ADVERTISEMENT

ബാങ്കുകള്‍ മൽസരിച്ച് പലിശ കുറയ്ക്കുന്നുണ്ടെങ്കിലും ഏറ്റവും കുറഞ്ഞ നിരക്കിന്റെ ആനുകൂല്യം നിങ്ങൾക്ക് കിട്ടിയോ? പലിശ നിരക്കിലെ കുറവ് പല ബാങ്കുകളും ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോറില്‍ തട്ടിക്കിഴിക്കുന്നതാണ് ഇതിന് കാരണം. 6.5 ശതമാനം പലിശ നിരക്കില്‍ വരെ ബാങ്കുകള്‍ വായ്പ അനുവദിക്കുന്നുണ്ട്. സ്വകാര്യ ബാങ്കായ കോട്ടക് മഹീന്ദ്രയാണ് ഉൽസവകാല ഓഫറായി ആറര ശതമാനം പലിശയ്ക്ക് ഭവന വായ്പ നല്‍കുന്നത്. എസ് ബി ഐ യുടെ നിരക്ക് 6.7 ശതമാനമാണ്. എല്‍ ഐ സി ഹൗസിങ് ഫിനാന്‍സിന്റെ ചുരുങ്ങിയ നിരക്ക് 6.6 ശതമാനമാണ്. മറ്റ് പ്രമുഖ ബാങ്കുകളുടെ നിരക്കും ഏഴ് ശതമാനത്തില്‍ താഴെയാണ്.

സ്‌കോര്‍ കുറഞ്ഞാല്‍

നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ (സിബില്‍ സ്‌കോര്‍) 700 ലും താഴെയാണോ ഏറ്റവും കുറഞ്ഞ പലിശ നിരക്കിന് നിങ്ങള്‍ യോഗ്യരായിരിക്കില്ല. പല ബാങ്കുകളും പലിശ ആവര്‍ത്തിച്ച് കുറയ്ക്കുമ്പോള്‍ വായ്പകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകണമെങ്കില്‍ ക്രെഡിറ്റ് സ്‌കോറും വായ്പ ക്ഷമതയും മുമ്പില്ലാത്ത വിധം നിര്‍ണായകമാകുന്നു.

പണലഭ്യത

പലിശ നിരക്ക് കഴിഞ്ഞ രണ്ട് ദശാബ്ദത്തിലെ താഴ്ന്ന നിലയിലാണ്. ബാങ്കുകളുടെ കൈവശമാണെങ്കില്‍ വായ്പ നല്‍കാന്‍ ആവശ്യത്തിന് പണവുമുണ്ട്. കോര്‍പ്പറേറ്റ് വായ്പകള്‍ പലതും എന്‍ പി എ ആകുന്ന പ്രവണത വര്‍ധിക്കുകയും പണം നഷ്ടപ്പെടുന്നത് തുടര്‍ക്കഥയാകുകയും ചെയ്യുമ്പോള്‍ ഭവന വായ്പ പോലുള്ള സുരക്ഷിത മേഖലയിലേക്ക് ബാങ്കുകള്‍ തിരിയുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് പലിശനിരക്കുകള്‍ കുറയ്ക്കുന്നത്.

750ന് മുകളില്‍

മുമ്പ് 700 ല്‍ കൂടുതല്‍ സ്‌കോറുള്ളവര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ വായ്പ അനുവദിച്ചിരുന്നു. എന്നാല്‍ ഇന്ന് കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കണമെങ്കില്‍ സ്‌കോര്‍ 800 ന് മുകളിലായിരിക്കണം. 750 ന് മുകളിലാണ് സ്‌കോറെങ്കില്‍ തിരിച്ചടവ് ശേഷി പ്രശ്‌നമില്ലാത്തതായിട്ടാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. അതായത് പലിശ നിരക്കിളവ് കൊടുക്കുന്നത് ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോർ ഉള്ളവർക്ക് മാത്രമായി ബാങ്കുകള്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. ഫലത്തില്‍ ഇങ്ങനെ ഉയര്‍ന്ന സ്‌കോറുള്ള എണ്ണത്തില്‍ തുച്ഛമായ ആളുകള്‍ക്കേ ഇതിന്റെ പ്രയോജനമുള്ളു. 700 സ്‌കോറുള്ളവര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കായ 6.6 ശതമാനം നിരക്കില്‍ എല്‍ ഐ സി ഹൗസിങ് ഫിനാന്‍സ് വായ്പ ലഭിക്കും. വായ്പയുടെ തിരിച്ചടവ് ശേഷി നിര്‍ണയിക്കാനായി ബാങ്കുകള്‍ കണക്കിലെടുക്കുന്ന മാനദണ്ഡമാണ് ക്രെഡിറ്റ് സ്‌കോര്‍ അഥവാ സിബില്‍ സ്‌കോര്‍. പരമാവധി സ്‌കോര്‍ 900 ആണ്. ചുരുങ്ങിയത് 300 ഉം.

English Summary: Credit Score may Affect Your home Loan Interest Rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com