ഓട്ടോ ഡെബിറ്റ്: മാസ അടവുകള്‍ മുടങ്ങാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം

HIGHLIGHTS
  • കഴിയുന്നതും ഓണ്‍ലൈന്‍ പേയ്‌മെന്റിലേക്ക് മാറുക
card-money
SHARE

ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഓട്ടോ പേ സംവിധാനത്തിന് ഒക്ടോബര്‍ ഒന്നിന് ശേഷം തടസമുണ്ടാകുമെന്ന് വിവിധ ബാങ്കുകള്‍ അക്കൗണ്ടുടമകളെ അറിയിച്ചിട്ടുണ്ട്. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡിലൂടെയും യു പി ഐ പോലുള്ള ആപ്പ് അധിഷ്ഠിത പേയ്‌മെന്റ് സംവിധാനത്തിലൂടെയും നടത്തുന്ന ഓട്ടോ ഡെബിറ്റ് സംവിധാനത്തിന് അധിക സുരക്ഷ ഏര്‍പ്പടുത്താനുള്ള ആര്‍ ബി ഐയുടെ അന്ത്യശാസനം കഴിഞ്ഞതോടെയാണിത്. ഇതിനിടയില്‍ ബാങ്കുകള്‍ സുരക്ഷ ലെയര്‍ ഒരുക്കിയിരിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സമയ പരിധിക്കുള്ളില്‍ നടപ്പാക്കാൻ പല ബാങ്കുകൾക്കും കഴിഞ്ഞിട്ടില്ല. ഇതാണ് ഓട്ടോ പേ അവതാളത്തിലാകാൻ കാരണം.

ഇതോടെ മാസം തോറും കാര്‍ഡുകളില്‍ നിന്ന് ഇങ്ങനെ സ്വയം കിഴിക്കുന്ന ഇ എം ഐ, എസ് ഐ പി, വിവിധ ബില്‍ അടവുകള്‍ എന്നിവയ്ക്ക് തടസമുണ്ടാകുമെന്ന അറിയിപ്പുണ്ടായത്. ഇത്തരം അടവുകള്‍ സംയോജിപ്പിക്കുന്ന സ്ഥാപനങ്ങളായ റേസര്‍ പേ, ബില്‍ഡെസ്‌ക് തുടങ്ങിയുമായി ചേര്‍ന്ന് ഏകീകൃത 'ഇ- മാന്‍ഡേറ്റ് പ്ലാറ്റ് ഫോം' സജ്ജീകരിച്ച് ആര്‍ ബി ഐ നിബന്ധനകളോടെ ഇടപാട് തുടരാനാണ് ബാങ്കുകള്‍ ശ്രമിക്കുന്നത്. ഇതിന് സമയമെടുത്തേക്കുമെന്നും സൂചനകളുണ്ട്. ഈ സാഹചര്യത്തില്‍ സമയബന്ധിതമായ പേയ്‌മെന്റുകള്‍ മുടങ്ങാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ശ്രദ്ധിക്കാം

തേര്‍ഡ് പാര്‍ട്ടി അപ്ലീക്കേഷനുകളിലൂടെ തുടര്‍ച്ചയായിട്ടുള്ള മാസഅടവ് നടത്തുന്നവര്‍ കഴിയുന്നതും ഓണ്‍ലൈന്‍ പേയ്‌മെന്റിലേക്ക് മാറുക. എസ് ഐ പി കള്‍ക്കും മറ്റും അക്കൗണ്ടില്‍ നിന്ന് നേരിട്ട് പണം എടുക്കുന്ന വിധത്തില്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ആകാം.

റീ റജിസ്റ്റര്‍ ചെയ്യാം

തുടര്‍ച്ചയായി പെയ്മന്റിന് നിര്‍ദേശിച്ചിട്ടുള്ള ഡെബിറ്റ് / ക്രെഡിറ്റ്/ യുപി ഐ ഇന്‍സ്ട്രുമെന്റുകള്‍ ഓരോന്നും റീ റജിസ്റ്റര്‍ ചെയ്യാം. ഇതോടെ അധിക സുരക്ഷ (എ എഫ് എ) പ്രവര്‍ത്തന നിരതമാകുന്നു.

അനുമതി നല്‍കാം

കാര്‍ഡ് ഒാട്ടോ ഡെബിറ്റ് തുടരുന്നവരാണെങ്കില്‍ എസ് ഐ പി, ഇന്‍ഷുറന്‍സ് പ്രീമിയം അടവ്, യൂട്ടിലിറ്റി ബില്ലുകള്‍ ഇങ്ങനെ നിരന്തരം പണം ഡെബിറ്റ് ചെയ്യുമ്പോള്‍ ഒരോന്നിനും അധിക അനുമതി നല്‍കാം. കാര്‍ഡില്‍ മുന്‍കൂര്‍ നല്‍കിയിരിക്കുന്ന പേയ്‌മെന്റ് തീയതിക്ക് 24 മണിക്കൂര്‍ മുമ്പ് അക്കൗണ്ടുടമയ്ക്ക്് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കും. ഇത് കൃത്യമായി പരിശോധിച്ച് 'ഒന്റിക്കേഷന്‍ മോഡ്' ആക്ടിവേറ്റ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ ആ ഇടപാടിന് അനുമതി നല്‍കി എന്ന് ബാങ്ക് മനസിലാക്കുകയും പേയ്‌മെന്റ് പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. ഇത് ചെയ്തില്ലെങ്കില്‍ അനുമതി ഇല്ലാത്തതിനാല്‍ പേയ്‌മെന്റ് നടക്കില്ല, അടവ് മുടങ്ങുകയും ചെയ്യും.

ഒടിപി നല്‍കാം

5000 രൂപയ്ക്ക് മുകളിലാണ് ഇങ്ങനെ കൈമാറുന്നതെങ്കില്‍ അധിക സുരക്ഷ എന്ന നിലയില്‍ വണ്‍ ടൈം പാസ് വേര്‍ഡ് (ഒടിപി) നിര്‍ബന്ധമായിരിക്കും. ഇത് നല്‍കി ഇടപാട് പൂര്‍ത്തിയാക്കാം.

അധിക സുരക്ഷ

മാസം തോറും ഇങ്ങനെ തുടര്‍ച്ചയായി നടത്തപ്പെടുന്ന ഇടപാടുകളുടെ ആകെ എണ്ണം 200 കോടിയാണ്. കാര്‍ഡുകള്‍ വഴി നടത്തപ്പെടുന്ന വിവിധ തരത്തിലുള്ള ബില്‍ പേയ്മെന്റുകള്‍, ഒടിടി സബ്സ്‌ക്രിപ്ഷന്‍, എസ് ഐ പി, വായ്പ തിരിച്ചടവ് ഇതിനെല്ലാം ആര്‍ ബി ഐ ചട്ടം ബാധകമാണ്. അതേസമയം ഓണ്‍ലൈന്‍ ഇടപാടുകള്‍ ഇതില്‍ പെടില്ല. പേയ്‌മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഒഥന്റിക്കേഷന്‍( എ എഫ് എ) ഏര്‍പ്പെടുത്തണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ആര്‍ ബി ഐ ബാങ്കുകളോട് ആവശ്യപ്പെട്ടത്.

English Summary: Keep These Things in Mind Regarding Auto Debit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS