ADVERTISEMENT

സാധാരണ നിലയില്‍ പുതിയ വായ്പ വേണമെങ്കില്‍ ബാങ്കില്‍ നിങ്ങള്‍ കെ വൈ സി (നോ യുവര്‍ കസ്റ്റമര്‍) രേഖകള്‍ സമര്‍പ്പിക്കേണ്ടി വരും. മ്യൂച്ച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കണമെങ്കിലോ എല്‍ ഐ സി പോളിസി എടുക്കണമെങ്കിലോ ഒക്കെ ഇത് നല്‍കണം. അക്കൗണ്ട് അഗ്രഗേറ്റര്‍ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളാണെങ്കില്‍ മേല്‍പറഞ്ഞ ആവശ്യങ്ങള്‍ക്ക് കെ വൈസി രേഖ നിങ്ങള്‍ കൈമാറേണ്ടതില്ല.

എ എ നെറ്റ് വര്‍ക്ക്

അക്കൗണ്ടുടമകളുടെ കെ വൈ സി അടക്കമുള്ള വിശദാംശങ്ങള്‍ അന്യോന്യം കൈമാറുന്നതിന് വേണ്ടി ബാങ്കുകള്‍ക്കുള്ള ഏറ്റവും പുതിയ സംവിധാനമാണ് അക്കൗണ്ട് ആഗ്രിക്കേറ്റര്‍ നെറ്റ് വര്‍ക്ക്. കഴിഞ്ഞ ദിവസം നിലവില്‍ വന്നു.

രാജ്യത്തെ മുന്‍നിര ബാങ്കായ എസ് ബി ഐ അടക്കം എട്ടു ബാങ്കുകളാണ് ഇപ്പോള്‍ ഈ നെറ്റ് വര്‍ക്കില്‍ ചേര്‍ന്നിട്ടുള്ളത്. എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ, കോട്ടക് മഹീന്ദ്ര, ആക്‌സിസ്, ഇൻഡസ് ഇന്‍ഡ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് എന്നിവ. ഇതില്‍ ഏതെങ്കിലും ഒരു ബാങ്കിന്റെ അക്കൗണ്ടുടമയാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ വിവരങ്ങള്‍ ഇവ അന്യോന്യം കൈമാറും.

പേപ്പര്‍ വര്‍ക്ക് വേണ്ട

സാധാരണ നിലയില്‍ അക്കൗണ്ട് എടുക്കുന്നതിനും മറ്റും കെ വൈ സി ഡോക്യുമെന്റുകള്‍ നിങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കിയാണ് ചെയ്യുന്നത്. പുതിയ സംവിധാനത്തില്‍ ഈ നെറ്റ് വര്‍ക്കില്‍ ഉള്‍പ്പെട്ട ഒരു ബാങ്കില്‍ നിന്ന് നിങ്ങള്‍ ഒരു വായ്പ എടുക്കുന്നു എന്ന് കരുതുക. നിങ്ങളെ സംബന്ധിക്കുന്ന  വിശദാംശങ്ങള്‍ ഈ വിനിമയ പ്ലാറ്റ് ഫോം ആ ബാങ്കിന് കൈമാറുന്നു. ഇത് ഉപഭോക്താക്കള്‍ക്കും ബാങ്കിനും പണിയെളുപ്പമാക്കുന്നു.

ആര്‍ ബി ഐ നിയന്തണം

Reserve Bank of India RBI

നെറ്റ് വര്‍ക്കില്‍ ഉള്‍പ്പെട്ട അക്കൗണ്ടുടമകളുടെ എല്ലാ വിവരങ്ങളും സൂക്ഷിക്കുന്ന കാവല്‍ക്കാരനാണ് എ എ. ഇതിലെ അംഗങ്ങളായ ബാങ്കുകള്‍ ഉപഭോക്താവിനെ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം ഇൗ ഡാറ്റാ ബാങ്കിലേക്ക് കൈമാറുന്നു.  നെറ്റ് വര്‍ക്കില്‍ ഉള്‍പ്പെടുന്ന ആവശ്യക്കാരായ ബാങ്കുകള്‍ക്ക് ആവശ്യാനുസരണം ഉപഭോക്താവിനെ സംബന്ധിച്ച ഡാറ്റകള്‍ നല്‍കുകയാണ് ഇതിന്റെ ജോലി. അതായത് ഇതിലേക്ക് ഡാറ്റാ നല്‍കുന്ന സ്ഥാപനത്തിന് മാത്രമേ ഇവിടെ നിന്നും സ്വീകരിക്കാനുമാകൂ. എപ്പോഴാണോ നിങ്ങളുടെ ബാങ്ക് ഇതില്‍ അംഗമാകുന്നത് അപ്പോള്‍ മുതല്‍ നിങ്ങളുടെ സാമ്പത്തിക ഡാറ്റകളും കൈമാറ്റം ചെയ്യപ്പെടും.

നിങ്ങളെ കുറിച്ചുള്ള വിവരം

ആധുനിക ലോകത്ത് ഏറ്റവും വലിയ മൂല്യമുള്ള ഒന്നാണ് നിങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍. ഇവിടെ നിങ്ങളുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ മാത്രമാണ് കൈമാറ്റം ചെയ്യപ്പെടുക. വായ്പ, ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് മുഖേന നടത്തിയിട്ടുള്ള മറ്റ് ഇടപാടുകള്‍, തിരി്ച്ചടവ് ചരിത്രം ഇങ്ങനെയുള്ളവ.

ആര്‍ക്കും ലഭിക്കുമോ?

അപ്പോള്‍ സ്വാഭാവികമായും ഒരു സംശയം ഉയരാം. ഇത്തരം വിവരങ്ങള്‍ ആര്‍ക്കും ലഭിക്കുമോ? ഇനി ലഭിക്കുന്നവ അനധികൃതമായി ഉപയോഗിക്കപ്പെടുമോ എന്ന ചോദ്യവുമുയരാം. ആര്‍ ബി ഐ ലൈസന്‍സ് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇതിനുള്ള സാധ്യത കുറവാണ്.

നിങ്ങള്‍ക്ക് നിയന്ത്രണമുണ്ടോ?

നിലവില്‍ എ എ പ്ലാറ്റ്‌ഫോമിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റയില്‍ അക്കൗണ്ടുടമകള്‍ക്ക് പൂര്‍ണ നിയന്ത്രണമുണ്ട്. ഏതെല്ലാം ഡാറ്റ എത്ര സമയത്തേക്ക് കൈമാറാം എന്ന് നമുക്ക് തീരുമാനിക്കാം. അതുപോലെ ഏത് ഡാറ്റകള്‍ കൈമാറണമെന്നും നമുക്ക് തീരുമാനിക്കാം. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ട എന്നാണെങ്കില്‍  മറ്റ് വായ്പ വിവരങ്ങള്‍ കൈമാറിയാല്‍ മതിയെന്ന് നിര്‍ദേശം  നല്‍കാം.

English Summary : No Need to share KYC , Account Aggraegator will Handle It

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com