ADVERTISEMENT

ഈ ഡിസംബറിൽ ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രം. ഇന്ത്യയുടെ സ്വന്തം ക്രിപ്റ്റോ കറൻസിയെന്ന് ഇതിനെ പലരും പ്രചരിപ്പിക്കുന്നുണ്ട്. എന്നാലിത് ശരിയല്ല. ഡിജിറ്റൽ കറൻസിയും ക്രിപ്റ്റോ കറൻസിയും രണ്ടും രണ്ട്  തരത്തിലുള്ള പണവിനിമയ ഉപാധികളാണ്. ക്രിപ്റ്റോ കറൻസിയുടെയും ഡിജിറ്റൽ കറൻസിയുടെയും വരവോടെ പണവിനിമയത്തിൽ ലോകത്തിന്റെ സങ്കൽപം തന്നെ മാറുകയാണ്. പരമ്പരാഗത രീതിയിലുള്ള കടലാസ് പണം താമസിയാതെ വിട പറഞ്ഞേക്കാം. ഡിജിറ്റൽ വാലറ്റുകളിൽ ഡിജിറ്റൽ കറൻസിയും ക്രിപ്റ്റോ കറൻസിയും സൂക്ഷിക്കാം. ഡിജിറ്റൽ കറൻസിയും ക്രിപ്റ്റോ കറൻസിയും തമ്മിലുള്ള വ്യത്യാസം അറിയാം.

ഡിജിറ്റൽ കറൻസി

ഗവൺമെന്റ് വിതരണം ചെയ്യുന്ന ഫിയറ്റ് കറൻസി ( കടലാസ് പണം )യുടെ ഇലക്ട്രോണിക് രൂപമാണ് ഡിജിറ്റൽ കറൻസി. ഒരു രൂപയ്ക്ക് ഒരു രൂപയുടെ തുല്യമായ ഡിജിറ്റൽ കറൻസിയാണ് ലഭിക്കുക.  മൂല്യം സ്ഥിരമായിരിക്കും.ഡിജിറ്റൽ കറൻസി ഉപയോഗിച്ച് ലോകത്ത് എവിടെ വേണമെങ്കിലും ഇടപാടുകൾ നടത്താം. സ്വന്തം ഡിജിറ്റൽ വാലറ്റിൽ പണം സൂക്ഷിക്കാം. എൻക്രിപ്ഷൻ ഇല്ല . ഡിജിറ്റൽ വാലറ്റ് ഹാക്ക് ചെയ്യാനോ മോഷ്ടിക്കാനോ സാധ്യതയുള്ളതിനാൽ സുരക്ഷിതമായ പാസ് വേർഡ് ഉണ്ടാക്കി വാലറ്റ് സംരക്ഷിക്കാം. ബാങ്കുകളുടെയും ഗവൺമെൻറിന്റിന്റെയും നിയന്ത്രണത്തിലാണ് ഇടപാടുകൾ. ഇടപാടുകാരുടെ സ്വകാര്യത കാത്തു സൂക്ഷിക്കുന്നു. 

ക്രിപ്റ്റോ കറൻസി

കടലാസ് രഹിത വെർച്വൽ കറൻസിയാണിത്. ഗവൺമെന്റിന്റെയോ ബാങ്കുകളുടേയോ നിയന്ത്രണം ഇതിനില്ല. ഒരു ഔദ്യോഗിക ഇഷ്യുവർ ഇതിനില്ല. ബ്ലോക്ക് ചെയിൻ ടെക്നോളജിയിലാണ് പ്രവർത്തനം. അതു കൊണ്ട് തന്നെ സുതാര്യമാണ് ഇടപാടുകൾ. വിവരങ്ങൾ ആർക്കും കാണാവുന്ന പബ്ലിക് ലെഡ്ജറിൽ സൂക്ഷിക്കുന്നു. ശക്തമായ എൻക്രിപ്ഷൻ വഴി സുരക്ഷ ഒരുക്കുന്നു. 

ക്രിപ്റ്റോ കറൻസിക്ക് ഒരു സമ്പദ് വ്യവസ്ഥയിൽ നിലനിൽക്കുന്ന പണത്തിന്റെ യഥാർത്ഥ മൂല്യം അല്ല. മറ്റ് ഘടകങ്ങളുടെ സ്വാധീനത്താൽ മൂല്യത്തിൽ അസ്ഥിരത ഉണ്ടാകും. ക്രിപ്റ്റോ കറൻസി ഔദ്യോഗികമായി അംഗീകരിച്ച രാജ്യങ്ങളിൽ മാത്രമെ ഇതുപയോഗിച്ചുള്ള ഇടപാടുകൾ നടത്തുവാൻ പറ്റൂ. 

ക്രിപ്റ്റോ കറൻസി മൈനിങ്

ഗവൺമെന്റിന്റെ മിന്റിൽ കടലാസ് പണം എത്ര വേണമെങ്കിലും അടിക്കാം. പക്ഷേ ക്രിപ്റ്റോ കറൻസിയക്ക് ഇത് സാധ്യമല്ല. അത്യധികം ദുഷ്കരവും സമയമേറിയതും ചെലവേറിയതുമാണ് ക്രിപ്റ്റോ കറൻസി മൈനിങ്. മൈനിങിലൂടെ ക്രിപ്റ്റോ കറൻസി ആർക്കും സ്വന്തമാക്കാം. ക്രിപ്റ്റോ കറൻസി മൈനിങിന്  GPU ( ഗ്രാഫിക്സ്  പ്രൊസ്സസിംഗ് യൂണിറ്റ്) അല്ലെങ്കിൽ ASIC ( ആപ്ലിക്കേഷൻ സ്പെസിഫിക്ക് ഇൻ്റഗ്രേറ്റഡ് സർക്യൂട്ട് ) സ്ഥാപിച്ചിട്ടുള്ള അത്യാധുനിക കമ്പ്യൂട്ടർ സംവിധാനങ്ങൾ വേണം. അത്യധികം സങ്കീർണ്ണമായ മാത്തമാറ്റിക്കൽ പ്രോബ്ളത്തിനു ഉത്തരം കണ്ടെത്തുമ്പോഴാണ് മൈനിങ് വിജയമാകുക. പിന്നീട് വെരിഫിക്കേഷനു ശേഷം ബ്ലോക്ക് ചെയിനിൽ കൂട്ടി ചേർക്കപ്പെടുന്നു. അതു കൊണ്ട് ക്രിപ്റ്റോ കറൻസികൾ എണ്ണത്തിൽ കുറവായിരിക്കും. ആവശ്യക്കാർക്ക്  ഡിജിറ്റൽ കറൻസിയോ കടലാസ് പണമോ കൊടുത്ത് ക്രിപ്റ്റോ കറൻസി വാങ്ങാവുന്നതുമാണ്.

English Summary : Know the Differnce Between Digital Currency and Crypto Currency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com