ADVERTISEMENT

ആത്മ നിർഭർ ഭാരതത്തിനായി സർക്കാർ പുതിയ പൊതുമേഖലാ സംരംഭ നയം കൊണ്ടുവന്നതിനനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യ വൽക്കരണവുമായി മുന്നോട്ടു പോകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. 2020 ലെ കേന്ദ്ര ബജറ്റിലായിരുന്നു ആദ്യമായി ഈ പ്രഖ്യാപനം ഉണ്ടായത്. പൊതുമേഖലാ ബാങ്കുകളെ കൂടുതൽ കാര്യക്ഷമതയുള്ളതാക്കാനാണ് ഇതുകൊണ്ടു സർക്കാർ ഉദ്ദേശിക്കുന്നത്. 

ബാങ്ക് വിൽപ്പന ബിൽ 

1969 ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 85 ശതമാനം നിക്ഷേപങ്ങളും കൈകാര്യം ചെയ്യുന്ന 14 വാണിജ്യ ബാങ്കുകളെ ദേശസാൽക്കരിക്കാൻ തീരുമാനമെടുത്തത്‌ സാധാരണക്കാരന്റെ ആവശ്യങ്ങളെക്കൂടി സംരക്ഷിക്കുന്ന തലത്തിലേക്ക് ബാങ്കുകൾ എത്തുന്നതിനായിരുന്നു. എന്നാൽ 1991ലെ ഉദാര വൽക്കരണത്തോടെ  പതിയെ പുതിയ ഒരു സ്വകാര്യവൽക്കരണ പ്രവണത ഇന്ത്യയിൽ പച്ചപിടിച്ചു.  2005 നു ശേഷം ആ പ്രവണത കൂടുതൽ ശക്തിപ്പെട്ടു. സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ പുത്തൻ ഫിൻ ടെക് കമ്പനികളും, വായ്പ ആപ്പുകളും  ബാങ്കുകളുടെ പല സേവനങ്ങളും കൈയ്യേറി. പൊതുമേഖലാ ബാങ്കുകളിലാകട്ടെ കെടുകാര്യസ്ഥതയും, അഴിമതിയും മൂലം  നിഷ്ക്രിയ ആസ്തികൾ കുന്നുകൂടാൻ തുടങ്ങി.  ഈ ഒരു അവസ്ഥയിലാണ് ബാങ്കുകളെ സ്വകാര്യവൽക്കരിക്കാൻ സർക്കാർ തീരുമാനിച്ചത്. 

സ്വകാര്യവൽക്കരണം എന്തിന് 

സമ്പന്നരിൽ നിന്നാണ് വളർച്ചയുണ്ടാകുന്നത് എന്ന തത്വത്തിലൂന്നിയാണ് സർക്കാർ സ്വകാര്യവൽക്കരണ നയം നടപ്പിലാക്കുന്നത്. അഴിമതി കുറക്കാനും, വളർച്ച കൂട്ടാനും സ്വകാര്യവൽക്കരണം കൂടിയേ തീരൂ എന്ന ചിന്തയും ഇതിനു പുറകിലുണ്ട്. സ്വകാര്യവൽക്കരണം നടപ്പിലാക്കണം എന്ന് പറയുന്നതിന്റെ  പിന്നിലുള്ള  മറ്റു കാരണങ്ങൾ ഇവയാണ് 

∙കാര്യക്ഷമത കൂട്ടാൻ 

∙കിട്ടാക്കടം കുറക്കാൻ 

∙സർക്കാർ ബാധ്യത കുറക്കാൻ 

∙എസ് ബി ഐ, ഐ സി ഐ സി ഐ പോലുള്ള തകരാൻ സാധ്യതയില്ലാത്ത  വൻകിട ബാങ്കുകളെ സൃഷ്ടിക്കാൻ 

പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായ പ്രതികരണങ്ങൾ കേന്ദ്ര സർക്കാരിന് പല കോണിൽ നിന്നും ഉയരുന്നുണ്ട്. "പൊതുമേഖലാ ബാങ്കുകൾ മത്സരം നേരിടാൻ സജ്ജമാകണം, പക്ഷേ തിരഞ്ഞെടുത്ത ചിലർക്ക് വിൽക്കുന്നത് വിനാശകരമായിരിക്കും! ബാങ്ക് വിൽപ്പന ബില്ലിനെ എതിർക്കും, ” എന്ന് മുൻ മന്ത്രിയായിരുന്ന  ജയറാം രമേഷ് ട്വിറ്ററിൽ പറഞ്ഞു.

സ്വകാര്യവൽക്കരിച്ചാൽ എല്ലാം ശരിയാകുമോ? 

കഴിഞ്ഞ വർഷം കൊണ്ടുവന്ന ബാങ്കിങ് കമ്പനി നിയമത്തിലെ ഭേദഗതികൾ അനുസരിച്ച്, സ്വകാര്യവൽക്കരണത്തിനു ശേഷം പൊതുമേഖലാബാങ്കുകളിൽ  26 ശതമാനം ഓഹരിയെങ്കിലും നിലനിർത്താൻ സർക്കാർ ശ്രമിക്കുമെന്നാണ് പറയുന്നത്. പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തന മികവ് കൂട്ടുന്നതിനാണ് സ്വകാര്യ വൽക്കരണം കൊണ്ടുവരുന്നതെന്നാണ് കേന്ദ്ര സർക്കാരിന്റെ ന്യായീകരണം. എന്നാൽ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം കൊണ്ട് മാത്രം കാര്യങ്ങളെല്ലാം ശരിയാകില്ല എന്ന അഭിപ്രായമാണ് ഈ രംഗത്തെ വിദഗ്ധർക്കുള്ളത്. ദീർഘകാല ഘടനാപരമായ പരിഷ്‌ക്കാരങ്ങൾകൊണ്ട് മാത്രമേ നിഷ്ക്രിയ ആസ്തി കുറയുകയുള്ളൂ എന്നാണ്  ഒരു കൂട്ടം വിദഗ്ധരുടെ പക്ഷം. 

എന്നാൽ സ്വകാര്യ, വിദേശ സാമ്പത്തിക സ്ഥാപനങ്ങളിൽനിന്നുള്ളകിടമത്സരം കൂടുന്നതിനാൽ എസ് ബി ഐ ഒഴികെ മറ്റെല്ലാ ബാങ്കുകളും സ്വകാര്യവൽക്കരിക്കണമെന്നാണ് മറ്റൊരു പറ്റം സാമ്പത്തിക വിദഗ്ധർ വാദിക്കുന്നത്.പേ മെന്റ് കമ്പനികളിൽനിന്നുള്ള മത്സരവും, ചെറുകിട ബാങ്കുകളുടെയും മറ്റ് ഫിൻ‌ടെക് കമ്പനികളുടെയും  ശക്തമായ മത്സരം നിലനിൽക്കുമ്പോൾ സ്വകാര്യവൽക്കരണമാകാം എന്നൊരു മൃദു നയവും പല വിദഗ്ധർക്കുമുണ്ട്. 

സാധാരണക്കാരെ എങ്ങനെ ബാധിക്കും? 

കുറഞ്ഞ സേവന നിരക്ക് 

സ്വകാര്യ ബാങ്കുകളേക്കാൾ പൊതുമേഖലാ ബാങ്കുകളാണ് ഗ്രാമ പ്രദേശങ്ങളിൽ സേവനങ്ങൾ നൽകുന്നത്. കുറഞ്ഞ സേവന നിരക്കിൽ സർക്കാർ പദ്ധതികളും നടപ്പിലാക്കുന്നതിന് പൊതുമേഖലാ ബാങ്കുകൾ കൂടിയേ തീരൂ. ചുരുക്കി പറഞ്ഞാൽ സാധാരണക്കാരന്റെ പോക്കറ്റിലൊതുങ്ങുന്ന ബാങ്കിങ്ങ് സേവനങ്ങൾ സ്വകാര്യവൽക്കരണത്തോടെ കൂടുതൽ പണചെലവേറിയതാകും.ഈ വർഷം പൊതുമേഖലാ ബാങ്കുകളിൽ 42 കോടി സാധാരണക്കാർക്ക് ജൻ ധൻ  യോജന അക്കൗണ്ടുകൾ തുറക്കാൻ സാധിച്ചു. 

കൃഷിക്കുള്ള വായ്പകൾ 

കൃഷിക്കും, മറ്റു ചെറുകിട ബിസിനസുകൾക്കുമുള്ള വായ്പക്കും സാധാരണക്കാരന് തുണ സർക്കാർ ബാങ്കുകളാണ്. ബാങ്കുകളെല്ലാം സ്വകാര്യ വൽക്കരിച്ചാൽ ഇപ്പോൾ ലഭിക്കുന്ന തരത്തിൽ പോലും വായ്പകളും പൊതുജനത്തിന് നിഷേധിക്കപ്പെടും. ലാഭം മാത്രം ലാക്കാക്കിയുള്ള സ്വകാര്യ ബാങ്കുകളുടെ നയവും, ക്ഷേമ പ്രവർത്തനങ്ങൾക്കും ഊന്നൽ നല്കണമെന്നുള്ള പൊതുമേഖലാ ബാങ്കുകളുടെ നയവും തമ്മിൽ അഗജഗാന്തര വ്യത്യാസമുണ്ട്. 

സർക്കാർ ബാങ്കുകളിലുള്ള വിശ്വാസം 

1969നു ശേഷം 36 ബാങ്കുകൾ ഇന്ത്യയിൽ അടച്ചുപൂട്ടലിന്റെ അവസ്ഥയിൽ എത്തിയപ്പോൾ സർക്കാർ ഇടപ്പെട്ടു അവയെ എല്ലാം  രക്ഷിച്ചിരുന്നു. ഇതുമൂലം ഇന്ത്യൻ ബാങ്കിങ് വ്യവസ്ഥയിൽ (അമേരിക്ക പോലുള്ള മറ്റു രാജ്യങ്ങളെക്കാൾ പോലും) ജനങൾക്ക് വിശ്വാസവും ഉണ്ടായിരുന്നു. ബാങ്കുകളെല്ലാം സ്വകാര്യവൽക്കരിച്ചാൽ പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിന് ഇടപെടാൻ പോലും സാധിക്കാത്ത ഒരു അവസ്ഥ വിശേഷം ഉണ്ടാകും. ഇതെല്ലാം തന്നെ ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യയിലെ ദുർബല വിഭാഗങ്ങളെയും, സാധാരണക്കാരെയുമായിരിക്കും. 

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും, സാമ്പത്തിക സ്ഥിരതയും, വളർച്ചയും ത്വരിതപ്പെടുത്തുന്നതിനും, സ്വകാര്യ വൽക്കരണം  ഒരു പരിധി വരെ നല്ലതാണെങ്കിലും എല്ലാ ബാങ്കിങ് സേവനത്തിനും അവകാശമുള്ള  സാധാരണക്കാരനെ  തഴഞ്ഞുള്ള സ്വകാര്യവൽക്കരണം; നിലവിലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾപോലും താളം തെറ്റിക്കും.

English Summary: Union Government will Continue PSU Bank Privatisation, How will It Affect Common Man?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com