ADVERTISEMENT

കോ-ലെന്‍ഡിങ് അഥവാ കൂട്ടു വായ്പ അത്ര പരിചയമില്ലാത്ത ഒന്നാണ് ഇന്ത്യയിലെങ്കിലും സാവധാനം ഈ രംഗം പച്ചപിടിച്ച് വരികയാണ്. ബാങ്കിങ് പ്രവര്‍ത്തനം ഇനിയും എത്തിപ്പെടാത്ത ഗ്രാമീണ മേഖലയിലെ വായ്പ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള ഈ സംവിധാനം ആര്‍ ബി ഐ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

എന്താണ് കൂട്ടുവായ്പ?

രണ്ട് വായ്പാ സ്ഥാപനങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ആവശ്യക്കാര്‍ക്ക് വായ്പ നല്‍കുന്ന രീതിയെന്ന് ലളിതമായി ഇതിനെ നിര്‍വചിക്കാം. 2020ല്‍ ആര്‍ ബി ഐ പുറത്തിറക്കിയ ചട്ടങ്ങളനുസരിച്ച് ഏതെങ്കിലും ബാങ്കും കേന്ദ്രബാങ്കില്‍ റജിസ്‌ട്രേഷനുള്ള ബാങ്കിതര ധനകാര്യ സ്ഥാപനവും ചേര്‍ന്നാണ് ഈ് പദ്ധതി നടപ്പാക്കുന്നത്. ഇവയുടെ സംയുക്ത സംരംഭമാകും വായ്പ അനുവദിക്കുക. ഹൗസിങ് ഫിനാന്‍സ് കമ്പനികളുമായും ഇത്തരം  വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ കൈകോര്‍ക്കുന്നു.

തിരശീലയ്ക്ക് പിന്നില്‍

ഇവിടെ ബാങ്കുകള്‍  തിരശീലയ്ക്ക് പിന്നിലായിരിക്കും. വായ്പകള്‍ നല്‍കാനും അത് മുടക്കം കൂടാതെ പിരിച്ചെടുക്കാനും എന്‍ ബി എഫ് സി മുന്നിട്ടിറങ്ങും. ബാങ്കിങ് സേവനങ്ങള്‍ കൂറവുള്ള മേഖലകളില്‍ ഇവര്‍ ഭവന വായ്പ ആവശ്യമുള്ളവരെ കണ്ടെത്തി ആവശ്യമായ രേഖകള്‍ സംഘടിപ്പിച്ച് വായ്പ അനുവദിക്കും. ബാങ്കുകളാകും വായ്പ തുക കൈമാറുക. എന്‍ബിഎഫ്‌സിയ്ക്കാവും ഇത് കൈമാറുക. അതായത് വായ്പ എടുക്കുന്ന ആളുമായി ബാങ്കുകള്‍ക്ക് നേരിട്ട് ഇവിടെ ബന്ധമുണ്ടാകില്ല. ബാങ്ക് എന്‍ബിഎഫ്‌സിയ്ക്ക് നല്‍കുന്ന പണം അവര്‍ അപേക്ഷകന് കൈമാറുന്നു. വായ്പ തുകയുടെ 80 ശതമാനം ബാങ്കുകളുടെ ബാലന്‍സ് ഷീറ്റിലും ബാക്കി 20 ശതമാനം ധനകാര്യ സ്ഥാപനങ്ങളുടെ ബാലന്‍സ് ഷീറ്റിലും പ്രതിഫലിക്കും.

റിസ്‌കില്ല

loan-2-

 വായ്പകളുടെ റിസ്‌ക് ഇവിടെ സീറോ ആയി മാറും എന്ന നേട്ടമുണ്ട്. കാരണം വായ്പക്കാരനെ കണ്ടെത്തുന്നതും രേഖകള്‍ വാങ്ങി വായ്പ പ്രോസസ്  ചെയ്യുന്നതും വിതരണം ചെയ്യുന്നതും ധനകാര്യസ്ഥാപനമാണ്. വായ്പ എടുക്കുന്ന ആളുമായി കരാറുണ്ടാക്കുന്നതും ഇവരായിരിക്കും.

പലിശ

ബാങ്കുകള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത മേഖലകളില്‍ എന്‍ബിഎഫ്‌സികള്‍ ധാരാളമായുള്ളതിനാല്‍ ഇവിടുത്തെ വായ്പ ആവശ്യങ്ങള്‍ മിതമായ പലിശ നിരക്കില്‍ നിറവേറ്റിക്കൊടുക്കുകയാണ് ഇത്തരം കൂട്ടു വായ്പകളുടെ ഉദേശ്യം. സാധാരണ വായ്പകളേക്കാളും അല്പം പലിശ കൂടുതലായിരിക്കും ഇവിടെ എങ്കിലും എന്‍ ബി എഫ് സികളേക്കാള്‍ കുറവായിരിക്കും.

ഇങ്ങനെ നല്‍കുന്ന വായ്പകളില്‍ നിശ്ചിത ശതമാനം സൂക്ഷ്മ-ചെറുകിട-ഇടത്തരം മേഖലയ്ക്കും, കാര്‍ഷിക ഭവന മേഖലയ്ക്കും അനുവദിക്കണമെന്ന് ആര്‍ ബി ഐ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

മുന്‍നിര പൊതുമേഖലാ ബാങ്കായ എസ് ബി ഐ ഇതിനകം തന്നെ വിവിധ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായും മൈക്രോഫിനാന്‍സ് കമ്പനികളുമായും കൂട്ടു വായ്പ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി ഇന്ത്യാ ബുള്‍സ് ഹൗസിങ് ഫിനാന്‍സുമായി ചേര്‍ന്ന് ഈ സാമ്പത്തിക വര്‍ഷാരംഭം മുതല്‍ വായ്പകള്‍ അനുവദിക്കുന്നുണ്ട്. മറ്റ് പ്രമുഖ ബാങ്കുകളെല്ലാം ഇതേ പാത പിന്‍തുടരുന്നുമുണ്ട്.

English Summary : Banks are Coming with Co-Lending Loans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com