ADVERTISEMENT

"വായ്പ എടുക്കാൻ ജാമ്യം നിൽക്കാമോ?" ബന്ധുക്കളുടെയോ കൂട്ടുകാരുടെയോ അടുത്ത് നിന്ന് ഈ ചോദ്യം ഒരു തവണയെങ്കിലും  നേരിടാത്തവരുണ്ടാകില്ല. ചിലർക്ക് എങ്ങനെയെങ്കിലും ഈ കുരുക്കിൽ പെടാതെ ഒഴിഞ്ഞു മാറാനാകും. മറ്റു ചിലരാകട്ടെ പെട്ടുപോയെന്നുമിരിക്കും. എന്തായാലും ജാമ്യം നിൽക്കാമെന്ന് തീരുമാനിച്ചാൽ ജാമ്യത്തെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും മനസിലാക്കി നീങ്ങുക. അല്ലാതെ വെറുതെയങ്ങ് ജാമ്യം നിന്നാൽ വായ്പയുടെ ഇടയിൽപ്പെട്ട് തകർന്നു തരിപ്പണമാകാനും മതി

എപ്പോഴൊക്കെയാണ് ജാമ്യം വേണ്ടത്?

ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വായ്‍പയെടുക്കുമ്പോൾ വായ്‍പയുടെ സ്വഭാവമനുസരിച്ചു വ്യക്തി ജാമ്യമോ മറ്റു ഈടോ ആവശ്യമായി വന്നേക്കാം. വായ്പ തുക ചെറുതാണെങ്കിൽ ഒന്നോ രണ്ടോ വ്യക്തികളുടെ ജാമ്യം മതിയാകും. വിദ്യാഭ്യാസ ആവശ്യങ്ങൾക്കു എടുക്കുന്ന വായ്പകൾക്കും ചില അവസരങ്ങളിൽ ആൾ ജാമ്യം നൽകേണ്ടി വരാം. ഭവന വായ്പകൾക്കും, വാഹന വായ്പകൾക്കും, ചിലപ്പോൾ വസ്തു ഈടിമേൽ എടുക്കുന്ന വായ്പകൾക്കും വസ്തു ഈട് കൂടാതെ ആൾ ജാമ്യവും വേണ്ടി വന്നേക്കാം. കുറിക്കമ്പനികൾ ചിറ്റാളന്മാർക്കു കുറി വിളിച്ച തുക നൽകുമ്പോൾ ആൾ ജാമ്യം ആവശ്യപ്പെടാറുണ്ട്. ഇത് നൽകുന്നത് ചിലപ്പോൾ വീട്ടിലെ തന്നെ ബന്ധുക്കളോ, അടുത്ത ബന്ധുക്കളോ, സുഹൃത്തുക്കളോ ആകാം. ബിസിനസ് ആവശ്യത്തിന് എടുക്കുന്ന വായ്പകളായാലും ആൾ ജാമ്യം നൽകേണ്ട സന്ദർഭങ്ങൾ ഉണ്ടാകാം. പാർട്ണർഷിപ്പിന്റെ പേരിൽ എടുക്കുന്ന വായ്പയാണെങ്കിൽ പാർട്ണർമാരുടെ ജാമ്യം നൽകേണ്ടി വരും. കമ്പനികളായാൽ ഡയറക്ടർമാരുടെ ജാമ്യം ആവശ്യപ്പെടുന്ന അവസരങ്ങൾ ഉണ്ട്.  

loan

എന്താണ് ജാമ്യക്കാരന്റെ റോൾ?

ഇന്ത്യൻ കരാർ നിയമപ്രകാരം (Indian Contract Act, 1872) മറ്റൊരാളുടെ കടം അയാൾ തിരിച്ചു കൊടുക്കാതിരിക്കുകയോ ഏതെങ്കിലും കാര്യം നടത്തികൊടുക്കാം എന്ന വാഗ്‌ദാനം  അയാൾ ചെയ്യാതിരിക്കുകയോ ആണെങ്കിൽ ആ ഉത്തരവാദിത്തം ഞാൻ നിറവേറ്റികൊള്ളാം എന്നതാണ് ജാമ്യക്കാരൻ  കൊടുക്കുന്ന നിയമപരമായ ഉറപ്പ്. കടം തിരിച്ചു കൊടുക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം കടം എടുക്കുന്ന ആളുടെ തന്നെയാണ്. അയാൾ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ മാത്രമേ ജാമ്യക്കാരന് ഉത്തരവാദിത്തമുള്ളൂ. അതിന് കടമെടുക്കുന്ന തുകയിൽ ജാമ്യക്കാരൻ  പങ്കുപറ്റണമെന്നോ കടത്തിന്റെ പ്രയോജനം ജാമ്യക്കാരന് കിട്ടിയിരിക്കണമെന്നോ നിർബന്ധമില്ല.  

കടം കൊടുക്കുന്നയാൾ, കടം എടുക്കുന്നയാൾ, ജാമ്യക്കാരൻ എന്നിങ്ങനെ മൂന്ന് പേരാണ് ഈ കരാറിൽ ഉള്ളത്. ഈ മൂന്നുപേരും ഈ ഇടപാടിനെക്കുറിച്ചു പൂർണമായും അറിഞ്ഞിരിക്കണം. കടത്തിന്റെ സ്വഭാവം, തുക, പലിശ, കാലാവധി, തവണ തുക, ഈട് നല്‍കുന്നുണ്ടെങ്കിൽ ഈടിന്റെ വിശദവിവരങ്ങൾ എന്നിങ്ങനെ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്.  

ജാമ്യം മുഴുവൻ കടത്തിനും വേണമെന്നില്ല

കടമെടുക്കുന്ന തുകക്ക് മുഴുവനായി ജാമ്യം വേണമെന്നില്ല. എല്ലാവരുടെയും സമ്മതപ്രകാരം ജാമ്യത്തിന്റെ വ്യാപ്തി, തുക, സ്വഭാവം എന്നിവ നിശ്ചയിച്ചു അതനുസരിച്ചുള്ള കരാർ തയ്യാറാക്കിയാൽ മതി. അങ്ങനെയെങ്കിൽ ജാമ്യക്കാരന്റെ ഉത്തരവാദിത്തം ആ വിധത്തിൽ നിജപ്പെടുത്തുവാൻ കഴിയും.

ജാമ്യം ഒരു ഇടപാടിന് മാത്രമായി നൽകാം. അപ്പോൾ ജാമ്യക്കാരന്റെ ഉത്തരവാദിത്തം ജാമ്യം നൽകുന്ന സമയത്തു നൽകുന്ന കടത്തിന് മാത്രമാണ്.  പിന്നീട് സ്ഥാപനം ഈ കടം കൂട്ടിക്കൊടുക്കുകയോ, മറ്റൊരു കടം നൽകുകയോ ചെയ്താൽ അതിനൊന്നും ജാമ്യക്കാരൻ ഉത്തരവാദിയല്ല.  

തുടർജാമ്യം

ജാമ്യം ഒന്നിലധികം ഇടപാടുകൾക്ക്‌ ആവാം. ഈ ഇടപാടുകൾ നടക്കുന്നത് ജാമ്യം നൽകിയതിന് ശേഷം പല സമയങ്ങളിലായിട്ടായിരിക്കാം. ഇങ്ങനെ തുടർച്ചയായി നടക്കുന്ന ഇടപാടുകൾക്ക്‌ നൽകുന്ന ജാമ്യത്തിന് തുടർജാമ്യം (Continuing guarantee) എന്ന് പറയും.  ഇങ്ങനെ നൽകുന്ന ജാമ്യം ഏതു സമയത്തു വേണമെങ്കിലും ജാമ്യക്കാരന്, കടം കൊടുക്കുന്നയാളെ രേഖാമൂലം അറിയിച്ചുകൊണ്ട്, നിർത്താം, അല്ലെങ്കിൽ, പിൻവലിക്കാം.  അങ്ങനെ നിർത്തിയാൽ അതിനു ശേഷം നടത്തുന്ന ഇടപാടുകൾക്ക്‌ ജാമ്യക്കാരന് ഉത്തരവാദിത്തമില്ല. എന്നാൽ അതുവരെ നടന്നിരിക്കുന്ന ഇടപാടുകൾക്ക്‌ ഉത്തരവാദിത്തമുണ്ടായിരിക്കും.  ജാമ്യക്കാരന്റെ മരണശേഷം നടക്കുന്ന ഇടപാടുകൾ തുടർ ജാമ്യത്തിന്റെ പരിധിയിൽ വരില്ല.  ഇത്തരം ജാമ്യം നൽകുമ്പോൾ അതിന്റെ വിശദവിവരങ്ങൾ നല്ലപോലെ മനസ്സിലാക്കണം

loan-3-

ജാമ്യക്കാരന്റെ ഉത്തരവാദിത്തങ്ങൾ

ഏതെങ്കിലും കാരണത്താൽ കടമെടുത്തയാളിന്റെ മേൽ എടുത്ത നിയമനടപടികൾ കോടതി തള്ളിയാലും ജ്യാമക്കാരന്റെ ഉത്തരവാദിത്തം നിലനിൽക്കും.  കടമെടുത്തയാൾ മരിച്ചാൽ അയാളുടെ പേരിൽ എടുത്തിരിക്കുന്ന നിയമ നടപടികൾ തുടക്കം മുതൽ തന്നെ അസാധുവാകും (void ab initio). അങ്ങനെ വന്നാലും ജാമ്യക്കാരന്റെ ഉത്തരവാദിത്തത്തിൽ മാറ്റമൊന്നുമില്ല.  

കടമെടുത്തയാളെ കടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിവാക്കിയാലോ, കടം നൽകിയ വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ എന്തെങ്കിലും തെറ്റുമൂലം കടബാധ്യതയിൽ നിന്നും കടമെടുത്തയാൾ നിയമപരമായി മുക്തനാവുകയും ചെയ്താലോ, സ്വാഭാവികമായും ജാമ്യക്കാരനും ഒഴിവാകും.  

കടത്തിന്റെ വ്യവസ്ഥകളിൽ മാറ്റം വന്നാൽ

താൻ ജാമ്യം നൽകിയ കരാർ തന്നെയാണ് മാറ്റമില്ലാതെ നിലനിൽക്കുന്നതെന്ന് മനസ്സിലാക്കേണ്ടത് ജാമ്യക്കാരന്റെ  താല്പര്യവും അവകാശവുമാണ്. എന്നാൽ  ജ്യാമക്കാരന്റെ സമ്മതത്തോടെയല്ലാതെ സ്ഥാപനവും കടമെടുത്തയാളും തമ്മിൽ കരാർ വ്യവസ്ഥകളിൽ എന്തെങ്കിലും മാറ്റം വരുത്തുകയും അങ്ങനെ വരുത്തിയ മാറ്റങ്ങൾ കരാറിന്റെ മൊത്തത്തിലുള്ള സ്വഭാവത്തിനെയോ മുഖ്യ നിബന്ധനകളെയോ കാര്യമായി ബാധിക്കാത്തതാണെങ്കിൽ പോലും ജാമ്യത്തിന്റെ ഉത്തരവാദിത്തം ഇല്ലാതാവുന്നില്ല.   

നിയമ നടപടികൾക്ക് നിബന്ധനകളുണ്ടോ?

കടമെടുത്തയാളിന്റെമേൽ എല്ലാ നിയമനടപടികളും എടുത്തുക്കഴിഞ്ഞു മാത്രമേ ജാമ്യക്കാരനോട് കടം തീർക്കാൻ ആവശ്യപ്പെടാവൂ എന്നില്ല.  കടമെടുത്തയാൾ മുടക്കം വരുത്തിയാൽ കരാർ വ്യവസ്ഥകൾക്ക് വിധേയമായി അയാളോട് കടം തീർക്കാൻ ആവശ്യപ്പെടാം. കടം എടുത്തയാളിന്റെ മേൽ നിയമനടപടികൾ എടുക്കാതെ തന്നെ  ജാമ്യക്കാരന്റെ മേൽ നടപടിയെടുക്കാം. കടമെടുത്തയാളുടെ പേരിലോ ജാമ്യക്കാരന്റെ പേരിലോ  ആദ്യം നടപടിയെടുക്കാം. അല്ലെങ്കിൽ രണ്ടുപേരുടെയും പേരിൽ ഒരുമിച്ചു നടപടികളെടുക്കാം. അതിനാലാണ് കടമെടുത്തയാളിന്റെയും ജാമ്യക്കാരെന്റെയും ബാധ്യത സമവ്യാപ്തമാണ്‌ (coexistensive) എന്ന് പറയുന്നത്. 

ജാമ്യക്കാരന്റെ അവകാശങ്ങൾ

ഏതെങ്കിലും കാരണവശാൽ ജാമ്യക്കാരൻ ജാമ്യവ്യവസ്ഥകൾ അനുസരിച്ചു വായ്പ തിരിച്ചടച്ചാൽ ആ തുക ജാമ്യക്കാരന് നഷ്ടപ്പെടുന്നില്ല.  ജാമ്യത്തുക നൽകി കടം തീർക്കുകയാണെങ്കിൽ, കടമെടുത്തയാൾക്കു ധനകാര്യസ്ഥാപനവുമായി ഈ ഇടപാടിൽ എന്തെല്ലാം അവകാശങ്ങളുണ്ടോ അതെല്ലാം ജാമ്യക്കാരനിൽ വന്നു ചേരും. കടമെടുത്തയാൾ കൊടുത്തിരിക്കുന്ന ഈടെല്ലാം ജാമ്യക്കാരന് ലഭിക്കും. ഈ അവകാശത്തെ സബ്‌റോഗേഷൻ (subrogation) എന്ന് പറയും. ഇങ്ങനെ ലഭിക്കുന്ന ഈടു വസ്തുക്കളുടെ വില, അടച്ചുതീർത്ത കടത്തിനേക്കാൾ കുറവാണെങ്കിൽ ബാക്കി തുകക്ക് ജാമ്യക്കാരന് കടമെടുത്ത ആൾക്കെതിരെ കേസ് കൊടുക്കാവുന്നതാണ്. ഈടു വസ്തുവിന്റെ വില കൂടുതലാണെങ്കിൽ, ജാമ്യക്കാരന്റെ ഈ അവകാശം തീർന്നതായി കണക്കാക്കും.  

sad

ജാമ്യത്തിന്റെ ചരട് നീണ്ടതാണ്

ജാമ്യം സാധാരണരീതിയിൽ വ്യക്ത്യധിഷ്ഠിതമായിരിക്കും. ജാമ്യം നൽകിയ വ്യക്തിയുടെ ഉത്തരവാദിത്തം അയാളുടെ സ്വത്തുക്കളിലും വരുമാനത്തിലുമെല്ലാം നിയമപരമായി ബന്ധിപ്പിച്ചിരിക്കുകയാണ്. അതിനാൽ ജ്യാമം നൽകിയിരിക്കുന്ന കടം തീർക്കാനുള്ള നിയമപരമായ ബാധ്യത ജാമ്യക്കാരന്റെ സ്വത്തുക്കളിന്മേലും  വരുമാനത്തിലും വരുമാനസ്രോതസ്സുകളിന്മേലും ഉണ്ട്. അതുകൊണ്ടാണ് കടമെടുത്തയാൾ  കടം തിരിച്ചടക്കാതിരുന്നാൽ കടം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി ശമ്പളക്കാരനായ ജാമ്യക്കാരന്റെ  ശമ്പളത്തിൽ നിന്ന് തുക പിടിക്കാനും മറ്റുമുള്ള നടപടികൾ ഉണ്ടാകുന്നത്. ശമ്പളക്കാരുടെ ജാമ്യം സ്വീകരിക്കുമ്പോൾ ജാമ്യക്കാരന്റെ  തൊഴിൽ സ്ഥാപനത്തിൽ നിന്നും മാസാമാസം ജാമ്യം നൽകുന്ന തൊഴിലാളിയുടെ ശമ്പളത്തിൽ നിന്നും നിശ്ചിത തുക പിടിച്ചു നല്കികൊള്ളാം എന്ന് രേഖാമൂലം ഉറപ്പു വാങ്ങാറുണ്ട്.  തൊഴിലുടമ ഈ ഉറപ്പു നൽകിയാൽ കടം കൊടുത്ത സ്ഥാപനം ആവശ്യപ്പെടുന്ന പക്ഷം തൊഴിൽ സ്ഥാപനം തുക ശമ്പളത്തിൽ നിന്ന് പിടിച്ചു നൽകും.  

വസ്തു ഈടായി നൽകിയാൽ ജ്യാമമാകുമോ?

മറ്റൊരാളുടെ കടത്തിന് ഈടായി തന്റെ ഭൂമിയോ വീടോ നൽകുന്ന പതിവുണ്ട്. അങ്ങനെ ചെയ്യുമ്പോൾ തന്റെ ഉത്തരവാദിത്തം നൽകുന്ന ഈടിൽ മാത്രം ഒതുങ്ങി നില്കുന്നതാണോ അല്ലയോ എന്ന് മനസ്സിലാക്കണം. നൽകുന്ന ഈടിൽ മാത്രം ഒതുങ്ങുന്നതല്ലെങ്കിൽ കടത്തിന് മുഴുവനും ഉത്തരവാദിത്തമുണ്ടായിരിക്കുകയും നൽകിയ ഈടുകൊണ്ടുതന്നെ കടം തീരുന്ന സാഹചര്യമില്ലെങ്കിൽ കടം നൽകിയ സ്ഥാപനം മറ്റു വസ്തുക്കളിന്മേലും വരുമാനത്തിലും വരുമാനസ്രോതസ്സുകളിലും നടപടികൾ എടുക്കുകയും ചെയ്യുമെന്നറിയുക.

ലേഖകൻ ഫെഡറൽ ബാങ്കിന്റെ (റിട്ട) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ് 

English Summary: Know These Things Before Giving Bank Loan Guarantee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com