ADVERTISEMENT

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിട്ട് ഇന്ന് ഒരു വർഷമാകുന്നു. കുറ്റപത്രം ഇനിയും സമർപ്പിച്ചിട്ടില്ല, നിക്ഷേപകർക്ക് പണം ലഭിച്ചിട്ടുമില്ല. ഒരുപാട് ചോദിക്കപ്പെട്ട ആ ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ തുടരുന്നു - പ്രാഥമിക കാർഷിക സഹകരണസംഘങ്ങളെ നിയന്ത്രിക്കേണ്ടത് ആർബിഐയോ സംസ്ഥാന സർക്കാരോ? ഒരന്വേഷണം 

അംഗങ്ങളല്ലാത്തവരുടെ നിക്ഷേപം സ്വീകരിക്കുമ്പോൾ

പ്രാഥമിക കാർഷിക സഹകരണസംഘങ്ങളിൽ ആർക്കും നിക്ഷേപിക്കാം. അംഗങ്ങൾക്കും അല്ലാത്തവർക്കും.  സഹകരണസംഘത്തിലെ അംഗങ്ങൾ  തിരഞ്ഞെടുക്കുന്ന ഭരണസമിതി സംഘത്തിന്റെ  പ്രവർത്തികൾ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. അതായത് നിലവിൽ വായ്പ എടുത്തവരോ വായ്പക്ക് അർഹരായവരോ ആണ് ആ  സംഘത്തെ നിയന്ത്രിക്കുന്നത്. ഒന്നുകൂടി വിശദമാക്കിയാൽ അംഗം  അല്ലാത്തവരുടെ നിക്ഷേപങ്ങളുടെ കൂടി മേൽനോട്ടം വായ്പയെടുത്തവരോ വായ്പയെടുക്കാൻ അർഹരായവരോ ആയ അംഗങ്ങളുടെ കൈയിലാണ്. അഥവാ വായ്പക്കാരുടെ നിയന്ത്രണത്തിലാണ് ഇത്തരം സംഘങ്ങൾ. 

ഇവിടെ സഹകരണ സംഘങ്ങളുടെ അടിസ്ഥാനതത്വം ആയ പാരസ്‌പര്യം(mutuality) അട്ടിമറിക്കപ്പെടുന്നു. ഇവിടെയാണു അംഗങ്ങളിൽ നിന്ന് മാത്രം നിക്ഷേപം സ്വീകരിക്കണമെന്ന ആർബിഐ നിർദ്ദേശത്തിന്റെ  പ്രസക്തി. ആർബിഐയുടെ വാദം ഇതാണ്,അംഗങ്ങളുടെ മാത്രം ഓഹരിയോ നിക്ഷേപമോ ഉപയോഗിക്കുന്നുവെങ്കിൽ പാരസ്പര്യത്തിൽ അധിഷ്ഠിതമായ സ്വയംഭരണം മതി. പക്ഷേ അംഗങ്ങൾ അല്ലാത്തവരുടെ നിക്ഷേപം സ്വീകരിക്കുന്നുവെങ്കിൽ ആർബിഐ നിയന്ത്രണം അനിവാര്യമാണ്.

അങ്ങനെയെങ്കിൽ മറ്റു സഹകരണബാങ്കുകൾ സഹകരണ തത്വം ലംഘിക്കുന്നില്ലേ? തീർച്ചയായും. സഹകരണ ബാങ്കിങ് എന്നത് ഒരു വിരുദ്ധോക്തി (oxymoron) ആണെന്നാണ് എംഎസ് ശ്രീരാം വിശേഷിപ്പിച്ചത് (Mint, 30/10/2011).  അതായത് സഹകരണ തത്വങ്ങൾ പാലിക്കുകയാണെങ്കിൽ പൊതു നിക്ഷേപങ്ങൾ നിഷിദ്ധമാണ്. ജില്ലാ സഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിക്കുന്നതിനെക്കുറിച്ച്  പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ബാംഗ്ലൂർ പ്രൊഫസറായ എംഎസ് ശ്രീരാം. (2020ലെ  ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമപ്രകാരം സഹകരണ ബാങ്കുകൾക്ക് ഇക്വിറ്റി, മുൻഗണന, മറ്റു പ്രത്യേക ഓഹരികൾ എന്നിവ അംഗങ്ങൾക്കും അല്ലാത്തവർക്കും നൽകാനനുവദിക്കുന്നു. ഇത് സഹകരണ സ്വഭാവം ഒന്നുകൂടി ഇല്ലാതാക്കുന്നു  

അങ്ങനെയെങ്കിൽ സഹകരണസംഘങ്ങൾ പൊതുനിക്ഷേപം അല്ലാത്ത വായ്പകൾ എടുക്കുന്നതോ? പേരിലുള്ള ബാങ്ക് എന്നത് കണ്ട് വിശ്വസിച്ചേൽപ്പിക്കുന്ന പണമാണ് പൊതു നിക്ഷേപങ്ങൾ. പക്ഷേ വായ്പ എന്നത് കടക്കാരന്റെ സാമ്പത്തികസ്ഥിതി പഠിച്ചശേഷം നൽകുന്നതാണ്. അഥവാ വായ്പാദാതാവിന് അതിനുള്ള വൈദഗ്ധ്യം ഉണ്ട്. അവരെ രക്ഷിക്കേണ്ട ബാധ്യത ആർബിഐക്കില്ല. 

വകുപ്പുതല ഓഡിറ്റ് മാത്രം  

ആർബിഐ നിയന്ത്രണത്തിലുള്ള ബാങ്കുകളിൽ എല്ലാ സാമ്പത്തികവർഷത്തിനുശേഷവും ചാർട്ടേർഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങൾ നടത്തുന്ന സ്വതന്ത്ര ബാഹ്യ ഓഡിറ്റ് (external audit) നിർബന്ധമാണ്. സഹകരണസംഘങ്ങളിൽ വകുപ്പ്/കേരളബാങ്ക് തല ഓഡിറ്റ് മാത്രമാണുള്ളത്. മിക്കവാറും സഹകരണസംഘങ്ങൾ ഭരിക്കുന്നത് രാഷ്ട്രീയ പാർട്ടികളാണല്ലോ. രാഷ്ട്രീയപാർട്ടികൾ നേതൃത്വം കൊടുക്കുന്ന സഹകരണ സംഘങ്ങളിലെ ഓഡിറ്റ് അവരിൽ ചിലർ ചേർന്ന് രൂപീകരിച്ച സർക്കാരിലെ സഹകരണ വകുപ്പ് നടത്തുന്നതിൽ ഒരു താല്പര്യ വൈരുധ്യം (conflict of interest) പ്രകടമാണ് - ഇത് വാണിജ്യ ബാങ്ക് ഓഡിറ്റിലില്ല

സംഘങ്ങൾക്ക് കേരള സർക്കാർ നൽകുന്ന ഇൻഷുറൻസ് പരിരക്ഷ

ഫയൽചിത്രം
ഫയൽചിത്രം

ആർബിഐ നിയന്ത്രണത്തിലുള്ള ബാങ്കുകൾക്ക് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപ സുരക്ഷ ആർബിഐ ഉടമസ്ഥതയിൽതന്നെയുള്ള ഡിഐസിജിസി ആണ് നൽകുന്നത്. 1960ൽ പാലാ  സെൻട്രൽ ബാങ്ക്,  ലക്ഷ്മി ബാങ്ക് എന്നിവ തകർന്നപ്പോഴാണ്  ഡെപ്പോസിറ്റ് ഇൻഷുറൻസ് ആക്ട് വഴി ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ സ്ഥാപിക്കപ്പെടുന്നത്. അതിനുശേഷം ഒരു ബാങ്കിലെയും നിക്ഷേപകന് ഒരു രൂപ പോലും  നഷ്ടപ്പെട്ടിട്ടില്ല. നിക്ഷേപങ്ങൾ സുരക്ഷാ പരിധിയുടെ പലമടങ്ങ് ആയിരുന്നപ്പോൾ പോലും. സഹകരണ സംഘങ്ങൾക്ക് വേണ്ടി ഒരു നിക്ഷേപ സുരക്ഷാ ഫണ്ട് കേരള സർക്കാരിനുണ്ട് - സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡ് വഴി; ഒരാൾക്ക് 5 ലക്ഷം രൂപ വരെ. ഈ ഫണ്ടിൽ എത്രത്തോളം പണം നീക്കിയിരുപ്പ് ഉണ്ടെന്നതിന്റെ കണക്കുകൾ ലഭ്യമല്ല. ഇനി ഉണ്ടെങ്കിൽതന്നെ 5 ലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങൾ എങ്ങനെ കൊടുത്തു തീർക്കും? സംസ്ഥാന സർക്കാർ നേരിട്ട് സഹായിക്കാമെന്ന് വച്ചാൽ  ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയിൽ അത് സാധ്യമാണോ? 

ഓർക്കുക, ആർബിഐ ഇന്ത്യയിലെ കേന്ദ്ര ബാങ്കാണ് - ബാങ്കിങ് നിയന്ത്രണ നിയമപ്രകാരവും ആർബിഐ ആക്ട് പ്രകാരവുമുള്ള സർവ അധികാരവും അവർക്കുണ്ട്, ശൂന്യതയിൽ നിന്ന് പണം സൃഷ്ടിക്കാനുള്ളതുൾപ്പെടെ. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ സഹായവും ആർബിഐക്കു ലഭ്യമാണ്. അതുകൊണ്ടുതന്നെ 5 ലക്ഷമെന്ന പരിധിക്ക് പുറത്തുള്ള നിക്ഷേപങ്ങൾക്കും ആർബിഐ സുരക്ഷ ലഭ്യമാണ്. ഒരു സംസ്ഥാന സർക്കാരിന്റെ പരിമിതികളിൽ നിന്നുകൊണ്ട് എത്ര സഹകരണസംഘങ്ങളെ രക്ഷിച്ചെടുക്കാൻ കഴിയും? കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരെ മാത്രമോർത്താൽ ഉത്തരം കിട്ടും 

സഹകരണ ബാങ്കുകളിലെ ഇരട്ടനിയന്ത്രണം 

സഹകരണ ബാങ്കുകൾക്കുള്ളത് ഇരട്ടനിയന്ത്രണമാണ് - ബാങ്കിങ് റെഗുലേഷൻ ആക്ട് വഴി ആർബിഐയുടേതും കോഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് വഴി കോഓപ്പറേറ്റീവ് സൊസൈറ്റി റജിസ്ട്രാറുടേതും. ഇവരുടെ ഭരണപരമായ കാര്യങ്ങൾ നിയന്ത്രിക്കപ്പെടുന്നത് കോഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് വഴിയെങ്കിൽ മറ്റു കാര്യങ്ങൾ ബാങ്കിങ് റെഗുലേഷൻ ആക്ട് വഴിയാണ്. ഇക്കാരണത്താൽ വാണിജ്യബാങ്കുകളുടേതുപോലുള്ള താരതമ്യേന മെച്ചപ്പെട്ട സംവിധാനങ്ങളും പ്രക്രിയകളും സഹകരണ ബാങ്കുകൾക്കില്ല. 

അതുകൊണ്ടു പലപ്പോഴും സഹകരണ ബാങ്കുകളിലെ യഥാർത്ഥ ചിത്രം പുറത്തേക്കെത്തുന്നില്ല. മാത്രമല്ല സർക്കാരിനും ആർബിഐക്കും ഇവർ നൽകുന്ന രേഖകളിലും സ്റ്റേമെന്റുകളിലും തിരിമറികളും തിരുത്തലുകളും നടത്തുന്നതിന് താരതമ്യേന എളുപ്പമാണ്

രണ്ടുദാഹരണങ്ങൾ : 1) വാണിജ്യ ബാങ്കുകളിൽ കിട്ടാക്കടങ്ങൾ തിരിച്ചറിയുന്നത് സോഫ്റ്റ്‌വെയറിന്റെ യന്ത്രവൽകൃത പ്രക്രിയയിലൂടെയാണ് (automated process), മാറ്റങ്ങൾ വരുത്താൻ പറ്റാത്ത രീതിയിൽ. പക്ഷെ സഹകരണ ബാങ്കുകളിൽ ഈ പ്രക്രിയ യന്ത്രവൽകൃതമല്ല; അവിടത്തെ ഉദ്യോഗസ്ഥർ കരകൃതമായാണ് (manual) ചെയ്യുന്നത് - അഥവാ തിരുത്തലുകളും ഒഴിവാക്കലുകളും നടത്താൻ എളുപ്പമാണ് 2) വാണിജ്യ ബാങ്കുകളിലെ കോർ ബാങ്കിങ് ഡാറ്റാബേസിൽ ഒരിടപാട് ഒരിക്കൽ വന്നു കഴിഞ്ഞാൽ പിന്നീട് ഇല്ലാതാക്കാൻ പറ്റില്ല - മറ്റൊരു എൻട്രയിലൂടെ തിരുത്താനേ കഴിയൂ, ആദ്യത്തെ എൻട്രി തെറ്റാണെങ്കിൽപ്പോലും. കരുവന്നൂർ ബാങ്കിനെ സംബന്ധിച്ച ഒരു പത്രറിപ്പോർട്ടിൽ പറയുന്നത് പല പഴയ ഇടപാടുകളും ഡാറ്റാബേസിൽ നിന്നും എടുത്തു കളഞ്ഞു, മാത്രമല്ല പഴയ തീയതിയിൽ പുതിയ വ്യാജ എൻട്രികൾ ചേർത്തുവെന്നുമാണ്  

2019 സെപ്റ്റംബർ മുതൽ നിക്ഷേപനിയന്ത്രണങ്ങൾ നിലവിലുള്ള പഞ്ചാബ് & മഹാരാഷ്ട്ര സഹകരണ ബാങ്ക് (ഇതൊരു മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കാണ്, പല സംസ്ഥാനങ്ങളിൽ പ്രവർത്തനമുള്ള സഹകരണ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനാണ് കേന്ദ്രത്തിൽ സഹകരണ മന്ത്രാലയം തുടങ്ങിയത്) ഇതിനൊരുദാഹരണമാണ്. തങ്ങളുടെ നിക്ഷേപത്തിന്റെ 73% എച്ച്ഡിഐഎൽ എന്ന ഒറ്റ കമ്പനിക്ക് വ്യാജകമ്പനികളുടെയും ജീവിച്ചിരിപ്പില്ലാത്ത വ്യക്തികളുടെയും പേരിൽ നൂറുകണക്കിന് വായ്പകൾ നൽകിയതാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്. ഇരട്ട നിയന്ത്രണം കൊണ്ടുള്ള നൂലാമാലകൾ കാരണം യെസ് ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക് പ്രതിസന്ധികൾ പരിഹരിച്ച അതേവേഗത്തിൽ ഇത് പരിഹരിക്കപെട്ടില്ല - ഈ വർഷം ജനുവരിയിലാണ് ഇവരെ യൂണിറ്റി സ്മാൾ ഫിനാൻസ് ബാങ്കിൽ ലയിപ്പിച്ചത്. 

ഇത്രയും പറഞ്ഞത് ആർബിഐ ലൈസൻസുള്ള ഒരു സഹകരണ ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാനുള്ള കഷ്ടപ്പാടാണ്. അപ്പോൾ ഒരു സംസ്ഥാന സർക്കാരിന്റെ സഹകരണ വകുപ്പിന്റെ മാത്രം മേൽനോട്ടത്തിൽവരുന്ന, വകുപ്പ്/കേരളബാങ്ക് തല ഓഡിറ്റ് മാത്രമുള്ള സഹകരണസംഘങ്ങൾ പ്രതിസന്ധിയിലായാലോ? 

പ്രാഥമിക സംഘങ്ങൾക്ക് കേരള ബാങ്ക് നൽകുന്ന വായ്പകൾ

ആർബിഐയുടെ കണക്കുകൾ കാണിക്കുന്നത് പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ  നിക്ഷേപങ്ങൾ എത്രത്തോളമാണോ  ഏതാണ്ട് അത്രയുംതന്നെ അവർക്ക് മറ്റു വായ്പകൾ ഉണ്ട്. കേരളത്തിൽ  കേരളബാങ്ക് ആണ് ഇത്തരം വായ്പയുടെ മുഖ്യ സ്രോതസ്സ്. ആർബിഐയുടെ നിയന്ത്രണത്തിലാണ് കേരളബാങ്ക് പ്രവർത്തിക്കുന്നത്. ആർബിഐ നിയന്ത്രണത്തിന്റെ  ആത്മവിശ്വാസത്തിൽ ആയിരിക്കും ഒരു വ്യക്തിയോ സ്ഥാപനമോ കേരള ബാങ്കിൽ  നിക്ഷേപിക്കുന്നത്. പക്ഷേ കേരളബാങ്ക് ഇങ്ങനെ ലഭിക്കുന്ന നിക്ഷേപം ആർബിഐയുടെ നിയന്ത്രണത്തിന് പുറത്തുള്ള ഒരു സഹകരണസംഘത്തിനാണ്  വായ്പയായി നൽകുന്നത്. സ്വതന്ത്ര ബാഹ്യ ഓഡിറ്റ് നടക്കാത്ത ഒരു സ്ഥാപനത്തിൻറെ തിരിച്ചടവ് ശേഷി കേരളബാങ്ക് എങ്ങനെ നിർണ്ണയിക്കുന്നു എന്നൊരു ചോദ്യം ഇവിടെ ഉയരുന്നു    

മറ്റ് കേന്ദ്ര ഏജൻസികൾ പോലെയാണോ റിസർവ് ബാങ്ക്

ഇ ഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ ശത്രുതാപരമായ നിലപാട് ആർബിഐയും എടുക്കുന്നു എന്നാണ് കേരളസർക്കാരിന്റെ ആരോപണം.  ആർബിഐ ആക്ട് പ്രകാരം സ്ഥാപിതമായ ഒരു സ്വതന്ത്ര നിയന്ത്രകൻ (independent regulator) ആണ് ആർബിഐ. ഇതുവരെയുള്ള ആർബിഐ ചരിത്രം പരിശോധിച്ചാൽ കേന്ദ്ര സർക്കാരിന്റെ ആജ്ഞാനുവർത്തിയായി പ്രവർത്തിച്ച സന്ദർഭങ്ങൾ ഇല്ലെന്നുതന്നെ പറയാം, നോട്ടു നിരോധനം ഒഴിച്ചുനിർത്തിയാൽ. മാത്രമല്ല കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്ക് വഴങ്ങികൊടുക്കാത്ത ചരിത്രവും ആർബിഐക്കുണ്ട്.  ഇന്ത്യയിൽതന്നെ ആദ്യമായി ഒരു സംസ്ഥാന സർക്കാർ മസാലബോണ്ട് പുറപ്പെടുവിച്ചതും ജില്ലാ സഹകരണബാങ്കുകൾ സംസ്ഥാന സഹകരണബാങ്കുമായി ലയിപ്പിച്ചതും കേരളത്തിലാണ്. ഇതിനുള്ള അനുവാദം നൽകിയത് ആർബിഐയും! 

സഹകരണ സംഘങ്ങൾ നടത്തുന്ന ബാങ്കിതര ജനകീയ സേവനങ്ങൾ 

ലാഭേച്ഛയില്ലാതെ/നാമമാത്ര ലാഭത്തിൽ മറ്റു പല സേവനങ്ങളും സഹകരണസംഘങ്ങൾ മികച്ച രീതിയിൽ നടത്തുന്നു. പക്ഷേ അതിനു സംഘത്തിന്റെ പേരിൽ ബാങ്ക് എന്ന് ചേർക്കേണ്ടതിന്റെ ആവശ്യമെന്ത്? പേരിൽ ബാങ്ക് എന്നില്ലാത്തതുകൊണ്ട്  മാറ്റു കുറയുന്നതാണോ കേരളത്തിലെ സഹകരണസംഘങ്ങൾ? ഊരാളുങ്കൽ സൊസൈറ്റി രാജ്യാന്തരതലത്തിൽ വരെ ശ്രദ്ധിക്കപ്പെടുന്നത് പേരിൽ ബാങ്ക് എന്ന പദം ഉണ്ടായിട്ടാണോ?  കുറച്ചു വർഷങ്ങളായി ബാങ്ക്/ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ മേലുള്ള നിയന്ത്രണം ആർബിഐ വർധിപ്പിച്ചുവരികയാണ്. അതിനിയും  കർശനമാക്കണമെന്നാണ് പല ബാങ്കിങ് വിദഗ്ധരുടെയും അഭിപ്രായം. ആർബിഐ നിയന്ത്രണവും മേൽനോട്ടവും കാരണം നിക്ഷേപങ്ങളുടെ സുരക്ഷ വർധിച്ചിട്ടേയുള്ളൂ. കേരള ബാങ്കിന്റെ മുകളിലുള്ള ആർബിഐ നിയന്ത്രണത്തിൽ പരാതിയില്ലാത്ത സർക്കാർ സഹകരണസംഘങ്ങളുടെ കാര്യംവരുമ്പോൾ എതിർക്കുന്നതെന്തിന്?

ലേഖകൻ ബാങ്കിങ് ഫിനാൻസ് ഫാക്കൽറ്റിയാണ്. അഭിപ്രായങ്ങൾ വ്യക്തിപരം

English Summary: Karuvannu Bank Fraud, What is the Latest Updation 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com