ADVERTISEMENT

എത്ര ഇന്ത്യക്കാർക്ക് സ്വിസ് ബാങ്കിൽ എത്രത്തോളം നിക്ഷേപമുണ്ട് എന്ന കാര്യം രാജ്യത്ത്  വിവാദം നിറഞ്ഞ ഒരു വിഷയമാണ്. അൽപ്പം ഫ്ളാഷ് ബാക്ക് പോയാൽ 2014ലെ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യാക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം വന്‍ വിവാദമായിരുന്നു. സ്വിസ് ബാങ്കിലുള്ള ഇന്ത്യാക്കാരുടെ നിക്ഷേപം രാജ്യത്ത് എത്തിച്ചാല്‍ ഓരോ ഇന്ത്യാക്കാരന്‍റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപവരെ നിക്ഷേപിക്കാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞിരുന്നു. അതിനുശേഷം ഇടയ്ക്കിടെ ഇന്ത്യാക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപ വിവാദം തലപൊക്കാറുണ്ട്. 

കോണ്‍ഗ്രസ്‌ ഭരിച്ചിരുന്ന സമയത്താണ് ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക്  നിക്ഷേപം സംബന്ധിച്ച ആരോപണം ഉയരുന്നത്. സ്ഥിതിവിവര കണക്കുകൾ അനുസരിച്ച് രാജ്യത്തെ ധനികര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി നല്ലൊരു ശതമാനം പേര്‍ക്കും സ്വിസ് ബാങ്കില്‍ നിക്ഷേപമുണ്ട് എന്നായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ ഉയര്‍ന്നിരുന്ന ആരോപണം. 

വിലയിരുത്തലുകളില്ല

കഴിഞ്ഞ ദിവസം  ലോക്സഭയിലും ഈ വിഷയം ഉയര്‍ന്നുവന്നു. എന്നാല്‍, സ്വിസ് ബാങ്കിൽ ഇന്ത്യാക്കാര്‍ എത്ര കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന ചോദ്യത്തിന് ധനമന്തി നല്‍കിയ മറുപടിയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച. ഇന്ത്യാക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം സംബന്ധിച്ച ഔദ്യോഗിക വിലയിരുത്തലുകളൊന്നും ഇതുവരെ നടത്തിയിട്ടില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 

അതായത്, ഇന്ത്യൻ പൗരന്മാരും കമ്പനികളും സ്വിസ് ബാങ്കിൽ എത്ര പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് സർക്കാരിന് അറിയില്ല. സ്വിറ്റ്സർലണ്ട് സെൻട്രൽ ബാങ്കിലെ വാർഷിക കണക്കുകൾ അനുസരിച്ച് ഇന്ത്യക്കാരുടെ നിക്ഷേപങ്ങളിൽ അടുത്ത കാലത്തു വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ്. 14 വർഷത്തെ ഉയർന്ന നിരക്കാണ് ഇപ്പോഴത്തെ നിക്ഷേപ കണക്കുകൾ കാണിക്കുന്നത്. ഇന്ത്യൻ കമ്പനികളുടെ വർദ്ധിച്ചുവരുന്ന ബിസിനസ്സ് ഇടപാടുകൾ, ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന സ്വിസ് ബാങ്ക് ശാഖകളുടെ നിക്ഷേപങ്ങളുടെ വർദ്ധനവ്, സ്വിറ്റ്സർലണ്ടും  ഇന്ത്യയും തമ്മിലുള്ള അന്തർ ബാങ്ക് ഇടപാടുകളുടെ വർദ്ധനവ് എന്നിവയായിരിക്കാം നിക്ഷേപങ്ങളുടെ വർദ്ധനവിന് കാരണമെന്ന് പറയുന്നുണ്ട്. കള്ളപ്പണവും, വെളിപ്പെടുത്താത്ത വരുമാനവും ഇപ്പോഴും സർക്കാരിന് കണ്ടുപിടിക്കാൻ ആകുന്നില്ല.

ഇന്ത്യയും സ്വിറ്റ്‌സർലൻഡും തമ്മിലുള്ള ഇരട്ട നികുതി ഒഴിവാക്കൽ ഉടമ്പടി പ്രകാരം പ്രസക്തമായ കേസുകളിൽ വിവരങ്ങൾ ലഭിക്കുന്നതിന് ഇന്ത്യ സ്വിറ്റ്‌സർലൻഡുമായി സജീവമായി ഇടപഴകുകയാണെന്ന് ധനമന്ത്രി പറഞ്ഞു.

English Summary : Central Government Has no Official Details about Swiss Bank Deposits of Indians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com