കടം ചോദിച്ചാൽ കൂട്ടുകാരന്റെ മുഖം കറുക്കാറുണ്ടോ? ക്രെഡിറ്റ് കാർഡിനെ പാട്ടിലാക്കിക്കോളു

HIGHLIGHTS
  • പണത്തിന് അത്യാവശ്യമുള്ളപ്പോൾ ക്രെഡിറ്റ് കാർഡിനെ ആശ്രയിക്കാം
card2
SHARE

കാശിന് അത്യാവശ്യമുള്ളപ്പോൾ എത്ര അടുത്ത കൂട്ടകാരനായാലും ചോദിക്കുമ്പോൾ മുഖം കറുക്കും. പലതവണയായാൽ ആ സൗഹൃദം തന്നെ ഇല്ലാതായേക്കാം. എന്നാൽ നിങ്ങൾക്ക് അത്യാവശ്യമുള്ളപ്പോഴൊക്കെ പണം നൽകി സഹായിക്കുന്ന കൂട്ടുകാരനാണ് ക്രെഡിറ്റ് കാർഡ്. കരുതലോടെ ഉപയോഗിച്ചാൽ ആ കൂട്ടുകാരന്‍ എന്നും കൂടെയുണ്ടാകുകയും ചെയ്യും.  

ക്രെഡിറ്റ് കാർഡ് എനിക്ക് കിട്ടുമോ?

ഇപ്പോൾ ക്രെഡിറ്റ് കാർഡ് ലഭിക്കുക എളുപ്പമാണ്. കാർഡ് കമ്പനികളും ബാങ്കുകളും ഇടപാടുകാരെ കിട്ടുവാൻ മത്സരിക്കുകയാണ്.  പണത്തിന്റെ അളവിലും പണം കൈമാറ്റം ചെയ്യുന്ന രീതിയിലും വലിയ മാറ്റങ്ങൾ വന്നു. ക്രെഡിറ്റ് കാർഡ് ഉണ്ടായിരിക്കുക എന്നത് ഇന്ന് ഒരു ആഡംബരമല്ല, ആവശ്യമാണ്.

ഉപയോഗരീതി ലളിതമായി  

ക്രെഡിറ്റ് കാർഡിനുള്ള അർഹത നിശ്ചയിക്കുന്നത് കൂടുതൽ മെച്ചപ്പെട്ട വിവരങ്ങളുടെ അടിസ്ഥനത്തിലും സാങ്കേതിക വിദ്യയുടെ പിൻബലത്തിലുമാണ്.  മുൻകൂട്ടി തയ്യാറാക്കിയിട്ടുള്ള അൽഗോരിതം അല്ലെങ്കിൽ പ്രോഗ്രാം വഴിയാണ് ഇന്ന് ക്രെഡിറ്റ് കാർഡിനുള്ള അർഹത തീരുമാനിക്കുന്നതും ക്രെഡിറ്റ് കാർഡ് ലിമിറ്റ് നിജപ്പെടുത്തന്നതും.  മികച്ച രീതിയിലുള്ള  ക്രെഡിറ്റ് അണ്ടർറൈറ്റിങ് എൻജിനുകൾ ആണ് ഇന്ന് കമ്പനികളും ബാങ്കുകളും ഉപയോഗിക്കുന്നത്. ജോലിക്കാരുടെ ഇടപെടലുകൾ കുറവാണ്.

അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ, നേരത്തെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുണ്ടെങ്കിൽ അതിൽ നൽകിയിരിക്കുന്ന ലിമിറ്റിന്റെ ഉപയോഗം, തിരിച്ചടവിന്റെ കാര്യത്തിൽ ഉള്ള അച്ചടക്കം, ജോലിയുടെ സ്വഭാവം, ജോലി ചെയ്യുന്ന കമ്പനി, അപേക്ഷകന്റെ വയസ്, ബിസിനസ് ആണെങ്കിൽ അത് സംബന്ധിച്ച വിവരങ്ങൾ, വരുമാനം എന്നിവ തുടങ്ങി സ്വന്തം വീട്ടിലാണോ താമസം അതോ വാടകവീട്ടിലാണോ,എത്ര നാളായി ഇപ്പോൾ താമസിക്കുന്ന വീട്ടിൽ താമസിക്കുന്നു,  താമസിക്കുന്ന സ്ഥലത്തിന്റെ പിൻകോഡ് എന്നിങ്ങനെ ഒത്തിരി വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരാൾക്ക് ക്രെഡിറ്റ് കാർഡ് അനുമതി നൽകണമോയെന്നും ലിമിറ്റ് എത്രയെന്നും നിശ്ചയിക്കുന്നത്.  

മൊബൈൽ സന്ദേശമായും ഇ മെയിൽ ആയും ക്രെഡിറ്റ് കാർഡ് പേയ്‌മെന്റിനുള്ള വിവരം അറിയാൻ സാധിക്കും.  തുക ഓൺലൈൻ ആയി  കൊടുക്കാം. മിക്ക കമ്പനികളും ബാങ്കുകളും ക്രെഡിറ്റ് കാർഡിന് മാത്രമായി ആപ്പ് നൽകുന്നുണ്ട്.  ക്രെഡിറ്റ് കാർഡ് സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഈ ആപ്പ് നൽകും.  പണം അടക്കാനും ഈ ആപ്പ് വഴി തന്നെ സാധിക്കും.  ചില ഫിൻ ടെക് കമ്പനികൾ ക്രെഡിറ്റ് കാർഡ് നൽകുന്നത് മുതൽ പണം അടക്കുന്നത് വരെ എല്ലാ ഇടപാടുകളും ആപ്പ് വഴി മാത്രമാണ് ചെയ്യുന്നത്. ഫിൻ ടെക് കമ്പനികൾ ബാങ്കുകളുമായി ചേർന്ന് ചെയ്യുന്ന ഈ ക്രെഡിറ്റ് കാർഡ് ബിസിനസ് ഇന്ന് കാർഡ് അനുമതിയിലും സേവനത്തിലും അത്ഭുതകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.        

ക്രെഡിറ്റ് ലിമിറ്റ് എത്രയാണ്?   

ക്രെഡിറ്റ് കാർഡ് തരുമ്പോൾ തന്നെ ഒരാൾക്ക് ഉപയോഗിക്കാവുന്ന പരിധി എത്രയെന്നു അറിയിക്കും. ഈ പരിധി രണ്ടായി കാണിച്ചിരിക്കും.  ഒന്ന് അനുമതിയുള്ള മുഴുവൻ ലിമിറ്റ്.  മറ്റൊന്ന്, അതിൽ  എത്രയാണ് എടിഎം വഴി എടുക്കാവുന്ന തുക  എന്ന്.   എടിഎം വഴി പണം എടുക്കുന്നതിനെ ക്യാഷ് അഡ്വാൻസ് എന്നാണ് പറയുക. എടിഎം വഴി എടുക്കാവുന്ന തുക അനുമതിയുള്ള ലിമിറ്റിന്റെ 20 മുതൽ 30 ശതമാനം വരെ ആയിരിക്കും. ക്രെഡിറ്റ് കാർഡിന് നൽകിയിരിക്കുന്ന ലിമിറ്റ് മുഴുവനും തന്നെ ഷോപ്പിങ് ആവശ്യത്തിന് ഉപയോഗിക്കാം.  അങ്ങനെ ഷോപ്പിങ് ആവശ്യത്തിന് മുഴുവൻ ലിമിറ്റും ഉപയോഗിച്ചാൽ പിന്നെ എടിഎം വഴി ക്യാഷ് എടുക്കാൻ കഴിയില്ല.  ചുരുക്കി പറഞ്ഞാൽ ഷോപ്പിങ്ങിനു ഉപയോഗിച്ച തുകയും എടിഎം വഴി പിൻവലിക്കുന്ന തുകയും കൂടി അപ്പ്രൂവ് ചെയ്തിരിക്കുന്ന ലിമിറ്റിനുള്ളിൽ ആയിരിക്കണം.  

credit-card

പലിശയുണ്ടോ?     

ക്രെഡിറ്റ് കാർഡുകൾ പ്രധാനമായും ഷോപ്പിങ്ങിനും അത്യാവശ്യഘട്ടങ്ങളിൽ എടിഎം വഴി പണം എടുക്കാനുമാണല്ലോ ഉപയോഗിക്കുന്നത്.  ഈ തുക ക്രെഡിറ്റ് കാർഡ് കമ്പനിയുടെയോ ബാങ്കിന്റെയോ നിബന്ധനയനുസരിച്ചു മാസത്തിൽ ഒരു തവണയാണ് തിരിച്ചടക്കേണ്ടത്.  ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കി അയച്ചുതന്നതിനു ശേഷം പത്തു മുതൽ പതിനഞ്ചു ദിവസം വരെ സമയമുണ്ടാകും തുക അടയ്ക്കുവാൻ. സ്റ്റേറ്റ്മെന്റിൽ കാണിച്ചിരിക്കുന്ന തീയതിയയിലോ അതിനു മുമ്പോ പണം അടച്ചാൽ മതി. മുഴുവൻ തുകയും അടക്കണമെന്ന് നിര്ബന്ധമില്ല.  സ്റ്റേറ്റ്മെന്റിൽ ആവശ്യപ്പെടുന്ന മിനിമം തുക അടച്ചാലും യഥാസമയം തുക അടച്ചതായി കണക്കാക്കും.  സാധാരണയായി, സ്റ്റേറ്റ്മെന്റിലെ മുഴുവൻ തുകയുടെ അഞ്ചു ശതമാനം തുകയാണ് മിനിമം തുക.  

ഷോപ്പിങ്ങിനായി ഉപയോഗിക്കുന്ന തുകയ്ക്ക് യാതൊരു വിധ പലിശയോ ഫീസോ ചാർജുകളോ ഇല്ല എന്നതാണ് ക്രെഡിറ്റ് കാർഡിന്റെ വലിയ ഗുണം. ഉപയോഗിക്കുന്ന തുക മാത്രം മാസത്തിൽ ഒരു തവണ സ്റ്റേറ്റ്മെന്റിൽ പറയുന്ന തീയതിയിൽ അടച്ചാൽ മതി.  

എന്നാൽ മിനിമം തുകയാണ് അടക്കുന്നതെങ്കിൽ, ബാക്കിയുള്ള തുകക്ക് ഫിനാൻസ് ചാർജ്‌ ഈടാക്കും.  ഇത് ക്യാഷ് അഡ്വാൻസിന്റെ കാര്യത്തിലും ഷോപ്പിങ്ങിന്റെ കാര്യത്തിലും ഒരുപോലെ ബാധകമാണ്.     

വാർഷികാടിസ്ഥാനത്തിൽ ഫിനാൻസ് ചാർജ്‌ 24 മുതൽ 36  ശതമാനം വരെ വരാം.  ഫിനാൻസ് ചാർജ് കുറഞ്ഞത് 250 രൂപ മുതൽ 500 രൂപ വരെയാണ്. അതിനാൽ ചില സന്ദർഭങ്ങളിൽ ഫിനാൻസ് ചാർജ് മുകളിൽ സൂചിപ്പിച്ച വാർഷിക ശതമാന കണക്കിനേക്കാൾ അധികം വന്നേക്കാം.  അതിനാൽ ക്രെഡിറ്റ് കാർഡ് തുക കഴിയുമെങ്കിൽ അതാതു മാസം തന്നെ മുഴുവനായോ അടക്കാനാവുന്നതിന്റെ പരമാവധിയോ അടക്കുന്നതാണ് നല്ലത്. മിനിമം തുക അടച്ചു് പിന്നീട് അടക്കാനായി ബാക്കി വെക്കുന്ന തുക ക്രെഡിറ്റ് കാർഡിന് അനുവദിച്ചിട്ടുള്ള പരമാവധി ക്രെഡിറ്റ് ലിമിറ്റിനുള്ളിൽ ആയിരിക്കണം.  

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎം വഴി പണം എടുക്കുകയാണെങ്കിൽ പണം എടുക്കുന്ന ദിവസം മുതൽ പലിശ ഈടാക്കും.  ഇത് ക്യാഷ് അഡ്വാൻസ് ഫീ എന്നാണ് അറിയുന്നത്.  ഈ പലിശ 2.5  ശതമാനം മുതൽ 3.5 ശതമാനം വരെയാണ്. വാർഷികാടിസ്ഥാനത്തിൽ നോക്കിയാൽ ഇത് 30 ശതമാനം മുതൽ 42 ശതമാനം വരെ വരും.  അതിനാൽ വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ക്രെഡിറ്റ് കാർഡിൽ നിന്നും എടിഎം വഴി പണം പിൻവലിക്കുവാൻ ശ്രദ്ധിക്കുക.  

ക്രെഡിറ്റ് കാർഡിന്റെ തുക അടക്കുവാൻ താമസിച്ചാൽ പെനാൽറ്റി അല്ലെങ്കിൽ തുക അടക്കാൻ വൈകിയതിനുള്ള ഫീസ് അധികമായി കൊടുക്കണം. ഈ പെനാൽറ്റിയും ശതമാന കണക്കിൽ നോക്കിയാൽ വളരെ കൂടുതലാണ്.

അടക്കുന്ന തുക എങ്ങനെയാണ് വരവ് വെക്കുക?      

ക്രെഡിറ്റ് കാർഡിലേക്കു തുക അടച്ചാൽ ആദ്യം വരവ് വെക്കുന്നത് ലേറ്റ് ഫീസ്, ക്യാഷ് അഡ്വാൻസ് ഫീസ്, മറ്റു ചാർജുകൾ എന്നിവയിലേക്കാണ്. അതിനു  ശേഷം ഷോപ്പിങ്ങിന് ഉപയോഗിച്ച തുകയിലേക്കു വരവ് വെക്കും.  ഏറ്റവും ഒടുവിലാണ് ക്യാഷ് അഡ്വാൻസിലേക്ക് വരവ് വെക്കുക.  അതിനാൽ ക്രെഡിറ്റ് കാർഡിലേക്കു തുക അടക്കുമ്പോൾ ഏതൊക്കെ അടവുകളാണ് തീർക്കാൻ ഉദ്ദേശിക്കുന്നത് അതിനെല്ലാം തികയുമോ എന്ന് നോക്കണം. അല്ലാത്തപക്ഷം, ഫിനാൻസ് ചാർജ്‌സ്, ലേറ്റ് ഫീ എന്നിങ്ങനെ കൂടുതൽ തുക അടക്കേണ്ട സ്ഥിതി വരാം.

credit-card-machine

വാർഷിക ഫീസ് ഉണ്ടോ?  

ക്രെഡിറ്റ് കാർഡുകൾക്ക് വാർഷിക ഫീസ് എന്ന ഇനത്തിൽ കമ്പനികളും ബാങ്കുകളും ഒരു തുക ഈടാക്കുന്ന രീതിയുണ്ട്.  3000 രൂപ മുതൽ 10000 രൂപ വരെ ആവശ്യപ്പെടുന്ന കമ്പനികളുണ്ട്. ചില കമ്പനികളും ബാങ്കുകളും ആദ്യമായി കാർഡ് തരുന്ന സമയം ഈ ഫീസ് ഈടാക്കില്ല.  അല്ലെങ്കിൽ പരസ്പരം സംസാരിച്ചു ഫീസിൽ ഇളവ് തരും. ചില കമ്പനികൾ കാർഡ് വഴി ഒരു നിശ്ചിത തുക വരെ ഷോപ്പിങ് നടത്തുകയോ പണം എടുക്കുകയോ മറ്റോ ചെയ്‌താൽ  ഈടാക്കുന്ന ഫീസ്  മുഴുവനായോ പകുതിയോ  തിരിച്ചു നൽകാറുണ്ട്.  ക്രെഡിറ്റ് കാർഡ് തന്ന് ഒരു വർഷം കഴിയുമ്പോൾ വീണ്ടും വാർഷിക ഫീസ് അടക്കേണ്ടതുണ്ട്.  ഇവിടെയും കാർഡിന്റെ ഉപയോഗവും തിരിച്ചടവ് രീതിയും മറ്റും മനസ്സിലാക്കി ഫീസ് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും.  ഇതെല്ലാം ഓരോ കമ്പനിക്കും ബാങ്കിനും വ്യത്യസ്തമാണ്. ഇക്കാര്യങ്ങൾ കാർഡിന് അപേക്ഷിക്കുമ്പോൾ അല്ലെങ്കിൽ കാർഡ് അപ്പ്രൂവ് ചെയ്യുന്ന സമയത്തോ മനസ്സിലാക്കി തീരുമാനം എടുക്കുന്നത് ഉചിതമായിരിക്കും.

ക്രെഡിറ്റ് കാർഡ് എടുക്കുന്നത് നല്ലതാണോ?

സുഗമമായ ഒരു പണസ്രോതസ്സ് എന്നത് മാത്രമല്ല ക്രെഡിറ്റ് കാർഡ് കൊണ്ടുള്ള പ്രയോജനം. ഈട് ഒന്നുമില്ലാത്ത ഈ കടം കൃത്യമായി തിരിച്ചടക്കുന്നത് കാർഡ് ഉടമസ്ഥന്റെ കടം തിരിച്ചടക്കുന്ന കാര്യത്തിലുള്ള ചൂടും ശുഷ്കാന്തിയും അച്ചടക്കവും സത്യസന്ധതയും വിളിച്ചറിയിക്കുന്നതായി സാമ്പത്തികസ്ഥാപനങ്ങൾ വിലയിരുത്തുന്നു.   ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയും കൃത്യമായി തിരിച്ചടക്കുകയും ചെയ്യുമ്പോൾ കാർഡ് ഉടമസ്ഥന്റെ ക്രെഡിറ്റ് സ്കോർ വളരെ ഉയർന്നുനില്കും. ഉയർന്ന ക്രെഡിറ്റ് സ്കോർ ആണ് ഒരാൾക്ക് കടം കൊടുക്കുവാൻ സാമ്പത്തിക സ്ഥാപനങ്ങൾ നോക്കുന്ന ഒരു പ്രധാന അളവുകോൽ. ഇതിന്റെ മറുവശം അത്ര നല്ലതല്ല.  ക്രെഡിറ്റ് കാർഡ് അടവിൽ മുടക്കം വരുത്തിയാൽ ക്രെഡിറ്റ് സ്കോർ അതിവേഗം താഴേക്ക് പോകും. പിന്നീട് ക്രെഡിറ്റ് കാർഡാവട്ടെ മറ്റേതൊരു കടമാവട്ടെ കിട്ടുക വളരെ ദുഷ്കരമായിരിക്കും. 

എങ്ങനെ സ്മാർട്ടായി ഉപയോഗിക്കാം? 

മിക്കവാറും എല്ലാ ക്രെഡിറ്റ് കാർഡുകളും ഉപയോഗത്തിനനുസരിച്ചു ഇൻസെന്റീവുകളും റിവാർഡ് പോയിന്റുകളും സമ്മാനങ്ങളൂം ഗിഫ്റ് വൗച്ചറുകളും നൽകുന്നുണ്ട്.  ഉത്സവ സീസണുകളിൽ ഇത്തരം ഡിസ്‌കൗണ്ടുകളും ഓഫറുകളും കൂടുതലായിരിക്കും.  ഇത് മൂലം ക്രെഡിറ്റ് കാർഡുകൾ കൂടുതലായി ഉപയോഗിക്കുകയും, കച്ചവടക്കാർക്ക് കൂടുതൽ ബിസിനസ്സ് കിട്ടുകയും ചെയ്യും.  ഇത് ക്രെഡിറ്റ് കാർഡ് കമ്പനികൾക്കും കച്ചവടക്കാർക്കും കാർഡ് ഉപയോഗിക്കുന്നവർക്കും ഒരുപോലെ ഗുണം ചെയ്യുന്നു.

Food Healthy Bibimbap

ഭക്ഷണത്തിനും യാത്രാടിക്കറ്റുകൾക്കും ഹോട്ടൽ ബുക്കിങ്ങുകൾക്കും സിനിമ ബുക്കിങ്ങിനും മൊബൈൽ ഫോണുകളടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്കുമെല്ലാം ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും ക്രെഡിറ്റ് കാർഡുകൾ നൽകുന്നുണ്ട്.  മാത്രമല്ല, മിക്കവാറും എല്ലാ ക്രെഡിറ്റ് കാർഡുകളും എയർപോർട്ട് ലൗഞ്ച് ഫെസിലിറ്റിയും നൽകുന്നുണ്ട്. പണമൊന്നും നൽകാതെ വിശ്രമവും ഭക്ഷണവും ഈ ലൗഞ്ചുകൾ വഴി സാധിക്കും. ചില ലൗഞ്ചുകൾ, പ്രത്യേകിച്ച്, വിദേശ എയർ പോർട്ടുകളിൽ ഉള്ളവ മസ്സാജ് / സ്പാ സൗകര്യങ്ങൾ പോലും നൽകുന്നുണ്ട്.  വിമാന യാത്രികർക്ക് ഏറെ പ്രയോജനകരമാണ് ഇത്.     

ലളിതം സുന്ദരം

വളരെ ലളിതമാണ് ക്രെഡിറ്റ് കാർഡ് ഉപയോഗം. ക്രെഡിറ്റ് കാർഡ് ഷോപ്പിങിനു മാത്രമായി ഉപയോഗിക്കുക.  മാസം തോറുമുള്ള തുക മുഴുവനായും ഒരുമിച്ചു ആ മാസം തന്നെ അടച്ചു തീർക്കുക. ഇങ്ങനെയെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ലിമിറ്റ് മുഴുവനും ഒരു പൈസ പോലും പലിശയോ ഫീസോ ചാർജോ ആയി നൽകാതെ എല്ലാ കാലവും സന്തോഷത്തോടെ ഉപയോഗിക്കാം. അതായത്, ശ്രദ്ധയോടെ ഉപയോഗിച്ചാൽ ഒരുപാട് സൗകര്യങ്ങളും സാമ്പത്തിക ലാഭവും ക്രെഡിറ്റ് കാർഡുകൾ നൽകും. 

ലേഖകൻ ബാങ്കിങ് വിദഗ്ധനും ഫെഡറൽ ബാങ്കിന്റെ റിട്ടയേർഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാണ്

English Summary : How to Use Credit Card in a Smart Way? 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}