ADVERTISEMENT

രാജ്യാന്തരതലത്തിൽ കയറ്റുമതിയും ഇറക്കുമതിയും (വാണിജ്യ ഇടപാടുകൾ) ഇപ്പോൾ നടത്തുന്നത് മിക്കവാറും അമേരിക്കൻ ഡോളർ അധിഷ്ഠിതപ്പെടുത്തിയാണ്; ഏകദേശം 80%. ബാക്കി യൂറോ, ബ്രിട്ടിഷ് പൗണ്ട്, ജാപ്പനീസ് യെൻ എന്നി കറൻസികളിലും. യുക്രെയ്ൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ മേൽ അമേരിക്ക സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. റഷ്യയുമായി അമേരിക്കൻ ഡോളറിൽ ഉള്ള ഇടപാടുകൾ നിരോധിക്കപ്പെട്ടിരിക്കുന്നു. ഇതു മൂലം ചൈനീസ് യുവാനും, ഇന്ത്യൻ രൂപയും റഷ്യയുമായുള്ള ഇടപാടുകളിൽ ഡോളറിനു പകരമാകാൻ സാധ്യത വന്നിരിക്കുന്നു. പ്രമുഖ കറൻസികൾക്കൊപ്പം രൂപയ്ക്കും സ്ഥാനം ലഭിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. ഇതാണ് രൂപയുടെ രാജ്യാന്തരവൽക്കരണം കൊണ്ട് അർഥമാക്കുന്നത്. റിസർവ് ബാങ്ക് ജൂലൈ 11ന് കൊണ്ടുവന്ന പ്രധാന മാറ്റം കയറ്റുമതി/ഇറക്കുമതി അടങ്ങുന്ന എല്ലാ ഇടപാടുകൾക്കും (എല്ലാ രാജ്യങ്ങളുമായും) ഇന്ത്യൻ രൂപയിൽ ഇൻവോയ്‌സ്‌ അഥവാ ബില്ല് ചെയ്യാമെന്നതാണ്. പക്ഷേ മുഖ്യ ലക്ഷ്യം റഷ്യ-ഇന്ത്യ ഇടപാടുകൾ തന്നെ. 

ആർബിഐയുടെ പുതിയ തീരുമാനം ഇറക്കുമതി/കയറ്റുമതി രംഗത്തെ എങ്ങനെ ബാധിക്കും ?

റഷ്യയുമായുള്ള ഇന്ത്യയുടെ മൊത്തം ഇറക്കുമതി/ കയറ്റുമതി 1300 കോടി ഡോളർ ആണ്. മിക്കവാറും അമേരിക്കൻ ഡോളർ ഉപയോഗിച്ചാണ് ഈ കച്ചവടം. ഇനി മുതൽ റഷ്യയിലെ കമ്പനികൾക്ക് റഷ്യൻ ബാങ്കുകൾ വഴി അവരുടെ വിപണനത്തിനുള്ള ഇന്ത്യൻ രൂപ മൂല്യം കൈപ്പറ്റാൻ സാധിക്കും. അവരുടെ റഷ്യൻ ബാങ്കുകൾക്ക് ഇന്ത്യയിൽ രൂപയിൽ അക്കൗണ്ട് തുടങ്ങി (‘വോസ്‌ട്രോ’ അക്കൗണ്ട് എന്നാണു ഇവയെ വിളിക്കുക) ഇന്ത്യ–റഷ്യ കച്ചവടം രൂപയിൽ നടത്താം.

രൂപ അവർ എന്തു ചെയ്യും ?

റഷ്യയിലെ കയറ്റുമതിക്കാർ അവരുടെ വിൽപനയ്ക്കുള്ള മൂല്യം ഇന്ത്യൻ രൂപയിൽ വാങ്ങുന്നു. റഷ്യയുടെ കറൻസിയായ റുബിളുമായുള്ള ഇന്ത്യൻ രൂപ നിരക്ക് ബാങ്കുകൾ നിജപ്പെടുത്തി നൽകും. ഇന്ത്യയിലെ ഇറക്കുമതിക്കാരൻ ഇന്ത്യൻ രൂപ നൽകുന്നു. ഇത് ആ കയറ്റുമതിക്കാരനോ അല്ലെങ്കിൽ മറ്റ് റഷ്യൻ കമ്പനികൾക്കോ ഇന്ത്യയിൽ നിന്ന് അവർ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ‘പേയ്‌മെന്റിന്’ ഉപയോഗിക്കാം. മിച്ചം വരുന്ന ഇന്ത്യൻ രൂപ സർക്കാരിന്റെ കടപ്പത്രത്തിൽ നിക്ഷേപിക്കാനും ഉപയോഗിക്കാം എന്ന് ആർബിഐ പറഞ്ഞിട്ടുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപാടിനല്ലേ ഇത് ഉപയോഗിക്കാനാകൂ ?

ഇപ്പോൾ, അതെ. പക്ഷേ, കാലക്രമേണ രാജ്യാന്തര സമവാക്യങ്ങൾ മാറുന്നതനുസരിച്ച് ഇന്ത്യൻ രൂപയും ചൈനീസ് യുവാനും പൊതുവേ അംഗീകരിക്കപ്പെടുന്ന കറൻസികളായി മാറാനുള്ള ശ്രമത്തിലാണ്. അതിന്റെ ആദ്യ ചുവടുവയ്പ്പാണ് റഷ്യൻ ഇടപാടുകൾ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ നീക്കം. നമ്മുടെ സാമ്പത്തിക വളർച്ചയെയും ഭാവിയിലെ ശക്തിയെയും വിദേശ നാണ്യ വിനിമയത്തിലെ ചില ഘടനാപരമായ മാറ്റങ്ങളെയും ആശ്രയിച്ചിരിക്കും രൂപയുടെ രാജ്യാന്തരവൽക്കരണത്തിന്റെ വിജയം. അതോടെ ഇന്ത്യൻ രൂപ മറ്റു രാജ്യങ്ങളും അംഗീകരിച്ചേക്കാം. 

ലേഖകൻ ഉന്നത ബാങ്കിങ് ഉദ്യോഗസ്ഥനാണ്

English Summary : What is Internationlization of Rupee? 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com