ADVERTISEMENT

വളരെ അത്യാവശ്യഘട്ടങ്ങളിലാണു മിക്കവരും വക്തിഗത വായ്പകളെ (പഴ്സനൽ ലോൺ) ആശ്രയിക്കുന്നത്. വളരെ പെട്ടെന്നു നൂലാമാലകൾ ഇല്ലാതെ വായ്പ ലഭിക്കുമെന്നതും ഇതിനെ ആകർഷകമാക്കുന്നു. പഴ്സനൽ ലോൺ എടുക്കാൻ പ്ലാൻ ഉണ്ടോ എങ്കിൽ ഈ 7 കാര്യങ്ങൾ നിർബന്ധമായും പരിശോധിക്കണം. മറ്റു വായ്പകളെക്കാൾ വ്യക്തിഗത വായ്പകൾക്കു പലിശ കൂടുതലായിരിക്കും. 2-5 വർഷക്കാലയളവിനുള്ളിൽ വായ്പ അടച്ചുതീർക്കുകയും ചെയ്യാം. 

വായ്പ തുകയും കാലാവധിയും

വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുന്നതിനു മുൻപ് എത്ര തുകയാണ് നിങ്ങൾക്ക് ആവശ്യമെന്നത് കൃത്യമായി തീരുമാനിക്കുക. ലഭ്യമായ തുക മുഴുവൻ എടുക്കരുത്. കാരണം, വായ്പ തുക നിങ്ങൾക്ക് എളുപ്പം അടച്ചു തീർക്കാൻ പറ്റുന്നതാകണം. അതനുസരിച്ചു വായ്പ കാലാവധി നിശ്ചയിക്കാം. കാലയളവ് കൂടുന്നതനുസരിച്ചു ഇഎംഐ കുറവായിരിക്കുമെങ്കിലും പലിശ കൂടുതൽ നൽകേണ്ടിവരും.

പലിശ നിരക്കും മറ്റു ചാർജുകളും

വായ്പ തുക തീരുമാനിച്ചു കഴിഞ്ഞാൽ പലിശ നിരക്ക് പരിശോധിക്കുക. പലപ്പോഴും പലിശ നിരക്കു നിശ്ചയിക്കുന്നതിൽ നിങ്ങളുടെ തൊഴിൽ, ജോലി ചെയ്യുന്ന സ്ഥാപനം, വരുമാനം, പ്രായം, ക്രെഡിറ്റ് സ്കോർ, മുൻകാല ഇടപാടുകൾ, വിശ്വാസ്യത തുടങ്ങിവയെല്ലാം പരിശോധിക്കും. ചെറിയൊരു ഇളവ് ലഭിച്ചാൽപോലും അത് മൊത്തം പലിശയിൽ കാര്യമായ കുറവ് ലഭ്യമാകും. പലിശ കുറഞ്ഞാൽ അത് ഇഎംഐ, വായ്പ കാലയളവ് എന്നിവയിലും കുറവ് വരുത്തും. വായ്പ എടുക്കുമ്പോൾ മറ്റു ഹിഡൺ ചാർജുകൾ, പ്രോസസ്സിങ് ഫീ തുടങ്ങിയവ ഈടാക്കുന്നുണ്ടോ എന്നു പരിശോധിക്കണം. ഇഎംഐ മുടങ്ങിയാൽ പിഴ ഈടാക്കുമോ എന്ന് ധനകാര്യസ്ഥാപനത്തോടു ചോദിച്ചു ഉറപ്പുവരുത്തണം. 

ക്രെഡിറ്റ് സ്കോർ

ഏതു വായ്പ എടുക്കുകയാണെങ്കിലും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ (സിബിൽ സ്കോർ) വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ മുൻകാല വായ്പ ഇടപാടുകൾ, കൃത്യമായി തിരിച്ചടവ് നടത്തിയിട്ടുണ്ടോ, ഇഎംഐ മുടങ്ങിയിട്ടുണ്ടോ, നിലവിലെ വായ്പ, ക്രെഡിറ്റ് കാർഡ് ഉപയോഗം തുടങ്ങിയവയാണ് ക്രെഡിറ്റ് സ്കോർ നിശ്ചയിക്കുന്നത്. മികച്ച സ്കോർ ഉണ്ടെങ്കിൽ പെട്ടെന്നു വായ്പ അനുവദിക്കുമെന്നു മാത്രമല്ല, പലിശ നിരക്കിലും ഇളവ് അനുവദിച്ചേക്കും. സ്കോർ 750 ൽ കൂടുതലുണ്ടെങ്കിൽ നിങ്ങളുടെ സാമ്പത്തിക ആരോഗ്യം മികച്ചതാണെന്നർഥം.   

money-give-2-

വായ്പ കാലാവധിക്കു മുൻപേ അടച്ചുതീർത്താൽ

പെട്ടെന്നുള്ള ആവശ്യങ്ങൾക്കു വ്യക്തിഗത വായ്പ എടുത്തെങ്കിലും കാലാവധിക്കു മുൻപേ അടച്ചു തീർക്കുന്നവർ ഉണ്ട്. മുൻകൂട്ടി അടച്ചുതീർക്കുമ്പോൾ പലിശയിനത്തിൽ നല്ലൊരു തുക ലാഭിക്കാനാകും. എന്നാൽ ചില സ്ഥാപനങ്ങൾ മുൻകൂട്ടി വായ്പ തിരിച്ചടയ്ക്കുന്നതിനു പ്രത്യേക ചാർജ് ഈടാക്കാറുണ്ട്. ചില വായ്പകൾക്ക് നിശ്ചിത കാലയളവിലേക്ക് ലോക്ക്-ഇൻ-പിരീഡ് ഉണ്ടാകും. അതിനു ശേഷം മാത്രമേ വായ്പ ക്ലോസ് ചെയ്യാൻ കഴിയൂ. അവയൊക്കെ വായ്പ എടുക്കുന്നതിനു മുൻപു ചോദിച്ചു മനസ്സിലാക്കുക.  

ഭാഗികമായ തിരിച്ചടവ് 

ഉദാഹരണത്തിനു നിങ്ങളുടെ വ്യക്തിഗത വായ്പ 5 വർഷത്തേക്കു 15 % പലിശനിരക്കിൽ 3 ലക്ഷമാണെന്നു കരുതുക. അങ്ങനെയെങ്കിൽ പലിശയിനത്തിൽ മാത്രം 1,28,219 രൂപ നിങ്ങൾ നൽകണം. എന്നാൽ വായ്പ എടുത്തു ആറുമാസത്തെ ഇഎംഐ അടച്ചതിനു ശേഷം 50,000 രൂപ ഒരുമിച്ചടയ്ക്കുകയാണെങ്കിൽ പലിശ ഇനത്തിൽ 30 ശതമാനത്തോളം ലാഭിക്കാനാകും.

വരുമാനവും ഇഎംഐയും 

മാസന്തോറുമുള്ള ഇഎംഐ നിങ്ങളുടെ ബജറ്റിനെ താളം തെറ്റിക്കുന്നതാകരുത്. വായ്പ എടുക്കുമ്പോൾ ഇഎംഐയെക്കുറിച്ചു വ്യക്തമായ ധാരണ വേണം. അത് നിങ്ങളുടെ വരുമാനം, ചെലവ് എന്നിവയുമായി ഒത്തുപോകുന്നതായിരിക്കണം. ഇഎംഐ മൊത്തം മാസവരുമാനത്തിന്റെ 40 ശതമാനത്തിൽ കൂടുന്നില്ലെന്നു ഉറപ്പുവരുത്തുക. 

എവിടെനിന്നാണ് വായ്പ എടുക്കുന്നത്

വായ്പ എടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് വായ്പ അനുവദിക്കുന്ന സ്ഥാപനവും. നിങ്ങൾക്കു വിശ്വാസമുള്ള സ്ഥാപനത്തെ മാത്രമേ വായ്പയ്ക്കായി സമീപിക്കാവൂ. പലപ്പോഴും സ്വകാര്യ പണമിടപാടു കേന്ദ്രങ്ങളിൽ വായ്പയെടുത്തു കുരുക്കിലായവർ ധാരാളമുണ്ട്. ചില സ്ഥാപനങ്ങൾ കുറഞ്ഞ പലിശ നിരക്കു വാഗ്ദാനം ചെയ്യാറുണ്ട്. എന്നാൽ പ്രോസസ്സിങ് ഫീ രൂപത്തിലോ, ഹിഡൺ ചാർജ് ആയോ ഉപയോക്താവ് അറിയാതെ വൻതുക ഈടാക്കാറുണ്ട്. ചിലയിടങ്ങളിൽ മുൻകൂർ തിരിച്ചടവിന് വൻ തുക ഫൈൻ ആയി അടയ്ക്കേണ്ടിവരാം. മറ്റു ധനകാര്യ സ്ഥാപനങ്ങളുടെ പലിശ നിരക്കുകൾ താരതമ്യം ചെയ്തതിനു ശേഷം മാത്രം വായ്പ എടുക്കുക. 

English Summary: Know These Things Before Taking Personal Loan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com