ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളുടെ ടോക്കണൈസേഷന്‍ പദ്ധതി നടപ്പിലാക്കാന്‍ ആര്‍ബിഐ കൂടുതല്‍ സമയം അനുവദിച്ചു. 2022 ജനുവരി 1ന് പ്രാബല്യത്തില്‍ വരേണ്ട പദ്ധതി ജൂലൈ1ലേക്കാണ് നീട്ടിയത്. വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും മറ്റ് പങ്കാളികളില്‍ നിന്നുമുള്ള അഭ്യര്‍ത്ഥനകളെത്തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) കാര്‍ഡ് വിവരങ്ങള്‍ സംബന്ധിച്ചുള്ള പുതിയ നിയമങ്ങള്‍ പാലിക്കുന്നതിനുള്ള സമയപരിധി ആറ് മാസം കൂടി നീട്ടി നല്‍കിയത്.
2021 മാര്‍ച്ചിലാണ്, സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി കാര്‍ഡ് വിശദാംശങ്ങള്‍ സൂക്ഷിക്കുന്നതില്‍ നിന്ന് വ്യാപാരികളെ നിയന്ത്രിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐ പുറത്തിറക്കിയത്.
പണമിടപാടില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിലെ യഥാര്‍ഥ വിവരങ്ങള്‍ നല്‍കുന്നതിനു പകരം ഒരു ടോക്കണ്‍ ഉപയോഗിക്കുന്നതാണ് പുതിയ രീതി. യഥാര്‍ത്ഥ കാര്‍ഡ് വിവരങ്ങള്‍ക്ക് പകരം ഈ ടോക്കണ്‍ ആയിരിക്കും സൈറ്റുകള്‍ക്ക് ലഭിക്കുക. ജനുവരി 1 മുതല്‍ എല്ലാ സേവന ദാതാക്കളും പുതിയ രീതിയിലേക്ക് മാറണം എന്നായിരുന്നു നിര്‍ദ്ദേശം .
ഉപഭോക്താക്കള്‍ക്ക് ബാധകമാകുന്നതെങ്ങനെ?
1 . 2022 ജൂലൈ 1 മുതല്‍, ഉപഭോക്താക്കള്‍ക്ക് അവരുടെ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ഏതെങ്കിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ സൂക്ഷിക്കാന്‍ കഴിയില്ല.
2. ഓരോ തവണയും ഓണ്‍ലൈന്‍ ഇടപാട് നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കേണ്ടിവരും.
3. വിശദാംശങ്ങള്‍ ആവര്‍ത്തിച്ചു നല്‍കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍, ഉപഭോക്താക്കള്‍ക്ക് അവരുടെ കാര്‍ഡുകള്‍ 'ടോക്കണൈസ്' ചെയ്യാം. ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് ഉപഭോക്താക്കള്‍ ഇതിനുള്ള അനുമതി നല്‍കണം. ഒരു ഉപഭോക്താവിന്റെ സമ്മതം ലഭിച്ച ശേഷം, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ കാര്‍ഡ് നെറ്റ്വര്‍ക്കിനോട് ആവശ്യാനുസരണം വിശദാംശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും.
4. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിന് എന്‍ക്രിപ്റ്റ് ചെയ്ത വിശദാംശങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍, ഉപഭോക്താക്കള്‍ക്ക് ഭാവി ഇടപാടുകള്‍ക്കായി ആ കാര്‍ഡ് സംരക്ഷിക്കാനാകും.
5. ഇപ്പോള്‍, മിക്ക ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്കും മാസ്റ്റര്‍കാര്‍ഡും വിസ നല്‍കുന്ന കാര്‍ഡുകളും മാത്രമേ ടോക്കണൈസ് ചെയ്യാന്‍ കഴിയൂ. മറ്റ് സാമ്പത്തിക സേവനങ്ങളില്‍ നിന്നുള്ള കാര്‍ഡുകള്‍ ഉടന്‍ ടോക്കണൈസ് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
6. ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും പുതിയ ആര്‍ബിഐ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
7. രാജ്യാന്തര ഇടപാടുകള്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധകമല്ല. ആഭ്യന്തര കാര്‍ഡുകളും ഇടപാടുകളും മാത്രമാണ് പുതിയ ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങളുടെ പരിധിയില്‍ വരുന്നത്.
8. കാര്‍ഡുകളുടെ ടോക്കണൈസേഷനായി ഉപഭോക്താക്കള്‍ അധിക ചാര്‍ജൊന്നും നല്‍കേണ്ടതില്ല.
9. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ ടോക്കണൈസ് ചെയ്ത കാര്‍ഡുകളുടെ അവസാന നാല് അക്കങ്ങള്‍ ഇഷ്യൂ ചെയ്യുന്ന ബാങ്കിന്റെയും കാര്‍ഡ് നെറ്റ് വര്‍ക്കിന്റെയും പേരിനൊപ്പം കാണിക്കും.
10. കാര്‍ഡിന്റെ ടോക്കണൈസേഷന്‍ നിര്‍ബന്ധമല്ല. വേഗത്തിലുള്ള ഇടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ കാര്‍ഡുകള്‍ ടോക്കണൈസ് ചെയ്യാം. അതല്ലെങ്കില്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കി ഇടപാടുകള്‍ നടത്താം.
English Summary : Card Tokenization Last Date Date Extended