ADVERTISEMENT

ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളിലൂടെയുള്ള ഓട്ടോ പേ സംവിധാനത്തിന് ഒക്ടോബര്‍ ഒന്നിന് ശേഷവും തടസമുണ്ടാകില്ലെന്ന് രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കുകള്‍. എച്ച ഡി എഫ് സി, ഐ സി ഐ സി ഐ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ ഇടപാടുകാര്‍ക്ക് ഇത് സംബന്ധിച്ച സന്ദേശങ്ങള്‍ അയച്ചു തുടങ്ങി. ബാങ്കുകള്‍ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡിലൂടെ നടത്തുന്ന ഓട്ടോ പേ സംവിധാനത്തിന് അധിക സുരക്ഷ ഏര്‍പ്പടുത്താനുള്ള ആര്‍ ബി ഐ യുടെ അന്ത്യശാസനം ഒക്ടോബര്‍ ഒന്നാണ്. പല ബാങ്കുകളും ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് മാസം തോറും ഇങ്ങനെ കാര്‍ഡുകളില്‍ നിന്ന് സ്വുയം ഈടാക്കുന്ന ഇ എം ഐ, എസ് ഐ പി, വിവിധ ബില്‍ അടവുകള്‍ എന്നിവയ്ക്ക് തടസമുണ്ടാകുമെന്ന അറിയിപ്പുണ്ടായത്.

നിബന്ധനകളോടെ ഇടപാട് തുടരാൻ ശ്രമം

തുടര്‍ച്ചയായുള്ള ഇത്തരം അടവുകള്‍ സംയോജിപ്പിക്കുന്ന സ്ഥാപനങ്ങളായ റേസര്‍ പേ, ബില്‍ഡെസ്‌ക് തുടങ്ങിയുമായി ചേര്‍ന്ന് ഏകീകൃത 'ഇ- മാന്‍ഡേറ്റ് പ്ലാറ്റ് ഫോം' സജ്ജീകരിച്ച് ആര്‍ ബി ഐ നിബന്ധനകളോടെ ഇടപാട് തുടരാനാണ് ബാങ്കുകള്‍ ശ്രമിക്കുന്നത്.

മാസം തോറും ഇങ്ങനെ തുടര്‍ച്ചയായി നടത്തപ്പെടുന്ന ഇടപാടുകളുടെ ആകെ എണ്ണം 200 കോടിയാണ്. കാര്‍ഡുകള്‍ വഴി നടത്തപ്പെടുന്ന വിവിധ തരത്തിലുള്ള ബില്‍ പേയ്‌മെന്റുകള്‍, ഒടിടി സബ്‌സ്‌ക്രിപ്ഷന്‍, എസ് ഐ പി, വായ്പ തിരിച്ചടവ് ഇതിനെല്ലാം ആര്‍ ബി ഐ ചട്ടം ബാധകമാണ്. അതേസമയം ഓണ്‍ലൈന്‍ ഇടപാടുകള്‍ ഇതില്‍ പെടില്ല.

പേയ്മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഒഥന്റിക്കേഷന്‍( എ എഫ് എ) ഏര്‍പ്പെടുത്തണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ആര്‍ ബി ഐ ബാങ്കുകളോട് ആവശ്യപ്പെട്ടത്.

അധിക സുരക്ഷ

ഇങ്ങനെ നിരന്തരം കാര്‍ഡില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യുമ്പോള്‍ ഒരോന്നിനും ഉപഭോക്താവിന്റെ അധിക അനുമതി ചോദിക്കുന്നതാണ് എ എഫ് എ. ഇതാണ് ഒക്ടോബര്‍ ഒന്നു മുതല്‍ കര്‍ശനമാക്കുന്നത്. ഇതിന്റെ ഭാഗമായി ബാങ്കുകള്‍ അവരുടെ അക്കൗണ്ടുടമകള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പുകള്‍ അയച്ചു തുടങ്ങി. ആക്സിസ് ബാങ്ക് ആണ് ഇടപാടുകാര്‍ക്ക് ആദ്യമായി മുന്നറിയിപ്പ് നല്‍കിയത്. തടസമില്ലാത്ത പണമിടപാട് ഉറപ്പ് വരുത്താന്‍ കാര്‍ഡില്‍ നിന്ന് നേരിട്ട് പണമടയ്ക്കണമെന്നാണ് മുന്നറിയിപ്പ്.

ഓരോ ഇടപാടിനും അനുമതി

അടുത്ത മാസം ഒന്നു മുതല്‍ ഓട്ടോ ഡെബിറ്റ് സംവിധാനത്തിന് ആര്‍ ബി ഐ വരുത്തുന്ന മാറ്റങ്ങള്‍ ഇവയാണ്. സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രകഷ്നെ തുടര്‍ന്ന് കാര്‍ഡുകളില്‍ ഉള്ള തുടര്‍ച്ചയായ പണകൈമാറ്റത്തിന് എ എഫ് എ ബാധകമാക്കും. അതായത് ഒക്ടോബര്‍ ഒന്നു മുതല്‍ കാര്‍ഡിലൂടെ നടത്തുന്ന ഓട്ടോ ഡെബിറ്റ് പണകൈമാറ്റത്തിന് ഒരോന്നിനും അക്കൗണ്ടുടമകള്‍ പ്രത്യേകമായി അനുമതി നല്‍കണം.

ഒടിപി നിര്‍ബന്ധം

5000 രൂപയ്ക്ക് മുകളിലാണ് ഇങ്ങനെ കൈമാറുന്നതെങ്കില്‍ അധിക സുരക്ഷ എന്ന നിലയില്‍ വണ്‍ ടൈം പാസ് വേര്‍ഡ് (ഒടിപി) നിര്‍ബന്ധമായിരിക്കും.

പണകൈമാറ്റത്തിന്റെ 24 മണിക്കൂറിന് മുമ്പ് അക്കൗണ്ടുടമകള്‍ക്ക് അനുമതിക്കായി ബാങ്കുകള്‍ എസ് എം എസ് അയക്കും. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് അനുസരിച്ച് അനുമതി നല്‍കുകയോ നിരസിക്കുകയോ ആകാം.

English Sumamry : Auto Debit system May not Affect Bank Customers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com