ADVERTISEMENT

ഭവന വായ്പാ പലിശ ഇപ്പോൾ വളരെ കുറഞ്ഞെങ്കിലും കൂടിയ നിരക്ക്് കൊടുക്കേണ്ടി വരുന്നുണ്ടോ നിങ്ങള്‍ക്ക്? എങ്കില്‍ വൈകേണ്ട, കുറഞ്ഞ പലിശ നിരക്കുള്ള ബാങ്കിലേക്ക് വായ്പ മാറ്റുന്ന കാര്യം ആലോചിക്കാം. നിലവില്‍ 6.75 ശതമാനം മുതല്‍ ബാങ്കുകള്‍ ഭവന വായ്പ നല്‍കുന്നുണ്ട്. എന്നാല്‍ അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍, പ്രായം തുടങ്ങി പല ഘടകങ്ങള്‍ പരിഗണിച്ച് പലപ്പോഴും ഉയര്‍ന്ന നിരക്കിലാവും തുടക്കത്തിൽ വായ്പ അനുവദിച്ചിട്ടുണ്ടാവുക. പിന്നീട് വായ്പ പലിശ നിരക്കിലുണ്ടായ കുറവ് ഈ വായ്പകളില്‍ പരിഗണിക്കപ്പെട്ടിട്ടുമുണ്ടാവില്ല.

ക്രെഡിറ്റ് സ്‌കോർ

ക്രെഡിറ്റ് സ്‌കോര്‍ കുറവാണെങ്കില്‍ കൂടിയ പലിശയാകും ബാങ്കുകള്‍ ഈടാക്കുക. പിന്നീട് സ്‌കോര്‍ മെച്ചപ്പെട്ടാലും നിലവില്‍ വായ്പ എടുത്തവര്‍ക്ക്്  അതിനനുസരിച്ച് പലിശ കുറയ്ക്കാന്‍ ബാങ്കുകള്‍ തയ്യാറാവില്ല. ഇത്തരം കേസുകളില്‍ പലിശ നിരക്ക് കുറഞ്ഞ ബാങ്കുകളിലേക്ക് നിലവിലെ വായ്പയുടെ ബാക്കി മാറ്റാവുന്നതാണ്. വായ്പകള്‍ ഇങ്ങനെ സ്വച്ച് ഓവര്‍ ചെയ്യുമ്പോള്‍ പലിശനിരക്ക് കുറയുകയും അത് ഇ എം ഐ യില്‍ പ്രതിഫലിക്കുകയും ചെയ്യും. പക്ഷെ എല്ലാ കേസുകളിലും ഭവന വായ്പ ഇങ്ങനെ സ്വിച്ച് ഓവര്‍ ചെയ്യുന്നത് ആദായകരമാവില്ല. പല കാര്യങ്ങള്‍ ഇവിടെ പരിഗണിക്കണം.

Home-Loan

സ്വിച്ച് ഓവര്‍ 

കുറഞ്ഞ പലിശ നിരക്കുള്ള ബാങ്കുകളിലേക്ക് ഭവന വായ്പ സ്വച്ച് ഓവര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എല്ലാ വായ്പകള്‍ക്കും ഇത് നേട്ടമുണ്ടാക്കില്ല എന്നതാണ്. ഇക്കാര്യത്തില്‍ പരിഗണിക്കേണ്ട പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ പലിശനിരക്കും വായ്പയുടെ ബാക്കിയുള്ള തിരിച്ചടവ് വര്‍ഷങ്ങളുമാണ്.

പലിശ നിരക്ക്

വായ്പ മാറ്റത്തിന് പരിഗണിക്കാവുന്ന പ്രധാന കാര്യം പലിശ നിരക്കിലെ വ്യത്യാസമാണ്. ബാങ്കിങ് രംഗത്തുള്ള പ്രഗത്ഭര്‍ നിര്‍ദേശിക്കുന്നത് സാധാരണ നിലയില്‍ അര ശതമാനമെങ്കിലും പലിശ ആദായമില്ലെങ്കില്‍ വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നതിന് പ്രയോജനമുണ്ടാകില്ലെന്നാണ്. കാരണം പുതിയ ബാങ്ക് ചുമത്തുന്ന പ്രോസസിങ് ഫീസ്, ഡോക്യുമെന്റേഷന്‍ ചെലവ് തുടങ്ങിയവയെല്ലാം പരിഗണിക്കണം. മത്സരത്തിന്റെ ഭാഗമായി ഇതെല്ലാം ഒഴിവാക്കുന്ന ചില കേസുകളില്‍ കാല്‍ ശതമാനം പലിശ വ്യത്യാസമുണ്ടെങ്കിലും ഇത് ആദായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

ബാക്കി തിരിച്ചടവ് വര്‍ഷം

വായ്പ ഇനി എത്രവര്‍ഷം കൂടി തിരിച്ചടയ്ക്കാനുണ്ട് എന്നത് പ്രധാനമാണ്. തിരിച്ചടവ് 10 വര്‍ഷത്തില്‍ അധികമെങ്കിലും ബാക്കിയുണ്ടെങ്കില്‍ മാത്രമേ ഇതിന് മുതിരാവൂ. കാരണം വായ്പകളുടെ തുടക്ക വര്‍ഷങ്ങളില്‍ തിരിച്ചടവിന്റെ സിംഹഭാഗവും പലിശ അടവാണ്. മുതലിലേക്ക് പോകുന്നത് നാമമാത്ര തുകയായിരിക്കും. അതുകൊണ്ട് തിരിച്ചടവ് പകുതിയെങ്കിലും ബാക്കിയായ വായ്പകളെ സ്വിച്ച് ഓവര്‍ ചെയ്യാവൂ.

15 വര്‍ഷം കാല്‍ ശതമാനം

പൊതുവേ പറഞ്ഞാല്‍ തിരിച്ചടവ് ബാക്കി 15 വര്‍ഷത്തിലധികമാണെങ്കില്‍ കാല്‍ ശതമാനം പലിശ കുറവുള്ള ബാങ്കിലേക്ക് വായ്പ മാറ്റിയാലും ചെറിയ തോതില്‍ ആദായകരമാണ്. എന്നാല്‍ തിരിച്ചടവ് വര്‍ഷം ഇതിലും കുറഞ്ഞാല്‍ ഇത്ര ചെറിയ പലിശ വ്യത്യാസത്തില്‍ വായ്പ മാറ്റുന്നത് ആദായകരമാവില്ല.

 അര ശതമാനം പരിഗണിക്കാം

തിരിച്ചടവ് ബാക്കി പത്ത് വര്‍ഷമെങ്കിലുമുണ്ടെങ്കില്‍ അര ശതമാനത്തിന്റെ പലിശ കുറവ് പരിഗണിക്കാം. അതിലും താഴെയാണ് ബാക്കിയായ തിരിച്ചടവ് വര്‍ഷമെങ്കില്‍ പലിശ നിരക്കിലെ വ്യത്യാസം ഇനിയും കുടുതലായിരിക്കണം.

English Summary : Consider These Things Before Switch over the Home Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com