ADVERTISEMENT

ക്രെഡിറ്റ് കാര്‍ഡുകള്‍ എല്ലാവര്‍ക്കും വഴങ്ങിക്കൊള്ളണമെന്നില്ല. പലപ്പോഴും സാമ്പത്തിക അച്ചടക്കമില്ലാത്തവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഉണ്ടാക്കുക. അങ്ങനെയുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് ഡെബിറ്റ് കാര്‍ഡ് ഇ എം ഐ. അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ മാത്രം ഉപയോഗിക്കാവുന്ന ഈ കാര്‍ഡുപയോഗിച്ച് ചില ഘട്ടങ്ങളില്‍ ഗഢുക്കളായി സാധനങ്ങള്‍ വാങ്ങാം. പല ബാങ്കുകളും ഈ സാധ്യത ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. കടകളില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ വാങ്ങുമ്പോഴും  ആമസോണ്‍ പോലുള്ള  ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം.

യോഗ്യത അറിയാം

എല്ലാ ഇടപാടുകാർക്കും ഈ സാധ്യത ബാങ്കുകള്‍ അനുവദിക്കില്ല. അക്കൗണ്ടുടമകളുടെ തിരിച്ചടവ് ചരിത്രം നോക്കിയാവും ഇതിനുള്ള യോഗ്യത തീരുമാനിക്കുക. ഡെബിറ്റ് കാര്‍ഡ് ഇ എം ഐ സാധ്യതയ്ക്ക് നിങ്ങള്‍ യോഗ്യരാണോ എന്നറിയാന്‍ ബന്ധപ്പെട്ട ബാങ്കിലേക്ക് എസ് എം എസ് അയച്ചാല്‍ മതിയാകും. അക്കൗണ്ടിനോടൊപ്പം നല്‍കിയിട്ടുുള്ള മൊബൈല്‍ നമ്പറില്‍ നിന്നാണ് സന്ദേശം അയക്കേണ്ടത്. എസ് ബി ഐ ഉപഭോക്താക്കളാണെങ്കില്‍ 'DCEMI' എന്ന് ടൈപ്പ് ചെയ്ത് 567676 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത്. യോഗ്യതയ്ക്ക് അനുസരിച്ചാകും പരമാവധി വായ്പ തുക അനുവദിക്കുക. എസ് ബി ഐ 8000 രൂപ മുതല്‍ ഒരു ലക്ഷം വരെ ഇങ്ങനെ അനുവദിക്കാറുണ്ട്. 6,9,12,18 മാസങ്ങളായിട്ടാകും തിരിച്ചടവ.

പലിശ കൂടും

ഇ എം ആയി ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സാധാരണയില്‍ നിന്നും ഉയര്‍ന്ന പലിശ നിരക്കാണ് ബാങ്കുകള്‍ ഈടാക്കുക. നിലവില്‍ 14 മുതല്‍ 16 ശതമാനം വരെ ഇങ്ങനെ പലിശയായി ഈടാക്കും. ചില ബാങ്കുകള്‍ പ്രോസസിങ് ഫീസ് ഈടാക്കാറില്ലെങ്കിലും സ്വകാര്യ ബാങ്കുകളില്‍ ഇത് നിര്‍ബന്ധമാണ്. 500 രൂപ മുതലാണ് ചാര്‍ജ് ഈടാക്കുക. ഒരു അടവ് മുടങ്ങിയാല്‍ 500 രൂപ വരെ ഇത്തരം ബാങ്കുകള്‍ പിഴയായി ഈടാക്കാറുമുണ്ട്. എസ് ബി ഐ ഈടാക്കുന്ന പലിശ 14.7 ശതമാനമാണ്.

ചെയ്യേണ്ടത്

ഉൽപ്പന്നങ്ങള്‍ വാങ്ങുന്ന സ്ഥാപനങ്ങളിലെ പി ഒ എസ് മെഷിനുകളില്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് സ്വൈപ്പ് ചെയ്യുക. പിന്നീട് 'ബാങ്ക് ഇ എം ഐ' തിരഞ്ഞെടുക്കുക. തുകയും തിരിച്ചടവ് കാലാവധിയും നല്‍കുക. പിന്നീട് പിന്‍ നമ്പര്‍ നല്‍കി ഓകെ ബട്ടണ്‍ അമര്‍ത്തുക. ഇതോടെ ബില്‍ തുക, മറ്റ് നിബന്ധനകള്‍ അടങ്ങിയ പ്രിന്റ് ലഭിക്കും. ഇതില്‍ ഒപ്പിട്ട് നല്‍കുന്നതോടെ ഇടപാട് അവസാനിച്ചതായി കണക്കാക്കാം.

ഇ കൊമേഴ്‌സ് സൈറ്റ്

ഇ കൊമേഴ്‌സ് സൈറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോഴും ഈ സാധ്യത ഉപയോഗിക്കാം. അക്കൗണ്ട് ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്ന് ആമസോണ്‍, ഫ്‌ളിപ് കാര്‍ട്ട് പോലുള്ള യോഗ്യമായ സൈറ്റുകളില്‍ ലോഗിന്‍ ചെയ്യുക. ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ തിരഞ്ഞെടുത്ത് പണമിടപാടിനുള്ള ബട്ടണ്‍ അമര്‍ത്തുക. ഇപ്പോള്‍ ഓരോ ബാങ്കിന്റെയും 'ഈസി ഇ എം ഐ' ഓപ്ഷനടക്കം തെളിഞ്ഞ് വരും. ബന്ധപ്പെട്ട ബാങ്ക് ക്ലിക് ചെയ്ത് തുകയും കാലയളവും രേഖപ്പെടുത്തുക. പിന്നീട് പ്രൊസീഡ് ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ തുറന്നു വരുന്ന ബാങ്കിന്റെ പേജില്‍ കാര്‍ഡിന്റെ വിശദാംശങ്ങള്‍ നല്‍കി നിബന്ധനകള്‍ അംഗീകരിച്ച് ഇടപാട് പൂര്‍ത്തിയാക്കാം.

English Summary : Debit Card EMI is also Possible for Purchasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com