ആര്‍ ബി ഐ പലിശ നിരക്കില്‍ തൊട്ടില്ല,വിലക്കയറ്റം ഭീഷണിയാകില്ലേ?

HIGHLIGHTS
  • റിപ്പോ നാല് ശതമാനമായും റിവേഴ്‌സ് റിപ്പോ 3.35 ശതമാനമായും തുടരും
interest3
SHARE

ഇല്ല, ഇത് എട്ടാം തവണയും പലിശ നിരക്കില്‍ ആര്‍ ബി ഐ തൊട്ടില്ല.  റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്‌സ് റിപ്പോ 3.35 ശതമാനമായും തുടരും. അതായത് രാജ്യത്തെ പലിശ നിരക്ക് ചരിത്രത്തിലെ താഴ്ച്ചയില്‍ തന്നെ തുടരും. റിസർവ് ബാങ്കിന്റെ നയസമിതിയാണ് പലിശ നിരക്ക് അതേ നില തുടരാന്‍ തീരുമാനിച്ചത്. ബാങ്കുകള്‍ക്ക് ആര്‍ ബി ഐ നല്‍കുന്ന വായ്പ നിരക്കാണ് റിപ്പോ. കേന്ദ്ര ബാങ്കിന് ബാങ്കുകള്‍ നല്‍കുന്ന വായ്പ പലിശയാണ് റിവേഴ്‌സ് റിപ്പോ. കോവിഡിന്റെ പിടിയില്‍ നിന്ന് അതിവേഗം പുറത്ത് വരുന്ന സമ്പദ് വ്യവസ്ഥ കൂടുതല്‍ മികവ് പ്രകടിപ്പിക്കുന്നുണ്ടെന്നും ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്താ ദാസ് പ്രത്യാശ പ്രകടിപ്പിച്ചു.

ഉരുത്തിരിയുന്ന സാമ്പത്തിക സാഹചര്യങ്ങളോടുള്ള പ്രതികരണം എന്ന നിലയില്‍ റിസര്‍വ് ബാങ്ക് മെച്ചപ്പെട്ട നയ പ്രഖ്യാപനമാണു നടത്തിയിരിക്കുന്നതെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ വി കെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. വിലക്കയറ്റം നേരിടുന്നതിനേക്കാള്‍ മുന്‍ഗണന  സാമ്പത്തിക വളര്‍ച്ചയ്ക്കാണെന്ന നിലപാടെടുത്ത ആര്‍ബിഐ ഉദാര പണനയം തുടരുമെന്നു  പ്രഖ്യാപിക്കുകയും ചെയ്തു. 

ബോണ്ട് വരുമാനം ഉയർന്നു

2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഉപഭോക്തൃ വില സൂചികാ പണപ്പെരുപ്പ നിരക്ക് നേരത്തേ കണക്കാക്കിയിരുന്ന 5.7 ശതമാനത്തില്‍ നിന്ന് 5.3 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ വരും നാളുകളില്‍ വിലക്കയറ്റം ഒരു ഭീഷണിയാവില്ല എന്നതാണ് കേന്ദ്ര ബാങ്കിന്റെ വിലയിരുത്തല്‍.  2022 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 9.5 ശതമാനമായി നിലനിര്‍ത്തുമ്പോഴും ഉദാരനയ പിന്തുണയോടെ മാത്രമേ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താനാകൂ എന്നും റിസര്‍വ് ബാങ്ക് അഭിപ്രായപ്പെടുന്നു. സമ്പദ് വ്യവസ്ഥയിലുള്ള അധിക പണം ഭാഗികമായി പിന്‍വലിക്കാന്‍ കേന്ദ്ര ബാങ്ക് ചില പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്.  ഇതിനോട് പ്രതികരിച്ച് 10 വര്‍ഷ ബോണ്ട് വരുമാനം 6.3 ശതമാനമായി  ഉയര്‍ന്നു. 

കുതിച്ചുയരുന്ന ഇന്ധന വില പണപ്പെരുപ്പ നിരക്കില്‍ പ്രതിഫലിക്കുമെന്ന ആശങ്കയുണ്ടെങ്കിലും തത്കാലം പലിശ നിരക്ക് അതേ നിലയില്‍ തുടരാന്‍ തന്നെ ആര്‍ ബി ഐ അനുവദിക്കുകയായിരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയിലെ ഇന്നത്തെ വില 103.70 പൈസയാണ്. ഡീസലിനാകട്ടെ കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ 3.65 രൂപ കൂടി നൂറു കടക്കുകയും ചെയ്തു. ഇത് സാധന വിലയുടെ കാര്യത്തില്‍ പൊതുവിപണിയിലുണ്ടാക്കുന്ന സമ്മര്‍ദം ചില്ലറയല്ല.

English Summary : RBI Kept Repo Rate Unchanged

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS