ഞ വായ്പയെടുത്തവർ വരെ ഇവരുടെ ചതിക്കുഴിയിൽ പെട്ടുപോയിട്ടുണ്ട്. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് തിരിച്ചറിയൽ രേഖയുടെ വിവരങ്ങൾ നൽകിയാൽ മതിയെന്നും പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരത്തിൽ ഉള്ള സംഘങ്ങൾ തട്ടിപ്പ് നടത്തുന്നത്.ഇവരുടെ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിലെ മുഴുവൻ കോൺടാക്റ്റുകളും, വിവരങ്ങളും ഇവർ  ചോർത്തി എടുക്കും. 

ഭീമമായ പലിശ

loan-fraud1

വായ്പ തിരിച്ചടയ്ക്കാൻ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് നേരിട്ടാൽ വായ്പയായി തന്നിരിക്കുന്ന പണത്തിന് ഭീമമായ പലിശ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയുമാണ് പിന്നീടുള്ള നടപടി. തിരിച്ചടയ്ക്കാനാകാതെ വന്നാൽ കോൺടാക്ടിലുള്ള മുഴുവൻ പേർക്കും ഇവർ സന്ദേശം അയക്കും. "ഇവർ നിങ്ങളുടെ നമ്പർ റഫറൻസ് വെച്ച് വായ്പ എടുത്തിട്ടുണ്ടെന്നും നിങ്ങളിൽ നിന്ന് പണം തിരികെ ഈടാക്കും" എന്നുമാണ്  ഭീഷണി സന്ദേശം. വായ്പ എടുത്തിരിക്കുന്നവരെ സൈബർ അറ്റാക്ക് നടത്തി ഏതുവിധത്തിലും പണം തിരിച്ചു പിടിക്കുക എന്നതാണ് ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ ലക്ഷ്യം. 

വാട്സാപ്പിലും മറ്റും ഇയാൾ ഫ്രോഡ്  ആണെന്നും  സാമ്പത്തിക കുറ്റകൃത്യം നടത്തിയിരിക്കുന്നു എന്നുമുള്ള രീതിയിൽ വായ്പ എടുത്ത ആളിന്റെ ഫോട്ടോ വെച്ച് പ്രചരിപ്പിക്കും. നാണക്കേട് ഭയന്ന് പലരും കടംവാങ്ങി വായ്പ തിരിച്ചടയ്ക്കും. ഇതിനൊന്നും കഴിയാത്തവർ ആത്മഹത്യയിൽ അഭയം പ്രാപിക്കും.വായ്പ തുകയേക്കാൾ അതിഭീമമായ പലിശയാണ്  ചോദിക്കുന്നത്. 3000 രൂപ എടുത്തവർക്ക് മുപ്പതിനായിരം രൂപ തിരിച്ചടയ്ക്കേണ്ട വന്ന സാഹചര്യങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ഒരു വായ്പ അടയ്ക്കാൻ മറ്റൊരു വായ്പ്പയെ ആശ്രയിച്ചു അങ്ങനെ നിരവധി വായ്പകളിൽ പെട്ടു പോയവർ ധാരാളമുണ്ട്. ഇത്തരത്തിൽ ചതിയിൽപ്പെട്ടവരുടെ നിരവധി പരാതികൾ ലഭിച്ച  സാഹചര്യത്തിൽ പോലീസ് നടപടികൾ സ്വീകരിച്ചിരുന്നു.

loan (2)

വീണ്ടും ഓൺലൈൻ വായ്പകൾ സജീവമാകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

∙രാജ്യത്ത് ഇനി പറയുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ വായ്പ നൽകാൻ അനുമതിയുള്ളൂ.

1. ബാങ്കുകൾക്ക് സ്വന്തം ആപ്പുകൾ വഴി വായ്പ നൽകാം 

2. റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുള്ള എൻ ബി എഫ് സി കൾ അതായത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകാം

3. അതാത് സംസ്ഥാന സർക്കാരുകളുടെ നിയമപരിധിയിൽ വരുന്ന ചില സ്ഥാപനങ്ങൾക്കും ഇത്തരം വായ്പ നൽകാൻ അധികാരമുണ്ട്.

ഇവർ നിയമപ്രകാരം പ്രവർത്തിക്കുന്നവയായതുകൊണ്ട് വായ്പകൾ നൽകുന്നതിലും റിക്കവറി ആവശ്യമാണെങ്കിൽ തന്നെ ചൂഷണം ചെയ്ത് തിരിച്ചു പിടിക്കില്ല.

ഇവരിലൂടെയല്ലാതെയുള്ള വായ്പകൾ നിയമവിരുദ്ധമാണ്

"അക്കൗണ്ട്  ഫ്രീസ് ചെയ്യും, സിബിൽ സ്കോർ നശിപ്പിക്കും പോലീസിൽ അറിയിക്കും" തുടങ്ങിയ സമ്മർദ്ദതന്ത്രങ്ങൾ ഉപയോഗിച്ചാണ്  തട്ടിപ്പുകാർ തുക തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നത്. എന്നാൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് ഈ പറയുന്ന അധികാരങ്ങൾ ഒന്നുമില്ല എന്ന് മനസ്സിലാക്കണം. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായതു കൊണ്ട് പോലീസിനെ ഇടപെടീക്കാൻ ഇവർക്ക് സാധിക്കില്ല. ആളുകളുടെ അജ്ഞത മുതലാക്കുകയാണിവർ. വ്യക്തിഹത്യയും  മാനസിക പീഡനവും സൈബർ അറ്റാക്കിങ്ങും നടത്തി പണം തിരിച്ചു പിടിക്കുകയാണിവരുടെ ലക്ഷ്യം. ഇപ്പോൾ ഇടവേളയ്ക്കുശേഷം കോവിഡിനെ മറയാക്കി ഇത്തരം ആപ്പുകൾ  സജീവമാകുന്നുണ്ട്. റിസർവ് ബാങ്ക് നിഷ്കർഷിക്കുന്ന സ്ഥാപനങ്ങളിൽ നിന്നുമാത്രം വായ്പയെടുത്ത് സുരക്ഷിതത്വം ഉറപ്പാക്കുക. വ്യക്തിഗതവിവരങ്ങൾ ദുരുപയോഗപ്പെടുത്തുന്നതും ലോൺ തിരിച്ചു പിടിക്കുന്നതിന് മോശം പെരുമാറ്റങ്ങളിൽ ഏർപ്പെടുന്നതും കുറ്റകരമാണെന്നും റിസർവ് ബാങ്കിന്റെ അറിയിപ്പുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും തട്ടിപ്പ് ശ്രദ്ധയിൽപ്പെടുകയോ ഇരയാവുകയോ ചെയ്താൽ റിസർവ് ബാങ്കിന്റെ ഈ സൈറ്റിൽ നിങ്ങൾക്ക് പരാതി നൽകാം. https://cms.rbi.org.in 

English Summary: Beware about Online Loan Fraud

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA