ADVERTISEMENT

കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ ആർബിഐ നടപ്പാക്കിയ വായ്പ മൊറട്ടോറിയം എന്ന ആനുകൂല്യം നിങ്ങളുടെ വായ്പയെ എങ്ങനെ ബാധിച്ചു എന്നു വിലയിരുത്തിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഉടനെ അതു ചെയ്യുക. കാരണം ഓരോ ബാങ്കും ഓരോ രീതിയിലാണ് മൊറട്ടോറിയം നടപ്പാക്കിയിരിക്കുന്നത്. 

ആർബിഐ നിർദേശാനുസരണം സ്വകാര്യ ബാങ്കുകളടക്കം എല്ലാവരും മൊറട്ടോറിയം നൽകാൻ നിർബന്ധിതരായിരുന്നു. വേണ്ടെന്ന് അറിയിച്ചിട്ടില്ലെങ്കിൽ നിങ്ങൾക്കും അതു ബാധകമാക്കിയിട്ടുണ്ടാകാം. കാരണം, വേണ്ടെന്ന് അറിയിക്കാത്തവർക്കെല്ലാം അനുവദിക്കാനായിരുന്നു ഉത്തരവ്. 

ആർബിഐയും മൊറട്ടോറിയവും

കോവിഡിനെ തുടർന്നു 2020 മാർച്ചിൽ ആദ്യ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ  ബഹുഭൂരിപക്ഷത്തിനും തൊഴിൽ നഷ്ടപ്പെടുകയോ വരുമാനം കുറയുകയോ ചെയ്തു. തൻമൂലം വായ്പ എടുത്തവർക്ക് മാസഗഡു അടയ്ക്കാൻ യാതൊരു നിവൃത്തിയുമില്ലാതായി. പക്ഷേ, ഒരു വായ്പയിൽ മൂന്നു മാസം അടവുണ്ടായില്ലെങ്കിൽ  ഓട്ടമാറ്റിക്കായി ആ വായ്പ കിട്ടാക്കടം ആകും. അതു ബാങ്കിനും ഉപഭോക്താക്കൾക്കും വലിയ പ്രശ്നങ്ങളുണ്ടാക്കും. 

അതുകൊണ്ടാണ് കോവിഡ് പ്രതിസന്ധി തീരും വരെ മാസഗഡു അടയ്ക്കാതിരിക്കാനുള്ള അവസരം (മൊറട്ടോറിയം) ആർബിഐ മുന്നോട്ടുവച്ചത്. എന്നാൽ, സർക്കാർ ഉദ്യോഗസ്ഥരടക്കം ഒരു വിഭാഗത്തിനു തിരിച്ചടവ്  പ്രശ്നമുണ്ടായിരുന്നില്ല. അതിനാൽ, ചിലർ   മൊറട്ടോറിയം ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോൾ മറ്റു ചിലർ അതു വേണ്ടെന്നു വച്ചു.

മൊറട്ടോറിയം തങ്ങൾ എടുക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം ബാങ്കിനെ അറിയിക്കാൻ ലോക്‌ഡൗൺ ആയതിനാൽ ഭൂരിപക്ഷത്തിനും  കഴിഞ്ഞില്ല. ഈ സാഹചര്യം പരിഗണിച്ച്  മൊറട്ടോറിയം വേണ്ട എന്നു ബാങ്കിനെ അറിയിക്കുന്നവരെ മാത്രം ഒഴിവാക്കാനും ബാക്കി എല്ലാവർക്കും മൊറട്ടോറിയം ബാധകമാണെന്ന രീതിയിൽ മുന്നോട്ടു പോകാനും ആർബിഐ നിർദേശിച്ചു.

അതായത്, വേണ്ട എന്നു ബാങ്കിനെ അറിയിക്കാത്തവർക്കെല്ലാം ഓട്ടമാറ്റിക്കായി മൊറട്ടോറിയം അനുവദിച്ചു. കാരണം, ബാങ്ക് ഉദ്യോഗസ്ഥരുടെ താൽപര്യമില്ലായ്മോ അശ്രദ്ധയോ മൂലം ഒരു കസ്റ്റമറിനും സർക്കാർ പ്രഖ്യാപിച്ച ഈ ആനുകൂല്യം കിട്ടാതെ പോകരുത് എന്നതായിരുന്നു ആർബിഐയുടെ ഉദ്ദേശ്യം. അതേസമയം കോവിഡ് രണ്ടാം വരവിനെ തുടർന്ന് 2021 ഏപ്രിലിൽ ആർബിഐ പ്രഖ്യാപിച്ചത് വായ്പ റീസ്ട്രക്ടചറിങ് ആണ്. അതു പക്ഷേ കൃത്യമായി അപേക്ഷിക്കുന്നവർക്കു മാത്രം നൽകാനാണ് നിർദേശം.   

തിരിച്ചടവ് രീതി ബാങ്കുകൾക്ക് തീരുമാനിക്കാം

ആർബിഐ അക്കാലയളവിലെ തുക എങ്ങനെ തിരിച്ചു പിടിക്കണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ഥാപനങ്ങൾക്കു നൽകി. അതുകൊണ്ട് ഓരോ സ്ഥാപനവും സ്വീകരിച്ചിരിക്കുന്ന രീതി വ്യത്യസ്തമായിരിക്കും. ഏതു തരത്തിലും ലാഭം വർധിപ്പിക്കാൻ ശ്രമിക്കുന്ന ധനകാര്യ സ്ഥാപനങ്ങളാണ് ചുറ്റിലും എന്നതു മറക്കരുത്. അവരിൽ ചിലരെങ്കിലും ഇത് അവസരമാക്കിയേക്കാം. 

ഭവനവായ്പയിൽ മാത്രമല്ല പഴ്സനൽ ലോൺ, വാഹനവായ്പ, ബിസിനസ് ലോൺ, വിദ്യാഭ്യാസ വായ്പ, കൃഷിവായ്പ തുടങ്ങിയവയ്ക്കെല്ലാം മൊറട്ടോറിയം അനുവദിച്ചിരുന്നു. ഇവയുടെ എല്ലാം നിലവിലെ സ്ഥിതി പരിശോധിക്കുന്നതു നന്നായിരിക്കും. 

നിങ്ങൾ ചെയ്യേണ്ടത്

∙വായ്പ നൽകിയ സ്ഥാപനത്തെ സമീപിച്ച് ഇഎംഐ, കാലയളവ് എന്നിവയിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് ചോദിക്കുക.

∙അതു നിങ്ങളുടെ തിരിച്ചടവു കാലത്തെയും തുകയെയും എങ്ങനെ ബാധിക്കും എന്നത് അന്വേഷിച്ചറിയുക.

∙പറയുന്ന കാര്യങ്ങൾ അതേപടി വിഴുങ്ങാതെ കാര്യങ്ങൾ സ്വയം വിശകലനം ചെയ്ത് ഏതെങ്കിലും തരത്തിൽ നഷ്ടം സംഭവിക്കുമോ എന്നും വിലയിരുത്തുക.

∙പ്രശ്നങ്ങൾ തോന്നിയാൽ നേരിട്ടു വിശദീകരണം തേടുക.

∙ഇത് എല്ലാത്തരം വായ്പയുടെ കാര്യത്തിലും ചെയ്യുക.

English Summary : You Should Know the Latest Update on Your Loan Moratorium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com