ബാങ്കില്‍ ഇനി അവതാറുകളുടെ കാലമോ?

HIGHLIGHTS
  • ബാങ്കിങിന്റെ മുഖം മാറ്റി മറിക്കാനൊരുങ്ങുന്നു മെറ്റവേഴ്സ്
metaverse (1).jpg.
SHARE

ജീവിതത്തിലെവിടെയും വെര്‍ച്വല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ധിച്ചു വരികയാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ സാധ്യമായ ഏത് ഇടപെടലുകളും ഡിജിറ്റല്‍ ലോകത്തിലും സാധ്യമാണെന്ന രീതിയിലേക്കാണ് മെറ്റവേഴ്സ് രംഗത്തെ വളര്‍ച്ച നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത്. ബാങ്കിങ് രംഗത്ത് വന്‍ മാറ്റങ്ങള്‍ക്കാണിത് വഴി വെക്കുന്നത്. ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയും ഇടപെടുകയും പുതുമകള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന രീതികളിലെല്ലാം ഇതു വലിയ മാറ്റങ്ങളാണു സൃഷ്ടിക്കുന്നത്. 

മാനവിക മുഖം തിരിച്ചു വരുന്നു

സാങ്കേതികവിദ്യയുടെ വരവോടെ ഇല്ലാതാകുമെന്നു ഭയന്ന മാനുഷികമുഖം കൂടുതല്‍ പ്രബലമാകാനാണ് മെറ്റാവെഴ്സ് അവസരമൊരുക്കുന്നത്. പുതിയ വിഭാഗം ജനങ്ങളിലേക്ക് എത്താനും ഇതു കൂടുതല്‍ മാര്‍ഗങ്ങള്‍ തുറക്കുന്നു. ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും ഇതു പ്രയോജനപ്പെടുത്തുന്നതിന് പുതിയ ആശയ വിനിമയ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നു മാത്രം.  

ബാങ്കുകളുടെ വെര്‍ച്വല്‍ ശാഖകള്‍

പഴയ കാലത്ത് നാം ബാങ്ക് ശാഖകള്‍ സന്ദര്‍ശിച്ച് പാസ് ബുക്ക് പതിപ്പിച്ചിരുന്നത് ഓര്‍മയില്ലേ? അതേ രീതിയില്‍ ഉപഭോക്താക്കള്‍ക്ക് അത്യുന്നത നിലവാരത്തിലെ സേവനങ്ങള്‍ ലഭിക്കുന്ന വെര്‍ച്വല്‍ ശാഖകള്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കാനാവും. വായ്പകള്‍, റിട്ടയര്‍മെന്‍റ് പദ്ധതികള്‍, നിക്ഷേപങ്ങള്‍ തുടങ്ങിയവയെല്ലാം ഒരു അവതാര്‍ അഡ്വൈസറോടു ചര്‍ച്ച ചെയ്യാന്‍ ഈ വെര്‍ച്വല്‍ ശാഖയിലൂടെ അവസരമൊരുക്കാം.  

മോര്‍ഗന്‍ ബാങ്ക് അവതരിപ്പിച്ച മെറ്റാവേഴ്സ് ലോകമായ ഒനിക്സ് ലോഞ്ച് ഇതിന്‍റെ ഒരു ഉദാഹരണമായി എടുക്കാം. ലോകത്തിലെ ആദ്യ ബ്ലോക്ക്ചെയ്ൻ അധിഷ്ഠിത ബാങ്കിങ് സംവിധാനമാണിത്. വിവിധ ഡിജിറ്റൽ ആസ്തികൾ മാത്രമാണിവിടെ കൈകാര്യം ചെയ്യുന്നത്. ദക്ഷിണ കൊറിയയിലെ കൂക്മിന്‍ ബാങ്ക് ഉപഭോക്താക്കളും ജീവനക്കാരുടെ അവതാറുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കി വ്യക്തിഗത സാമ്പത്തിക വിവരങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.  ഇക്കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ബാങ്കുകള്‍ തങ്ങളുടെ ജീവനക്കാര്‍ക്കിടയില്‍ സാങ്കേതികവിദ്യാ രംഗത്തെ വളര്‍ച്ചയെ കുറിച്ചു കൂടുതൽ അവബോധമുണ്ടാക്കണം. മെറ്റാവേഴ്സിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പ്രോട്ടോടൈപ്പുകള്‍ സൃഷ്ടിക്കേണ്ടതുണ്ട്. 

പുതിയ വിപണികള്‍ സൃഷ്ടിക്കപ്പെടും

metaverse1

വെര്‍ച്വല്‍ ആസ്തികള്‍ വാങ്ങാനായി യഥാര്‍ത്ഥ പണം ചെലവഴിക്കുന്ന രീതിയും ഉയര്‍ന്നു വരുന്നുണ്ട്. ഇത്തരത്തിൽ മെറ്റാവേഴ്സില്‍ സ്ഥലം വാങ്ങിയ ആദ്യ ഇന്ത്യക്കാരൻ ഗായകനായ ദാലേര്‍ മെഹന്തിയാണ്. വെര്‍ച്വര്‍ എടിഎമ്മുകളില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍, വെര്‍ച്വര്‍ ഈവന്‍റുകള്‍ക്കുള്ള സ്പോസര്‍ഷിപ്പുകള്‍ തുടങ്ങി നിരവധി പുതിയ സാധ്യതകള്‍ ഇതോടൊപ്പം ഉയര്‍ന്നു വരുന്നുണ്ട്. ഇക്കാര്യത്തില്‍ ഭാവിയില്‍ തങ്ങള്‍ക്ക് എന്തു പങ്കാണു വഹിക്കാനുള്ളതെന്ന് ബാങ്കുകള്‍ തീരുമാനിക്കുകയേ വേണ്ടൂ.

പുതിയ ഉല്‍പങ്ങളും ഉയര്‍ന്നുവരും

പുതിയ വിപണി മാത്രമല്ല, പുതിയ ഉല്‍പന്നങ്ങളും ഇതോടൊപ്പം ഉയര്‍ന്നു വരും. വെര്‍ച്വല്‍ ലോകത്ത് ഉള്‍പ്പെടെ സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യപ്പെടും. അവിടെയെല്ലാം ബാങ്കുകള്‍ക്ക് അവസരമുണ്ട് എന്നതാണ് വസ്തുത. പക്ഷേ, അതിനുള്ള സംവിധാനങ്ങള്‍ വളര്‍ത്തിയെടുക്കണം.  അതിനുള്ള മാനദണ്ഡങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയെല്ലാം അടങ്ങിയതായിരിക്കും ഇങ്ങനെ ഉയര്‍ന്നു വരുന്ന സംവിധാനങ്ങള്‍. ഇതിനിടെ വിശ്വാസ്യത വളര്‍ത്തിയെടുക്കുക എന്നതും പ്രധാനമാണ്. 

ലേഖകൻ എഫ്ഐഎസിന്റെ സീനിയർ വൈസ് പ്രസിഡന്റാണ്

English Summary : Metaverse and Changing Face of Digital Banking

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA